DCBOOKS
Malayalam News Literature Website

ഏറുമാടവും തീവണ്ടിയും തമ്മിലെന്ത്?

പി.പി.പ്രകാശൻ എഴുതിയ ‘ഗിരി ‘ എന്ന നോവലിന്  പ്രസാദ് കാക്കശ്ശേരി എഴുതിയ വായനാനുഭവം

ഒറ്റയിരിപ്പിന് വായിക്കാൻ പ്രേരിപ്പിക്കുക എന്നത് ഇക്കാലത്ത് നോവലിന്റെ അടിസ്ഥാന മര്യാദകളിൽ ഒന്നാണ്. വായനക്കാരെ പരിഗണിക്കുന്ന അവരുടെ ഭാവാത്മകതലത്തോട് ഐക്യപ്പെടുന്ന ഒരു നോവൽ എന്ന നിലയിൽ പി.പി.പ്രകാശൻ എഴുതിയ ‘ഗിരി ‘ പ്രത്യേക പരാമർശം അർഹിക്കുന്നു.

വിസ്തൃതവും സങ്കീർണവുമായ പ്രമേയത്തെ ആഖ്യാനത്തിന്റെയും ഭാഷയുടെയും മാന്ത്രികതയിൽ വായനക്കാരെ കൂടെ കൂട്ടുന്ന സാധ്യതകളുടെ എഴുത്താണ് ഈ നോവൽ.

രചയിതാവിന്റെ സ്വാതന്ത്ര്യത്തെക്കാൾ വായനക്കാരുടെ ക്ഷമയും സമയവും ചിന്താപരമായ സൂക്ഷ്മതയും നോവൽ പ്രധാനമായും കണക്കിലെടുക്കേണ്ടതുണ്ട്.ആ അർത്ഥത്തിൽ തിരിച്ചറിവുകളും ഉൾക്കാഴ്ചകളും ഭാഷയിലൂടെ വായനാനുഭവവുമായി അടയാളപ്പെടുന്നു.

കുയിലാന്തണ്ണി എന്ന ഗോത്രഭൂമികയിലേക്ക് യാത്ര ചെയ്യുന്ന അധ്യാപകന്റെ പകപ്പും ഉത്കണ്ഠയും സന്ദേഹവും വിസ്മയവുംഅതേപടി പങ്കിടുകയാണ് വായനയിൽ . തുടർന്ന് ഗോത്ര ജീവിതത്തിൻറെ പ്രാക്തന ബോധ്യങ്ങളും ദുർഗമ ഗിരിനിരകളുടെ എടുപ്പുടലുകളും അദൃശ്യ ജീവിതത്തിൻറെ ചരിത്ര ജ്ഞാന -വംശ – വ്യതിരിക്തതകളും ഒന്നൊന്നായി നിവരുന്നു താളുകളിൽ . പഠിച്ചറിഞ്ഞതിനേക്കാൾ കൊണ്ടറിഞ്ഞതിന്റെ ഇരുണ്ടഗാധമായ ഉണ്മകളാണ് വനവിസ്മയ -സംഭ്രമമായി നമ്മെ പുതുക്കുന്നത് .

അധ്യാപകൻ പഠിച്ചെടുത്ത ശാസ്ത്രീയ സംഗീതത്തിന്റെ സ്വരസ്ഥാനവും വരിശകളും ഗോത്ര സംഗീതത്തിന്റെ Textഏറ്റിറക്കങ്ങളിൽ കിതച്ചു നിൽക്കുന്നത് മല്ലികയുടെ ദ്രാവിഡ ചന്തത്തിലുള്ള പാട്ടിലാണ്.ഏറുമാടം അതിജീവനത്തിന്റെ ഇടമായതും മാഷ് അറിയുന്നത് ഗിരി എന്ന കുട്ടിയുടെ കാടറിവിലാണ്.ഏറുമാടം നഗരത്തിലെ കൂറ്റൻ ഫ്ലാറ്റുകളുടെ പൂർവ മാതൃകയായതും കുതിരകളെ കെട്ടുന്ന അളവിൽ നിന്ന് റെയിൽപാളത്തിന്റെ വീതി സായിപ്പ് കണ്ടെത്തിയതും എവിടെയും കടപ്പാട് രേഖപ്പെടുത്താത്ത നാടോടിശാസ്ത്ര -സാങ്കേതിക ജ്ഞാനത്തിന്റെ നിറവിലാണ്. തീവണ്ടിയുടെ ചരിത്രം പാഠപുസ്തകത്തിലുണ്ട്. പക്ഷേ, ഏറുമാടത്തിന്റെ കഥയോ?.

