ഇന്ത്യയുടെ ആദ്യ വനിതാ ഡോക്ടര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
ഇന്ത്യയുടെ ആദ്യ വനിതാ ഡോക്ടര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം. പാശ്ചാത്യ വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യത്തെ രണ്ട് ഇന്ത്യന്‍ വനിതകളില്‍ ഒരാളായ ആനന്ദിബായ് ജോഷിക്ക് (ആനന്ദി ഗോപാല്‍ ജോഷി) അവരുടെ 153-ാം പിറന്നാള്‍ ദിനത്തില്‍ ആദരം അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ബിരുദ സര്‍ട്ടിഫിക്കറ്റ് കൈയില്‍ പിടിച്ചുനില്‍ക്കുന്ന രീതിയിലാണ് ഡൂഡിലൊരുക്കിയിരിക്കുന്നത്. ജീവന്റെ നിറമായ പച്ച ചുറ്റിനില്‍ക്കുന്ന ആനന്ദിബായി കഴുത്തില്‍ മാലപോലെ സ്‌റ്റെഥസ്‌കോപ്പും അണിഞ്ഞിട്ടുണ്ട്.
ആനന്ദിബായി ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു. സ്ത്രീകള്‍ക്ക് വീടിനു പുറത്തേയ്ക്കു പോലും സഞ്ചരിക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് കടല്‍ കടന്നുപോയി വിദ്യാഭ്യാസം ചെയ്ത വനിതയെന്ന ബഹുമതിക്ക് അര്‍ഹയാണ് ആനന്ദിബായി.പൂനയിലെ സമ്പന്ന യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ആനന്ദിബായിയുടെ ജനനം. യമുന എന്നായിരുന്നു ആദ്യത്തെ പേര്. ഒമ്പതാം വയസില്‍ തന്നേക്കാള്‍ 20 വയസിനു മൂപ്പുള്ള ഗോപാല്‍ റാവുവിനെ ആനന്ദിബായിക്കു വിവാഹം ചെയ്യേണ്ടിവന്നു. തപാല്‍ വകുപ്പില്‍ ഗുമസ്തനായിരുന്ന ഗോപാല്‍ റാവുവാണ് യമുനയുടെ പേര് ആനന്ദിബായ് എന്നു മാറ്റിയത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചിരുന്ന ആളായിരുന്നു ഗോപാല്‍ റാവു. അദ്ദേഹം ആനന്ദിബായിയെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുവാന്‍ സഹായിച്ചു.
ആനന്ദിബായിയുടെ 14-ാം വയസില്‍ മകന്‍ ജനിച്ചു. എന്നാല്‍, വൈദ്യ സഹായം ലഭിക്കാതിരുന്നതിനാല്‍ 10 ദിവസം മാത്രമേ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ. ഈ സംഭവം അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.കത്തുകള്‍ വഴി പരിചയപ്പെട്ട, ന്യൂ ജഴ്‌സിയിലെ തിയോഡിക്ക കാര്‍പെന്റര്‍ എന്ന സ്ത്രീയുടെ സഹായത്തോടെ, വൈസ്രോയിയടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ സാമ്പത്തിക സഹായവുമായി 1883 ജൂണില്‍ അവര്‍ ന്യൂയോര്‍ക്കില്‍ കപ്പലിറങ്ങി. വിമന്‍സ് മെഡിക്കല്‍ കോളജ് ഓഫ് പെന്‍സില്‍വാനിയയില്‍ എന്റോള്‍ ചെയ്തു. 1886മാര്‍ച്ച് 11ന് എംഡി ബിരുദം നേടി. ഇന്ത്യയില്‍ മടങ്ങി എത്തിയ ആനന്ദി പിന്നീട് കോലാപ്പൂര്‍ നാട്ടു രാജ്യത്ത് ആല്‍ബര്‍ട്ട് എഡ്വേര്‍ഡ് ആശുപത്രിയില്‍ നിയമിതയായി. എന്നാല്‍ 1887 ഫെബ്രുവരി 26ന് 21-ാം വയസില്‍ ആനന്ദി നിര്യാതയായി.
Comments are closed.