DCBOOKS
Malayalam News Literature Website

ബാലാമണിയമ്മയുടെ ജന്മവാർഷികദിനം ഇന്ന്; ആദരമർപ്പിച്ച് ഗൂഗിൾ

മലയാള സാഹിത്യത്തിലെ പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ 113-ാമത് ജന്മവാർഷികദിനമാണ് ഇന്ന്.  മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മയ്ക്ക് ആദരമർപ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. മലയാളിയായ ദേവിക രാമചന്ദ്രന്‍ വരച്ച മനോഹരമായ ഇലസ്‌ട്രേഷനിലൂടെയാണ് ഗൂഗിള്‍ ബാലാമണിയമ്മയെ ഓര്‍ത്തെടുത്തത്. തറവാട് വീടിന്റെ ഉമ്മറത്ത് വരാന്തയില്‍ ഇരുന്ന് എഴുതുന്ന ബാലാമണിയമ്മയാണ് ഗ്രാഫിക് ചിത്രത്തിലുള്ളത്.

ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ 1909 ജൂലൈ 19നായിരുന്നു ബാലാമണിയമ്മയുടെ ജനനം. കവിയായ നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാര്‍ഗ്ഗദര്‍ശകമായി. 1928-ല്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി മകളാണ്.

ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ ‘കൂപ്പുകൈ’ഇറങ്ങുന്നത് 1930-ലാണ്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനില്‍നിന്ന് 1947-ല്‍ ‘സാഹിത്യനിപുണ’ബഹുമതി നേടി. ബാലാമണിയമ്മയുടെ ‘മഴുവിന്റെ കഥ’ എന്ന കവിത ഏറെ ശ്രദ്ധേയമാണ്. പുരാണ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും സ്വന്തമായി ഒരു വ്യാഖ്യാനം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞു. നാടകീയ സ്വഗതാഖ്യാന രൂപത്തില്‍ രചിച്ചിട്ടുള്ള ഈ കവിതയില്‍ പരശുരാമന്റെ മനോവികാരങ്ങളാണ് ചിത്രീകരിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലവും കേരളത്തിന്റെ വര്‍ത്തമാനകാല അവസ്ഥയും എല്ലാം ഈ കവിതയില്‍ പരശുരാമന്റെ മനസ്സിലൂടെ കവയിത്രി കാട്ടിത്തരുന്നു. ലളിതവും പ്രസന്നവുമായ ശൈലിയില്‍ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകള്‍. മാതൃത്വവും നിഷ്‌കളങ്കമായ ശൈശവഭാവവും അവയില്‍ മുന്നിട്ടുനിന്നു.

അമ്മ, കുടുംബിനി, സ്ത്രീഹൃദയം, കളിക്കൊട്ട, പ്രണാമം, സോപാനം, മുത്തശ്ശി, അമൃതംഗമയ, നിവേദ്യം, മാതൃഹൃദയം, കളങ്കമറ്റ കൈ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2004 സെപ്റ്റംബര്‍ 29-നായിരുന്നു ബാലാമണിയമ്മയുടെ അന്ത്യം.

 

 

Comments are closed.