DCBOOKS
Malayalam News Literature Website

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അന്തരിച്ചു

പനാജി: ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന ബി.ജെ.പി നേതാവ് മനോഹര്‍ പരീഖര്‍ (63) അന്തരിച്ചു. പാന്‍ക്രിയാസിലെ അര്‍ബുദരോഗബാധയെത്തുടര്‍ന്ന് 2018 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് പനാജിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 2014 മുതല്‍ 2017 വരെ കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം ഗോവയില്‍ നാല് തവണ മുഖ്യമന്ത്രിയായിട്ടുണ്ട്.

ഗോവയിലെ മാപുസയില്‍ 1955 മുഡിസംബര്‍ 13-ന് ജനിച്ച മനോഹര്‍ പരീഖര്‍ ആര്‍.എസ്.എസിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തുന്നത്. മുംബൈ ഐ.ഐ.ടിയില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം 1994-ല്‍ ബിജെപിയുടെ നിയമസഭാംഗമായി. 2000-ല്‍ സംസ്ഥാനത്ത് ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയതോടെ ആ വര്‍ഷം ഒക്ടോബര്‍ 24 മുതല്‍ 2002 ഫെബ്രുവരി 27 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. തുടര്‍ന്നും പരീഖറായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത്.

2007-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവായി. 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40-ല്‍ 24 സീറ്റും നേടി വീണ്ടും മുഖ്യമന്ത്രിയായി. 2014 മാര്‍ച്ച് നവംബര്‍ ഒമ്പത് മുതല്‍ 2017 മാര്‍ച്ച് 13 വരെ കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയായി. ഈ കാലയളവിലാണ് ഇന്ത്യ-പാക് അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയത്. 2017-ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു.

പരേതയായ മേധയാണ് ഭാര്യ. ഉത്പല്‍, അഭിജിത്ത് എന്നിവര്‍ മക്കളാണ്. മനോഹര്‍ പരീഖറിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Comments are closed.