DCBOOKS
Malayalam News Literature Website

ആഗോള കടവും സമ്പദ്‌വ്യവസ്ഥയും

വിദ്യാഭ്യാസാവശ്യങ്ങള്‍ക്കും വീടുനിര്‍മ്മാണത്തിനും കല്യാണാവശ്യങ്ങള്‍ക്കും കടമെടുത്ത് ആത്മാഹുതിചെയ്യുന്ന മദ്ധ്യവര്‍ഗ്ഗ മനുഷ്യരുടെ ദൈന്യതകളാണു നാം ചര്‍ച്ചചെയ്യാറുള്ളത്. ലോണ്‍ അഥവാ കടം എന്നത് ഒരു ഓമനപ്പേരാണ്. ഭൂരിപക്ഷം ജനത്തെയും സംബന്ധിച്ച് അതൊരു മരണക്കെണിയാണ്! എന്താണ് ലോണ്‍ അല്ലെങ്കില്‍ കട സമ്പദ്‌വ്യവസ്ഥയുടെ കാതല്‍? എന്താണ് കട സമ്പദ്‌വ്യവസ്ഥയുടെ പ്രത്യയശാസ്ത്രം? കട സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രക്രിയയെ നാം എങ്ങനെയാണ് സമീപിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇടതുപക്ഷത്തിനുപോലും ശരിയായ ധാരണയിലെത്തിച്ചേരാനായിട്ടില്ല.

അപൂര്‍വ്വം ചില വാര്‍ത്തകള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുകയും വ്യാകുലപ്പെടുത്തുകയും ചെയ്യാറുണ്ട്. അതിലൊന്നാണ് കുറച്ചു മാസം മുന്‍പ് കേരളത്തിലെ മാധ്യമരംഗത്ത് നിറഞ്ഞു നിന്ന ഒരു വാര്‍ത്ത: ഒരമ്മയും മകളും ദേശസാല്‍കൃത ബാങ്കില്‍നിന്നെടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യ ചെയ്തു എന്നായിരുന്നു അത്. അതേപോലെ മറ്റൊരു വാര്‍ത്തയും നമ്മുടെ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. വായ്പയെടുക്കാന്‍ ജാമ്യം നിന്ന പ്രീതഷാജി എന്ന യുവതിയുടെ സ്വത്തുവകകള്‍ ഏറ്റെടുക്കാന്‍ ബാങ്ക് ശ്രമിച്ചതും അതിനെത്തുടര്‍ന്ന് അവര്‍ നടത്തിയ ചെറുത്തുനില്പും അതിനോട് ഒരു ജനത നടത്തിയ ഐകദാര്‍ഢ്യവും. ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ട സംഭവത്തില്‍, നിര്‍ബന്ധിത വായ്പ തിരിച്ചടവിനോടൊപ്പം ഗാര്‍ഹിക പീഡനത്തിന്റെയും ദുര്‍മന്ത്രവാദത്തിന്റെയും ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട കുടുംബ പശ്ചാത്തലവുമെല്ലാം ചേര്‍ത്ത് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ച്, ബാങ്കിനെയും സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെയും ചൂണ്ടിക്കാട്ടിയാണ് നമ്മുടെ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചചെയ്തത്. സാമൂഹികപ്രശ്‌നങ്ങളില്‍ നമ്മുടെ മാധ്യമങ്ങളും ചാനല്‍ചര്‍ച്ചക്കാരും ബോധപൂര്‍വ്വമോ ബോധമില്ലാതെയോ നടത്തുന്ന വക്രീകരണം യഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കാനേ ഉതകൂ എന്ന് ചൂണ്ടിക്കാണിക്കാനും നമ്മുടെ സാമൂഹികസാമ്പത്തിക വ്യവസ്ഥയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കടം എന്ന നിയോലിബറല്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന രൂപത്തിന്റെ ശാസ്ത്ര-രാഷ്ട്രീയ വിവക്ഷകളെ വിശകലനം ചെയ്യാനുമാണ് ഈ ലേഖനം ശ്രമിക്കുന്നത്.

