ബാബാ ആംതേയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
സാമൂഹ്യപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാര ജേതാവുമായ ബാബാ ആംതേയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. ബാബാ ആംതെയുടെ 104-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ നിരവധി സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കിയ അവതരണത്തിലൂടെയാണ് ഗൂഡിള്‍ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്.
1914-ല്‍ മഹാരാഷ്ട്രയിലെ വാര്‍ധയിലായിരുന്നു ബാബാ ആംതെയുടെ ജനനം. മുരളീധര്‍ ദേവീദാസ് ആംതെ എന്നായിരുന്നു യഥാര്‍ത്ഥനാമം. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പില്‍ക്കാലത്ത് രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാഭാവെ എന്നിവരോടൊപ്പം ചേര്‍ന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു.
ആംതെ സ്ഥാപിച്ച ‘ആനന്ദവന്‍’ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവര്‍ത്തക്ക് മാതൃകയും പ്രചോദനവുമാണ്. ‘വിദര്‍ഗ’ എന്ന സ്ഥലത്ത് ‘ആനന്ദവന്‍’ എന്ന പേരില്‍ ഒരു ചെറിയ കുടില്‍ കെട്ടി അതില്‍ ആറ് കുഷ്ഠരോഗികളെ പാര്‍പ്പിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ഇന്ന് ഇത് 450 ഏക്കര്‍ വിസ്തൃതിയുള്ള ഒരു പുനരധിവാസകേന്ദ്രമായി വളര്‍ന്നിട്ടുണ്ട്.
പത്മശ്രീ, കൃഷിരത്‌ന, ദാമിയന്‍ ദത്തന്‍ അവാര്‍ഡ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ അവാര്‍ഡ്, റമണ്‍ മാഗ്‌സസെ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ആംതേയ്ക്ക് ലഭിച്ചിട്ടുണ്ട്. 1999 നവംബറില്‍ അദ്ദേഹത്തിനു ഗാന്ധി സമാധാന സമ്മാനം ലഭിച്ചു. 2008 ഫെബ്രുവരി 9ന് അദ്ദേഹം അന്തരിച്ചു.
Comments are closed.