DCBOOKS
Malayalam News Literature Website

ഗിരി: പി പി പ്രകാശൻ എഴുതിയ നോവലിനെ വായിക്കുമ്പോൾ

പി പി പ്രകാശൻ എഴുതിയ ഗിരി എന്ന നോവലിന്  ജോണി എം എൽ എഴുതിയ വായനാനുഭവം

തിരുവിതാംകൂറും അതിന്റെ ചരിത്രവും നോവലുകളിൽ പരിചരണം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ‘ഭൂതകാലത്തിന്റെ വർത്തമാനപ്പത്രങ്ങൾ’ എന്ന തലക്കെട്ടിൽ ശിവകുമാർ ആർ പി മൂല്യശ്രുതി മാസികയിൽ എഴുതിയ ഒരു പഠനം, നോവലിസ്റ്റ് സലിൻ മാങ്കുഴി അയച്ചു തന്നത് വായിച്ചപ്പോഴാണ് അതിൽ പരാമർശിയ്ക്കപ്പെട്ട ‘ഗിരി’ എന്ന നോവലിനോട് താത്പര്യം തോന്നിയത്. പി പി പ്രകാശൻ എഴുതിയ ഈ നോവൽ തിരുവിതാംകൂറിനെക്കുറിച്ചല്ല എന്നും, നോവലിനെ പരാമർശിയ്ക്കാനുള്ള താത്പര്യം കുയിലാന്തണി എന്ന ഇടുക്കിയിലെ, ഹൈറേഞ്ചിൽ സ്ഥിതിചെയ്യുന്ന ഒരു കുഗ്രാമത്തിലെ ഒരു ട്രൈബൽ ഹൈസ്‌കൂളിൽ നിന്ന് എസ്കർഷന് വരുന്ന കുട്ടികളും അധ്യാപകരും കന്യാകുമാരി സന്ദർശിച്ചതിനു ശേഷം തക്കലയ്ക്കടുത്തുള്ള പദ്മനാഭപുരം കൊട്ടാരം സന്ദർശിയ്ക്കുന്നതും അവിടെക്കണ്ട കാഴ്ചകൾ ആ കുട്ടികളിൽ ഉയർത്തിയ ചോദ്യങ്ങളും, ചരിത്രത്തിൽ തത്പരനായ, ഗോത്രവംശജനായ പ്രദീപ് എന്ന അധ്യാപകൻ പറയുന്ന ഉത്തരങ്ങളുമാണ് തന്നെ ഇതിലേയ്ക്ക് നയിച്ചതെന്നും ശിവകുമാർ പറയുന്നുണ്ട്. അതോടെ ആ നോവൽ വായിക്കണം എന്ന് ഉത്കടമായ ഒരു ആഗ്രഹം ഉണ്ടാവുകയും വരുത്തി വായിക്കുകയും ചെയ്തു. ആ വായനയുടെ ഒരു ചെറിയ ഒരു അംശം മാത്രമാണ് ഞാനിവിടെ പങ്കു വെയ്ക്കുന്നത്. ഒരുകാര്യം കൂടി പറയട്ടെ, ഈ നോവൽ വായനയുടെ ഭംഗി പൂർണ്ണമായും ലഭിച്ചത് എനിയ്ക്ക് ഈ വായനയ്ക്ക് മുൻപ് പി പി പ്രകാശൻ എന്ന നോവലിസ്റ്റിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നത് കൊണ്ടുകൂടിയാണ്. അതിനാൽത്തന്നെ പ്രകാശൻ സൃഷ്ടിച്ച ഓരോ കഥാപാത്രത്തിന്റെയും നോവലിസ്റ്റിനെ മാറ്റിനിർത്തി എന്റെ വായനയുടെ ഭാവനയിൽ നിർമ്മിച്ചെടുക്കാനും ആസ്വദിയ്ക്കാനും കഴിഞ്ഞു.