അമാനവീകരണത്തെ അമൂര്‍ത്തമായി കുറിക്കുന്ന പേരാണ് കടം. കടംപേറി ആത്മാഹുതിചെയ്യുന്ന കര്‍ഷകരുടെ വാര്‍ത്തകളാണ് കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങളായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ലോണ്‍ എടുത്തശേഷം കൃഷിനാശത്തെയും കാര്‍ഷികവിളവുകള്‍ക്കു മതിയായ വില കിട്ടാത്ത സാഹചര്യത്തെയും തുടര്‍ന്ന് ആത്മഹത്യചെയ്യുന്ന ലക്ഷക്കണക്കിന് കര്‍ഷകരുടെ നാടാണ് നമ്മുടെ രാജ്യം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് ഇറങ്ങുന്നവരും അതൊന്നും ചെവിക്കൊള്ളാത്ത ഭരണവര്‍ഗ്ഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇടയ്ക്കിടയ്ക്ക് കാര്‍ഷിക കലാപങ്ങളായും രൂപം പ്രാപിക്കാറുണ്ട്. ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും പ്രകടനപത്രികകളില്‍പോലും കര്‍ഷകരെ പ്രലോഭിപ്പിച്ചു വോട്ട് നേടി ജയിക്കാനുള്ള അടവുകള്‍ പയറ്റിയതും നാം കണ്ടു. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കും വീടുനിര്‍മ്മാണത്തിനും കല്യാണാവശ്യങ്ങള്‍ക്കും കടമെടുത്ത് ആത്മാഹുതിചെയ്യുന്ന മദ്ധ്യവര്‍ഗ്ഗ മനുഷ്യരുടെ ദൈന്യതകളാണു നാം ചര്‍ച്ച ചെയ്യാറുള്ളത്. ലോണ്‍ അഥവാ കടം എന്നത് ഒരു ഓമനപ്പേരാണ്. ഭൂരിപക്ഷം ജനത്തെയും സംബന്ധിച്ച് അതൊരു മരണക്കെണിയാണ്! എന്താണ് ലോണ്‍ അല്ലെങ്കില്‍ കട സമ്പദ്‌വ്യവസ്ഥയുടെ കാതല്‍? എന്താണ് കട സമ്പദ്‌വ്യവസ്ഥയുടെ പ്രത്യയശാസ്ത്രം? കട സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പ്രക്രിയയെ നാം എങ്ങനെയാണ് സമീപിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇടതുപക്ഷത്തിനുപോലും ശരിയായ ധാരണയിലെത്തിച്ചേരാനായിട്ടില്ല. മാര്‍ക്‌സിസത്തെ ആഗോളകമായും മൗലികമായും വികസിപ്പിക്കുന്ന മുറയ്‌ക്കേ അത്തരത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളും നടക്കൂ. എങ്കിലും, ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവര്‍ക്ക് അത്തരത്തിലുള്ള ഒരന്വേഷണപദ്ധതി ഇല്ലാതെ മുന്നോട്ടു പോകാനാവില്ല എന്ന ചിന്തയില്‍നിന്നുകൂടിയാണ് കട സമ്പദ്‌വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ വിശകലനത്തിന് ചെറുതായെങ്കിലും ഇവിടെ തുനിയുന്നത്.

