ജിം കോര്‍ബെറ്റ്: കടുവകളെ സ്നേഹിച്ച വേട്ടക്കാരന്!
നരഭോജികളായ കടുവകളെയും പുലികളെയും വേട്ടയാടുന്ന നായാട്ടുകാരനിൽ നിന്ന് വന്യജീവി സംരക്ഷകനായി മാറിയ ജിം കോർബെറ്റിന്റെ ജന്മദിനമാണ് ജൂലൈ 25.
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോകപ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്നു ജിം കോര്‍ബെറ്റ്. ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചത്. ചമ്പാവതിയിലെ നരഭോജിയായ കടുവയെക്കൊന്ന് തന്റെ വേട്ടജീവിതം ആരംഭിച്ച ജിം കോര്‍ബറ്റ് തുടര്‍ന്ന് ഒരു ഡസനോളം നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും വെടിവെച്ചുകൊന്നിട്ടുണ്ട്. ഈ മൃഗങ്ങള്‍ വകവരുത്തിയവര്‍ 1500-ല്‍ ഏറെയായിരുന്നു. കറതീര്‍ന്ന വേട്ടക്കാരന് എന്ന നിലയില്‍ അറിയപ്പെടുമ്പോഴും ജിം കോര്‍ബെറ്റ് എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹത്തെയും എല്ലാവരും തിരിച്ചറിഞ്ഞിരുന്നു.
1875 ജൂലൈ 25ന് കുമയൂണിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിലായിരുന്നു ജിം കോര്‍ബെറ്റിന്റെ ജനനം. ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തില്‍ കേണല്‍ റാങ്കുണ്ടായിരുന്ന ജിമ്മിന്റെ സര്‍ക്കാര്‍ ഇടക്കിടയ്ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പില്ക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടൊഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനുമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1955-ല്‍ കെനിയയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ഉത്തരാഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് ദേശീയോദ്യാനത്തിന് ആ പേരു നല്‍കിയത് ജിം കോര്‍ബറ്റിന്റെ സ്മരണാര്‍ഥമാണ്.
നരഭോജികളായ കടുവകളുമായി ഏറ്റുമുട്ടിയതിന്റെ ആവേശജനകമായ അനുഭവക്കുറിപ്പുകളാണ് ജിംകോർബെറ്റിന്റെ പുസ്തകങ്ങൾ. ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും, കുമയോണിലെ നരഭോജികള്‍ , രുദ്രപ്രയാഗിലെ നരഭോജി തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യരുടെ ജീവന് ഭീഷണിയായിരുന്ന കടുവകളെ വെടിവെച്ചുകൊന്നിരുന്നു എങ്കിലും കടുവകളെ കോർബറ്റിനു വളരെ ബഹുമാനമായിരുന്നു. തന്റെ പുസ്തകത്തിൽ അദ്ദേഹം കടുവകളെ വിശേഷിപ്പിച്ചത്, ‘അസാമാന്യ ധൈര്യമുള്ള, വിശാലഹൃദയരായ മാന്യർ’ എന്നാണ്.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ജിം കോര്‍ബെറ്റിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.