മനോഹരമായ ഈ നോവലിന്റെ പേര് ഗിരി എന്ന് വരാൻ കാരണം അതിലെ പ്രധാനകഥാപാത്രങ്ങളിൽ ഒരാൾക്ക് ഗിരി എന്ന പേരുള്ളത് കൊണ്ടാണ്. എങ്കിലും ഗിരി എന്ന് പറയുമ്പോൾ അതൊരു മലനിരയെക്കൂടി സൂചിപ്പിക്കുന്നുണ്ട്. ഗിരി ജനങ്ങൾ എന്നാണല്ലോ പൊതുസമൂഹം ഗോത്രസമൂഹങ്ങളെക്കുറിച്ചു പറഞ്ഞു വരുന്നത്. ഗിരി എന്ന ബാലൻ നോവലിലെ എല്ലാ ഗോത്ര അസ്തിത്വങ്ങളുടെയും Textആകാംക്ഷകളുടെയും പ്രതിനിധി ആണെന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ഗിരി എന്ന പേര് എന്തുകൊണ്ടും സാധുവാണ് ഇവിടെ. നോവൽ തുടങ്ങുന്നത്, വൈശാഖൻ എന്ന മുപ്പത്തിയഞ്ചു വയസ്സുകാരൻ തിരുവനന്തപുരത്ത് നിന്ന് ഒരു കെ എസ് ആർ ടി സി ബസ്സിൽ തൊടുപുഴയിലേയ്ക്ക് യാത്രയാവുകയാണ്. അവിടെ നിന്നും ഏറെ യാത്ര ചെയ്‌താൽ എത്താവുന്ന കുയിലാന്തണി എന്ന ഗ്രാമത്തിലെ ട്രൈബൽ ഹൈസ്‌കൂളിൽ അധ്യാപകനായി ആദ്യനിയമനം നേടി പോവുകയാണ് അയാൾ. വീട്ടിൽ ഒറ്റയ്ക്കാക്കിയിട്ടു പോകുന്ന ഭാര്യയെ ഓർത്തുള്ള ആദി ഒരുവശത്തും വേണ്ടത്ര പണം പോക്കറ്റിൽ ഇല്ലാത്തതിന്റെ ആധി മറ്റൊരു വശത്തും ഇനി ചെന്നെത്തേണ്ടുന്ന ഇടം എന്തായിരിക്കും എന്നതിനെക്കുറിച്ചുള്ള ധാരണയില്ലായ്മ മനസ്സാകെയും മൂടി ഒരു ബാഗും അടക്കിപ്പിടിച്ച് ഇരിയ്ക്കുകയാണ് വൈശാഖൻ.

ബസ്സിൽ ഒരു പോക്കറ്റടി. തുടർന്നുള്ള ആളുകളുടെ ഇടപെടൽ. രാത്രിയാത്രയുടെ വിവിധ വശങ്ങൾ. അങ്ങനെയാണ് നിരഞ്ജൻ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ വൈശാഖാനെ പരിചയപ്പെടുന്നത്. അയാൾ വൈശാഖനെ ബലമായി വീട്ടിലേയ്ക്ക് കൊണ്ട് പോകുന്നു. പിന്നെ മറ്റൊരിടത്ത് ഒരു പഴയ കമ്മ്യൂണിസ്റ്റുകാരൻ പാർട്ടി ഓഫീസിൽ അയാൾക്ക് അന്തിയുറങ്ങാനുള്ള അവസരം ഒരുക്കുന്നു. അജ്ഞാതരും അപരിചിതരുമായ മനുഷ്യരിലൂടെ വൈശാഖൻ തന്റെ ലക്ഷ്യസ്ഥാനത്തേയ്ക്ക് ക്രമേണ എത്തുകയാണ്. ആരാണ് നമ്മുടെ ബന്ധു, ആരാണ് വഴികാട്ടി, ആരാണ് ശത്രു എന്നുള്ള ഉറപ്പുകൾ എല്ലാം യാത്രകളിൽ നഷ്ടമാവുകയാണ്. വൈശാഖന്റെ ഏറ്റവും വലിയ ആധിയായിരുന്ന ഭാര്യയെക്കുറിച്ചുള്ള വിചാരങ്ങൾ പിന്നെ നോവലിൽ മറ്റൊരിടത്തും