നിയോ ലിബറലിസം എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന മുതലാളിത്തത്തിന്റെ പുതിയ ചരിത്രഘട്ടം 1980 കളോടുകൂടിത്തന്നെ നിലവില്‍ വന്നതായി ഡേവിഡ് ഹാര്‍വി എന്ന സാമൂഹികശാസ്ത്രജ്ഞന്‍ അദ്ദേഹത്തിന്റെ നിയോലിബറലിസത്തെക്കുറിച്ചുള്ള പഠനഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും, അദ്ദേഹം കട സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വിശകലനങ്ങള്‍ക്ക് അധികം പ്രാധാന്യം നല്‍കുന്നതായി കാണുന്നില്ല. കട സാമ്പത്തിക (Debt economy) വ്യവസ്ഥ എങ്ങനെ നമ്മുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രക്രിയയില്‍ നിര്‍ണ്ണായകമായി സ്വാധീനം ചെലുത്തുന്നുവെന്നതും വ്യക്തിസത്തയെ സമ്പൂര്‍ണ്ണമായി ‘കട’ത്തിലൂടെ കീഴ്‌പ്പെടുത്തുന്നുവെന്നതും കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കേണ്ടതാണ്. 2008-ല്‍ അമേരിക്കയില്‍ ആരംഭിച്ച ലോകം മുഴുവന്‍ വ്യാപിച്ച ‘Sub Prime Crisis’ എന്നറിയപ്പെട്ട സാമ്പത്തികകാര്യത്തിന്റെ അച്ചുതണ്ട് ‘കട’ത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും അതേത്തുടര്‍ന്ന് അമേരിക്കന്‍ ബാങ്കുകളാകെ കുത്തുപാളയെടുക്കുന്ന അവസ്ഥയുമായിരുന്നല്ലോ! ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ‘ചരിത്രം അവസാനിച്ചു’വെന്ന് ഫുക്കുയാമയും ‘സംസ്‌കാരങ്ങളുടെ ഏറ്റുമുട്ട’ലുകളാണ് ലോകത്തെ ഭരിക്കാന്‍ പോകുന്നതെന്ന് ഹണ്‍ട്ടിങ്ട്ടണും നിര്‍വ്വചിച്ചു. ഈ വിശകലനങ്ങളും പ്രവചനങ്ങളും ചരിത്രത്തെ വളച്ചൊടിക്കലാണെന്നും നിയോലിബറലിസം ഒരു പുതിയ നിയോലിബറല്‍ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു എന്നും ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റായ ലെസ്സറാട്ടോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ലോകത്തുള്ള സമ്പത്ത് മുഴുവന്‍ ഒരുശതമാനംവരുന്ന ചെറുന്യൂനപക്ഷം കൈയ്യടക്കിവച്ചിരിക്കുന്നുവെന്ന മുദ്രാവാക്യമാണ് Occupy Wall Street സമരത്തിലുയര്‍ന്നത്. അതിന്റെ സാരഥിയായ ഡേവിഡ് ഗ്രെയിബര്‍ കടമാണ് മുതലാളിത്തത്തിന്റെ ചാലകശക്തിയായി നിലകൊണ്ടതെന്ന് തന്റെ പഠനങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്ര – രാഷ്ട്രീയത്തെ അദ്ദേഹം നിശിതമായി വിശകലനത്തിനു വിധേയമാക്കുകയും ‘കടം’ എല്ലാ മുതലാളിത്ത പൂര്‍വ്വ സമൂഹങ്ങളിലും അടിമകളെ സൃഷ്ടിക്കുന്നതിനു കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. നിയോലിബറല്‍ മനുഷ്യന്റെ സ്വത്വംതന്നെ ‘കട’ത്താല്‍ നിയന്ത്രിക്കപ്പെടുന്നുവെന്നതാണ് ലെസ്സറാട്ടോവിന്റെ നിരീക്ഷണം.

ആഗോള സമ്പദ്‌വ്യവസ്ഥ

ഉത്പാദനത്തെ അടിസ്ഥാനമാക്കി ലാഭംകൊയ്യുക എന്നത് നിയോലിബറല്‍ കാലത്തെ മുതലാളിത്തം കൈയൊഴിഞ്ഞിരിക്കുന്നു. മറിച്ച് ‘കട’ത്തെ ലാക്കാക്കിയുള്ള ആഗോള കട സമ്പദ്‌വ്യവസ്ഥ നിലവില്‍ വന്നിരിക്കുന്നു. ഇന്നും ഇടതുപക്ഷം പ്രത്യയശാസ്ത്ര-രാഷ്ട്രീയ നിലപാടുകള്‍ പുതുക്കുന്നതിനോ പുതിയ അന്വേഷണങ്ങള്‍ക്കോ തടസ്സം നില്‍ക്കുന്നത് പുതിയ പ്രയോഗങ്ങളുടെ സാധ്യതയെ അടച്ചുകളയുന്നു. യഥാര്‍ത്ഥത്തില്‍, മുതലാളിത്തത്തിന്റെ പുതിയ ചരിത്രഘട്ടമായ നിയോലിബറല്‍ സമ്പദ്‌വ്യവസ്ഥയെ കൃത്യതയോടെ വിശകലനം ചെയ്യാനുള്ള ശ്രമം നടത്തുന്നതില്‍വന്ന പാകപ്പിഴവുകളാണ് ഇതു വ്യക്തമാക്കുന്നത്. നിയോലിബറല്‍ വ്യവസ്ഥ എന്നത് ആഗോള കട സമ്പദ്‌വ്യവസ്ഥയുടെതന്നെ മറ്റൊരു പേരാണ്. പലിശ (Interest) എന്ന ലളിതവും കുടിലവുമായ തന്ത്രത്തിലൂടെ പൊതുജനങ്ങളില്‍നിന്നും കച്ചവടത്തില്‍നിന്നും ക്ഷേമാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍നിന്നുമായി സാമൂഹികോത്പാദനം വ്യാപകമായി ഊറ്റിയെടുക്കുകയും അത് കട മുതലാളിമാരി(Creditors)ലേക്ക് എത്തിക്കപ്പെടുകയും ചെയ്യുന്നതാണ് പ്രാഥമികമായി ഇതിലൂടെ സംഭവിക്കുന്നത്. സാമൂഹികമായ ഉത്പാദനപ്രക്രിയയെ നിയന്ത്രിക്കുകയും ചൂഷണം ചെയ്യുകയുമാണ് അടിസ്ഥാനപരമായി ഈ പ്രക്രിയയുടെ അനന്തരഫലം. മുതലാളിത്തത്തിന്റെ നിയാമക ശക്തിയായി കട സമ്പദ്‌വ്യവസ്ഥ മാറ്റപ്പെടുന്നതിലൂടെ, കടത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന കൊള്ളയുടെയും ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും പുതിയ ശക്തിബന്ധങ്ങളാണ് സമ്പദ്‌വ്യവസ്ഥയില്‍ ഉരുത്തിരിയുന്നത്. ആധുനിക മുതലാളിത്തത്തിലെ അലകും പിടിയുമായ ‘ഊഹക്കച്ചവട’ത്തില്‍ വാടക (rent) എങ്ങനെയാണ് ലാഭ (Profit) മായി മാറ്റപ്പെടുന്നതെന്ന് മൂലധനത്തിന്റെ മൂന്നാം വാല്യത്തില്‍ മാര്‍ക്‌സ് നിരീക്ഷിക്കുന്നുണ്ട്. നിയോലിബറലിസത്തില്‍ ആ പ്രക്രിയ പൂര്‍ണ്ണമാക്കപ്പെടുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്.