കുയിലാന്തണ്ണി ട്രൈബൽസ്കൂളും ഗോത്ര ജീവിത പരിസരങ്ങളും പ്രകൃതിയും കണ്ണുതുറപ്പിച്ച പാഠങ്ങളിൽ നിന്നാണ് വൈശാഖൻ മാഷോടൊപ്പം നമ്മളും സഞ്ചരിക്കുന്നത്.

ആധുനിക നാഗരികതയുടെ വേഗങ്ങളിൽ തമസ്ക്കരിക്കപ്പെട്ട ഇടങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നു നോവൽ. നാം പഠിച്ചതും പഠിപ്പിച്ചതുമായ പാഠങ്ങളിൽ പ്രകൃതി എതിർ സ്ഥാനത്താകുന്നതെന്തു കൊണ്ട് എന്ന ചോദ്യം മുഴങ്ങുന്ന ആഖ്യാനത്തിന്റെ വനവിതാനങ്ങൾ. ഹരിത ബോധത്തിന്റെ മറ്റൊരു ‘ വാൾഡൻ ‘.

മാഷ് കണ്ട അർത്ഥ ദീർഘമായ തീവണ്ടി യാനങ്ങളെ ഏറുമാടത്തിന്റെ അതിജീവന ഗണിത യുക്തിയിൽ അട്ടിമറിക്കുന്ന കുട്ടിയുടെ തിരുത്തുകൾ. നാം കലക്കിക്കളഞ്ഞ ഗോത്രജീവിതത്തിന്റെ തെളിനീർ തണുപ്പിനെ വീണ്ടെടുക്കുന്ന അനുഭവവും ആഖ്യാനവും പാരസ്പര്യപ്പെട്ട നേരെഴുത്ത്. കാടിനെ ചെന്ന് തൊട്ട ഹരിത പാഠപുസ്തകം.

പൊതുബോധത്തെ വിചാരണ ചെയ്യുന്നു സംസ്കൃതി കാണാതെ പോയ ഭാഷയും അറിവും നാടോടി ജനിതകവും . ദേശത്തെ എഴുതുന്നതോടൊപ്പം യാത്രയുടെയും വിദ്യാഭ്യാസത്തിന്റെയും സഹജമായ തെളിച്ചത്തിൽ മല കയറുന്ന നോവൽ. നാഗരികതയുടെ അശരണപദങ്ങൾക്ക് ആരണ്യക താരകം വഴി തെളിക്കുന്ന സ്വച്ഛതയുടെ ആവാസ വ്യവസ്ഥകൾ..

ഓർമ്മയിലെ കാടുകൾ ഇടമുറിയാതെ പൂക്കുന്നത് അനുഭവിപ്പിക്കുന്നു പി.പി.പ്രകാശന്റെ’ ഗിരി ‘ എന്ന നോവൽ.. ഗിരിയിലുണ്ട് കുതിര വണ്ടിയിൽ നിന്ന് തീവണ്ടിയിലേക്കുള്ള ദൂരവും കാട്ടിലെ ആന കവിതയിലെ ആനയോട് ഇടയുന്നതിന്റെ സാരവും .

അതെ, നഗരവേഗങ്ങളിൽ അദൃശ്യരാക്കപ്പെട്ട ഗോത്ര ജനതയുടെ പ്രാണന്റെ പച്ചയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു ‘ഗിരി ‘ എന്ന നോവൽ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.