പ്രത്യക്ഷപ്പെടുന്നതേയില്ല. വൈശാഖനെ ആ ഹൈറേഞ്ച് ഗ്രാമം വന്നു മൂടുകയാണ്. പല ബസ്സുകൾ കയറി ഒരിടത്തിറങ്ങി കുയിലാന്തണി ഗ്രാമത്തിലേക്കുള്ള നടത്തം. അമ്പതോളം പേജുകളിൽ ആ നടത്തവും വൈശാഖൻ കാണുന്ന പ്രകൃതിയുമാണ് വിവരിയ്ക്കപ്പെട്ടിരിക്കുന്നത്. അല്പം പോലും രസം നഷ്ടപ്പെടാതെ ഒരു കാട് കയറുന്നതിന്റെ, മലമ്പാതകൾ നടന്നു തീർക്കുന്നതിന്റെ അനുഭവവും കാഴ്ചകളും വായനക്കാരിലേക്ക് എത്തിയ്ക്കാൻ കഴിയുന്നുണ്ട് നോവലിസ്റ്റിന്. ചുരുളി എന്ന സിനിമയെ ഓർമ്മ വരും. ഒരു പാലം കടക്കുന്നതോടെ ഭാഷയും പെരുമാറ്റവും ഒക്കെ മാറി, മറുഭാഷയിലേയ്ക്കും മറുസംസ്കാരത്തിലേയ്ക്കും പകരുകയാണ് ചുരുളിയിൽ. അതിൽ ആക്രാമകതയാണ് നിറഞ്ഞു നിൽക്കുന്നതെങ്കിൽ ഗിരിയിൽ തികച്ചും വ്യത്യസ്തമായ ഒരു സൗമ്യ സംസ്കാരമാണ് വൈശാഖനെ കാത്തിരിക്കുന്നത്.

ആ ട്രൈബൽ ഹൈസ്‌കൂൾ അധ്യാപകരുടെ ആവാസ കേന്ദ്രം കൂടിയാണ്. തുടക്കത്തിൽത്തന്നെ ഗിരി എന്ന എട്ടാം ക്ലാസ്സുകാരൻ വൈശാഖന്റെ കൂട്ടായി മാറുന്നു. പ്രദീപ് എന്ന അധ്യാപകനും ഗിരി എന്ന വിദ്യാർത്ഥിയും കുയിലാന്തണിയിലെ സാധുക്കളായ മനുഷ്യരും വൈശാഖൻ/വായനക്കാരെ മറ്റൊരു ലോകത്തേയ്ക്ക് നയിക്കുകയാണ്. ഗിരിയ്ക്ക് നിറയെ സംശയങ്ങളാണ്. നഗരവാസിയായ വൈശാഖന് നിവൃത്തിച്ചു കൊടുക്കാൻ കഴിക്കുന്നതിനേക്കാൾ വലിയ സംശയങ്ങൾ. ഗിരിയുടെ ഏറ്റവും വലിയ ആശ തീവണ്ടിയിൽ കയറണം എന്നുള്ളതാണ്. എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് മുന്നിൽ ആറ്റൂർ രവിവർമ്മയുടെ മേഘരൂപൻ എന്ന കവിത പഠിപ്പിക്കുമ്പോൾ ഒരു കുട്ടി തേങ്ങിക്കരയുകയാണ്. കഴിഞ്ഞ മാസം അവന്റെ അച്ഛനെ കാട്ടാന ചവുട്ടി കൊന്നിരുന്നു. പിന്നെ ഗിരിയിലൂടെ ആനകളെക്കുറിച്ച് വൈശാഖൻ അറിയുന്നു. ചെവികേൾക്കാത്ത പൊട്ടിയാന. ഓർമ്മയിൽ മനുഷ്യരോടുള്ള പകയും സ്നേഹവും ഒരുപോലെ സൂക്ഷിയ്ക്കുന്ന ആനകൾ. ആനകളുടെ കഥ ഗിരിയെന്ന ബാലകഗുരുവിന്റെ ശിഷ്യനായി വൈശാഖൻ പഠിയ്ക്കുമ്പോൾ അയാൾക്കൊരു കാര്യം തിരിച്ചറിയാൻ കഴിയുന്നു; കാട്ടിലെ ആനയും കടലാസിലെ ആനയും രണ്ടാണ്. ആനയെക്കുറിച്ച് ഈ കുട്ടികളെ പഠിപ്പിക്കുവാൻ കഴിയുകയില്ല.