പഴയ മുതലാളി പുതിയ മുതലിന്റെ മാനേജര്‍ മാത്രമായി ചുരുങ്ങുകയും പുതിയ മുതലാളിമാര്‍ വാടകയുടെ (rent) തീര്‍പ്പുകാരായി മാറ്റപ്പെടുകയും ചെയ്യുന്ന സവിശേഷമായ സാമ്പത്തിക പ്രക്രിയയുടെ വിശദീകരണം മൂലധനത്തിന്റെ മൂന്നാം വാല്യത്തില്‍ മാര്‍ക്‌സ് നല്‍കുന്നുണ്ട്. തീര്‍ച്ചയായും ഉത്പാദനത്തെ(Production)യും ധനമൂലധനത്തെ (Finance)യും രണ്ട് അറകളിലാക്കി വേര്‍തിരിച്ചു കാണാനാവില്ല. ധന മൂലധനവും വ്യവസായവും സര്‍വ്വീസ് മേഖലയും എത്ര പാരസ്പര്യത്തോടുകൂടിയാണ് ഇണങ്ങിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ക്രിസ്റ്റിയന്‍ മറാസ്സി തന്റെ ‘ദ വയലന്‍സ് ഓഫ് ഫിനാന്‍ഷ്യല്‍ ക്യാപിറ്റലിസം’ എന്ന പുസ്തകത്തില്‍ വ്യക്തമായി പരിശോധിക്കുന്നുണ്ട്. നവലിബറല്‍ വ്യവസ്ഥയെ ധനമൂലധനവ്യവസ്ഥയെന്ന നിലയില്‍ കട മുതലാളി (Creditor) കടക്കാരന്‍/കടക്കാരി (debtor) ബന്ധത്തെ ന്യൂനീകരിച്ചു കാണുന്നത് അങ്ങേയറ്റം തെറ്റാവും. നവലിബറലിസത്തിന്റെ രാഷ്ട്രീയ നിലനില്പ് സാധ്യമാക്കുന്നത് ധനബാങ്കിങ്ങിലൂടെ നിലവില്‍വരുന്ന കട മുതലാളി-കടക്കാരി ബന്ധമാണെങ്കിലും സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കി അധികാരബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതിലൂടെ മാത്രമേ ഈ വ്യവസ്ഥയ്ക്ക് നിലനിന്നുപോകാന്‍ സാധ്യതയുള്ളൂ. അതുകൊണ്ടുതന്നെ, എല്ലാ സാമൂഹികബന്ധങ്ങളെയും സ്വകാര്യസ്വത്തിന്റെ ഉടമാവകാശങ്ങള്‍ കയ്യാളുന്നവരും അതല്ലാത്തവരും തമ്മിലുള്ള ബന്ധമെന്ന് വ്യവച്ഛേദിക്കുന്ന ഒരു വ്യവസ്ഥയെന്ന നിലയിലും നവലിബറലിസത്തെ സങ്കല്പിക്കാം. സാമൂഹിക ബന്ധങ്ങളെല്ലാംതന്നെ കടത്തിന്റെ, പലിശയുടെ നിയമങ്ങള്‍ക്കകത്ത് കരുക്കിയിടുന്ന സവിശേഷമായ ഒരു രീതി നവലിബറല്‍ (Neoliberal) വ്യവസ്ഥയ്ക്ക് കീഴില്‍ നിലവില്‍ വരുന്നു എന്ന് കാണാം. നവലിബറല്‍ കാലത്ത് കടം പണമായും പണം (സാമ്പത്തികശാസ്ത്രത്തിന്റെ നിര്‍വ്വചനങ്ങള്‍ക്കപ്പുറത്ത്) സ്വകാ
ര്യസ്വത്തായും അത് സാമൂഹികബന്ധങ്ങളെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്ര-രാഷ്ട്രീയ ആയുധമായും പ്രവര്‍ത്തിക്കുന്നുവെന്ന് ആന്‍ഡ്രെ ഓര്‍ലിന്‍ എന്ന ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞന്‍ ഓര്‍മ്മപ്പെടുത്തുന്നു. കട മുതലാളിയുടെയും കടക്കാരുടെയും സാമൂഹികബന്ധങ്ങളെ സവിശേഷമായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുന്ന ഉത്പാദന പ്രക്രിയ ഉത്പാദകരെയും തൊഴിലെടുക്കുന്നവരും തൊഴിലില്ലാത്ത സാമാന്യജനതയെയും മൂലധനത്തിന്റെ അടിമകളാക്കി മാറ്റുന്നു. ഇതിലൂടെ ‘നവലിബറല്‍ മനുഷ്യന്‍’ സൃഷ്ടിക്കപ്പെടുന്നു. മറ്റെല്ലാ ബന്ധങ്ങളെയും മുതലാളി/തൊഴിലാളി, ക്ഷേമപ്രവര്‍ത്തനങ്ങള്‍/അതിന്റെ ഗുണഭോക്താക്കള്‍, ഉത്പാദകര്‍/ഉപഭോഗം ചെയ്യുന്നവര്‍-എല്ലാംതന്നെ കടത്തിനടിമപ്പെടുന്നവര്‍ എന്ന സ്വാഭാവികത പരിണതിയായ സ്വയം തരംതാഴ്ത്തുന്നു. അനിയന്ത്രിതമായ പൊതുക്കടം (Public Debt) അസമത്വത്തെ ഉന്നതിയിലെത്തിക്കുകയും അത് വര്‍ഗ്ഗപരമായ അസമത്വത്തെ ഗണ്യമായി കൂട്ടുകയും ചെയ്യുന്നുവെന്ന് ഇടതുപക്ഷമെന്നു നടിക്കുന്ന തോമസ് ഐസക്കുമാര്‍ മറച്ചുവെക്കുന്നു. കിഫ്ബിയില്‍നിന്ന് കടമെടുത്ത് നാളെ ജാലവിദ്യകാണിക്കാം എന്നു പറയുന്ന നമ്മുടെ ധനമന്ത്രി നിലവിലുള്ള കേരളത്തിന്റെ 1,75000 കോടിക്ക് പുറമേ 50,000 കോടി കൂടി കടമെടുത്ത് അത് 2,25000 കോടിയായി ഉയര്‍ത്തുകയാണു ചെയ്തത്. മാത്രമല്ല ധന മൂലധനത്തിന്റെ വക്താവെന്ന നിലയില്‍ കേരളത്തിലെ സാമാന്യ ജനതയുടെ സ്വപ്നങ്ങളെപ്പോലും കരിച്ചുകളയുന്ന മായാജാലക്കാരനാണ് താനെന്ന് അദ്ദേഹം അനതിവിദൂരഭാവിയില്‍ തെളിയിക്കും. പൊതുകടം അസമത്വത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുമ്പോള്‍ സ്വകാര്യകടം കടക്കാരി കട മുതലാളി എന്ന ബന്ധത്തിനപ്പുറം മറ്റൊന്നുംതന്നെ അവശേഷിപ്പിക്കുന്നില്ല. തൊഴിലാളി, ഉപഭോക്താവ്, തൊഴിലില്ലാത്തവര്‍, ഉത്പാദകര്‍ എന്നതിനപ്പുറം എല്ലാ കടക്കാരും സമ്പത്തിനുമുന്‍പില്‍ പാപികളും അടിമകളുമാക്കപ്പെടുന്ന നിസ്സഹായാവസ്ഥ നിയോലിബറിലിസത്തിന്റെ മുഖമുദ്രയാവുന്നു.

വര്‍ദ്ധിച്ചുവരുന്ന പൊതുക്കടം നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെതന്നെ അടിക്കല്ലിളക്കാന്‍ പര്യാപ്തമാണ്. അസന്തുലിതമായി വളരുന്ന അസമത്വം, കഴിഞ്ഞകാലങ്ങളില്‍ തൊഴിലാളിവര്‍ഗ്ഗം അതിന്റെ നീണ്ടകാല സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെയെല്ലാം തകര്‍ത്തു തരിപ്പണമാക്കും. അത് ഭാവിസമൂഹത്തിന്റെ നിലനില്പിനെത്തന്നെ അപകടത്തിലാക്കുന്ന പുതിയ ആഗോളസമ്പദ്‌വ്യവസ്ഥയായി പതിയെ രൂപപ്പെട്ടുവരികയാണ്. ഇതിന്റെയൊക്കെ ഫലമായി കട സമ്പദ്‌വ്യവസ്ഥയുടെ ഉപോത്പന്നമെന്ന നിലയില്‍’കടക്കാരനായ മനുഷ്യന്‍’ Indebted man എന്ന തിരിച്ചറിവും നമ്മുടെ പൊതുബോധത്തിന്റെ അവശ്യഭാഗമായ പ്രത്യയശാസ്ത്രബോധവും നിര്‍മ്മിച്ചെടുക്കാന്‍ നിയോലിബറല്‍ വ്യവസ്ഥയ്ക്കായിട്ടുണ്ട് എന്ന് പല സാമൂഹികശാസ്ത്രജ്ഞരും ഇന്നു സമ്മതിച്ചിട്ടുണ്ട്.

അവനവനുവേണ്ടി, അവനവനാല്‍, അവനവന്‍തന്നെ (‘Work for the self’) പണിയെടുക്കുന്ന, എല്ലാവരും മുതലാളിയും തൊഴിലാളിയും ഊഹക്കച്ചവടക്കാരനും വ്യാവസായിക സംരഭകനുമാകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് നിയോലിബറലിസം വാചാലമാകുന്നുവെന്ന് ഡേവിഡ് ഹാര്‍വി ചൂണ്ടിക്കാണിക്കുന്നു. അത്തരം, അവിശ്വസനീയമായ ഒരു ലോകം തന്റെ മുന്നില്‍ തുറന്നു വെക്കുന്നുവെന്ന കട സമ്പദ്‌വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ ബോധം വ്യക്തിയില്‍ സൃഷ്ടിക്കുന്നത്. അത് പ്രലോഭനങ്ങളുടെകൂടെ ജ്വാജല്യമാനമായ ലോകത്തെക്കുറിച്ചുള്ള മനുഷ്യന്റെ പ്രതീക്ഷയാണ് മുന്നോട്ടു വെക്കുന്നത് എന്നതുകൊണ്ട് സോഷ്യലിസവും കമ്മ്യൂണിസവുമൊക്കെ അടഞ്ഞ അധ്യയങ്ങളായി മാറുന്നതില്‍ എന്തത്ഭുതം! സ്വാതന്ത്ര്യവും സമത്വവും യഥേഷ്ടം പണവും നല്‍കുന്ന മുതലാളിത്തത്തെ മനസ്സാവാചാ സ്വീകരിക്കുന്നതിന് എന്താണ് തടസ്സം എന്ന് നമ്മുടെ പെറ്റിബൂര്‍ഷ്വാ ബുദ്ധിജീവികള്‍ ചോദിക്കുന്നതിന്റെ അര്‍ത്ഥവും മറ്റൊന്നല്ല.

തുടര്‍ന്നു വായിക്കാം

വി.കെ.ശശികുമാര്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.