കുയിലാന്താണി എന്ന ഗ്രാമം കഥകളുടെ ഒരു കേന്ദ്രമാണ്. പ്രദീപ് ഒരിയ്ക്കൽ വൈശാഖനോടു പറയുന്നുണ്ട്; ആദിവാസികൾ എന്ന് രണ്ടക്ഷരം കുറച്ചല്ലേ നിങ്ങൾ ഞങ്ങളെ വിളിക്കുന്നതെന്ന്. വിട്ടുപോയ രണ്ടക്ഷരവും കൂടി ചേർത്താൽ ‘ആദിമനിവാസി’ എന്നാകും. അപ്പോൾ ഞങ്ങളാണ് ഈ മലയുടെയും കാടിന്റെയും മണ്ണിന്റെയും അധികാരികൾ എന്ന് വരും. അതൊഴിവാക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ്, രണ്ടക്ഷരം കുറച്ച ഈ മഞ്ജരി. ആ ഓർമ്മകളുടെ അഭിമാനത്തിലും പച്ചപ്പിലുമാണ് ആദിവാസികൾ ജീവിയ്ക്കുന്നത്. അവരുടെ ഇടയിൽ കഥകളുണ്ട്. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും. മരിച്ചവർ ദൈവങ്ങളായി മാറുന്നു. ജീവിക്കുന്നവർ കഥകളെയും കഥകളാകാനും കാത്തിരിക്കുന്നു. മോഹനൻ ഡോക്ടറും സ്ഥലത്തെ പ്രധാന അഭിസാരികയായ മറിയയും തമ്മിലുണ്ടാകുന്ന ബന്ധം ഒരു കഥയാണ്. ഒരു വടക്കൻ വീരഗാഥ സ്‌കൂളിൽ പ്രദർശിപ്പിക്കാൻ കൊണ്ട് വന്നപ്പോൾ അതിലൊരു തുണ്ടുണ്ടായിരുന്നത് അറിയാതെ സ്‌ക്രീനിൽ പതിച്ചപ്പോൾ ഉണ്ടായ പുകിൽ മറ്റൊരു കഥയാണ്. സിനിമകൾ ആദിവാസി ചെറുപ്പക്കാർക്ക് നൽകിയ സങ്കൽപ്പങ്ങൾ വേറൊരു കഥയാണ്. നിനക്ക് മണ്ണിനെ അറിയില്ല എന്നാരോപിച്ച കർഷകൻ ഏറുമാടത്തിൽ ആഹാരം കഴിക്കാതെ ആത്മഹത്യ ചെയ്തത് മറ്റൊരു കഥയാണ്. മലയിടിഞ്ഞു മനുഷ്യർ മണ്ണിനടിയിൽ പോകാതിരിക്കാൻ മലമുകളിലെ ദൈവത്തിനു മുന്നിൽ കോഴിയെവെട്ടി ആരാധനചെയ്യുന്നത് കഥയാണ്. പിന്നെ പ്രദീപിന്റെ ചരിത്രബോധ്യത്തിലൂടെ ഇഴപിരിയുന്നതെന്തും കഥയാണ്. ആ കഥകൾ എല്ലാം കൂടി ചേരുമ്പോൾ ഏറ്റവും മികച്ച ആദിവാസി ചരിത്രമാകുന്നു.
എല്ലാ കഥകൾക്കും മേലെയാണ് ഗിരിയും വൈശാഖനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ. അവന്റെ ചോദ്യങ്ങളിൽ ആദിവാസി ജീവിതത്തിന്റെ ജൈവയുക്തികൾ അടങ്ങിയിരിക്കുന്നു. അവന്റെ ഉത്തരങ്ങളിൽ വൈശാഖന് ഒരു സർവ്വകലാശാലയിൽ നിന്നും കിട്ടാത്ത ജ്ഞാനം കുടികൊള്ളുന്നു. ക്‌ളാസ്സിലെ ഗുരു പ്രകൃതിയിലെത്തുമ്പോൾ ശിഷ്യന്റെ ശിഷ്യനാകുന്ന മാറ്റം നമുക്ക് കാണാനാകുന്നു. സ്‌കൂളിൽ നിന്ന് വിനോദയാത്ര പോവുക എന്ന കാര്യം വരുമ്പോൾ ഗിരിയ്ക്കാണ് ഏറ്റവും വലിയ ആഹ്‌ളാദം. തീവണ്ടിയിൽ കയറാം എന്നുള്ളതാണ് അവന്റെ ഏറ്റവും വലിയ ആനന്ദം. തിരുവനന്തപുരത്ത് മൃഗശാലയിൽ കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളെ കാണുമ്പോൾ കുട്ടികൾ അത്ഭുതപ്പെടുന്നു. കൂട്ടിലിട്ട മൃഗങ്ങളെ കാണുമ്പോൾ നാട്ടിലുള്ളവർക്ക് എങ്ങനെ ആഹ്ളാദിയ്ക്കാൻ കഴിയുന്നു എന്നാണ് അവരുടെ ചോദ്യം. അവർ വിഷാദചിത്തരാകുന്നു. കന്യാകുമാരിയിൽ ചെല്ലുമ്പോൾ, വിവേകാനന്ദപ്പാറയിൽ നിൽക്കുമ്പോൾ വിവേകാനന്ദൻ വനത്തിൽ വരാതെ കടലിൽ പോയത് എന്തിനെന്ന് ചോദിക്കുകയാണ് കുട്ടികൾ. പദ്മനാഭപുരം കൊട്ടാരത്തിൽ ആണ് നോവലിലെ കാതലായ ചോദ്യങ്ങൾ ഉയരുന്നത്; ആരാണ് കൊട്ടാരം ഉണ്ടാക്കിയത്? ചിത്രത്തൂണുകൾ ഉണ്ടാക്കിയവരെ എവിടെ? ആര് ആരുടെ കൈവെട്ടി? എന്തുകൊണ്ടത് ചെയ്തു? ചിത്രവധം രാജാക്കന്മാർക്കും ബാധകമായിരുന്നോ? അങ്ങനെ ചരിത്രത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ-സമ്പദ് വ്യവസ്ഥകളിലേയ്ക്ക് ചോദ്യങ്ങൾ ശരം പോലെ എയ്യുകയായിരുന്നു കുട്ടികൾ. പ്രദീപ് അതിനൊത്ത ഉത്തരങ്ങളും നൽകുന്നുണ്ട്.

ഒടുവിൽ തിരുവന്തപുരത്ത് തിരികെയെത്തുന്നു. അവർ പോയ ടൂറിസ്റ്റ് ബസ് കൊല്ലത്ത് ചെന്ന് നിൽക്കും. കുട്ടികളും അധ്യാപകരും തീവണ്ടിയിൽ കൊല്ലത്ത്എത്തും. അതായിരുന്നു പദ്ധതി. പക്ഷെ സാങ്കേതിക കാരണങ്ങളാൽ തീവണ്ടി യാത്ര മുടങ്ങുന്നു. പകരം എസ് എൽ തീയറ്ററിൽ ഒരു സിനിമ. ഗിരിയുടെ മനസ്സ് തകരുന്നു. സിനിമയ്ക്കിടെ ഗിരിയെ കാണാതാകുന്നു. അവന്റെ ചെരിപ്പുകൾ പാളങ്ങളിൽ നിന്ന് കണ്ടെടുക്കുന്നു. ദുരന്തപര്യവസായിയാണ് നോവൽ. മഴയത്ത്, സ്‌കൂൾ അങ്കണത്തിൽ, ദേശീയപ്രതിജ്ഞ ചെയ്യുന്ന കുട്ടികളിലാണ് നോവൽ അവസാനിക്കുന്നത്. പ്രതിജ്ഞ തീർന്ന്, കുട്ടികൾ ക്‌ളാസ്സുകളിൽ കയറിക്കഴിഞ്ഞിട്ടും അവിടെ മഴ നനഞ്ഞ് ഗിരി നിൽപ്പുണ്ടെന്ന് വൈശാഖന് തോന്നുന്നു. ഞങ്ങളും നിങ്ങളുമായി വിഭജിച്ചു നിൽക്കുന്ന വലിയൊരു ചരിത്രം, ബാഹ്യവും ആഭ്യന്തരവുമായ കോളനിവൽക്കരണത്തിന്റെ ചരിത്രം അത്യാകർഷകമായ നിലയിൽ ആഖ്യാനം ചെയ്യുന്ന നോവലാണിത്. കേരളത്തിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും അവശ്യം വായിച്ചിരിക്കേണ്ട നോവൽ. ആരാച്ചാരും കീരാച്ചാരും ഒക്കെ വിവർത്തനം ചെയ്യുന്ന നേരത്ത് വിവർത്തനം ചെയ്ത് ലോകസമക്ഷം എത്തിയ്ക്കേണ്ട സാഹിത്യമാണിത്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.