DCBOOKS
Malayalam News Literature Website

‘ഗിരി’; പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പം

പി.പി.പ്രകാശൻ എഴുതിയ ‘ഗിരി ‘ എന്ന നോവലിന് അബ്ബാസ് അലി എഴുതിയ വായനാനുഭവം

ഇരുട്ടും പച്ചയും തണുപ്പും നിറഞ്ഞ കുയിലാന്തണ്ണിയിലേക്ക് വൈശാഖൻ സാറിനൊപ്പം വായനക്കാരും നടന്നുകയറുമ്പോൾ കാലദൂരങ്ങളുടെ അപ്പുറമെന്താവും എന്ന കിതപ്പ് നാം അനുഭവിച്ചറിയുന്നുണ്ട്.
അപ്രതീക്ഷിത സ്നേഹത്തിന്റെ പകപ്പിലേക്കു വലിച്ചടുപ്പിക്കുന്ന നിരഞ്ജനെയും കാട്ടുപാതയിൽ ധൃതിയിൽ കടന്നുപോകുന്നവരുടെ കുറിയ ഉത്തരങ്ങളെയും പിന്നിട്ട് ഏറെ നടക്കുമ്പോൾ നാം മനുഷ്യ ജീവിതം മണക്കുന്ന ചായക്കടയിലെത്തുന്നു. പാവം കുട്ടികൾക്കു നേരെ ചോദ്യമെറിഞ്ഞു രസിക്കുന്ന അധ്യാപകരുള്ള സ്കൂളിലെത്തുന്നു. അവിടെ വെച്ചാണ് ഗിരി നമ്മോടൊപ്പം കൂടുന്നത്. അവൻ അത്ര ചെറിയ കുട്ടിയല്ല. നാടറിയാം, നാട്ടുകാരെയറിയാം. വാക്കുകളെയും മൗനങ്ങളെയും നോട്ടങ്ങളെയും പുരികങ്ങളെയുമറിയാം.

ഗോത്രമേഖലയിൽ പുതുതായി വന്നുചേരുന്ന അധ്യാപകർക്കായി മുൻതലമുറ കരുതിയ ഒരു വാചകമുണ്ട് : “നിങ്ങളായിട്ട് ഇവറ്റകളെ നന്നാക്കാൻ പോകണ്ട “വൈശാഖന് എല്ലാം നന്നാവണമെന്ന ആഗ്രഹവും ആശയവുമുണ്ട്. ചായക്കടയും അരിഷ്ടക്കടയും മോഹനൻ ഡോക്ടറും മറിയയും തോമസും മടിയൻമാരായ സഹപ്രവർത്തകരും Textചാരായത്തിൽ മുങ്ങിയ പ്രധാനാധ്യാപകനുമുള്ള അന്തരീക്ഷത്തിൽ വലിയ ചലനങ്ങളൊന്നുമുണ്ടാക്കാനാകുന്നില്ല.

ജീവിതാനുഭവങ്ങളിൽ നിന്നു കരുത്തും കാഴ്ചയും ചോദ്യങ്ങളും നേടിയെടുത്ത ഗിരി എന്ന വിദ്യാർത്ഥിക്കു മുമ്പിൽ എല്ലാ അധ്യാപരും ചുണകെട്ടവരായി നിൽക്കുന്നു. ഗോത്രസമൂഹ പ്രതിനിധിയായ പ്രദീപിന്റെ ചരിത്രബോധത്തിനും പത്മകുമാറിന്റെ പുച്ഛഭാവത്തിനുമിടയിൽ ഗിരിയെ ചേർത്തുപിടിക്കാനും ഗിരിയെ കൗതുക പൂർവം നിരീക്ഷിക്കാനും ചില നേരങ്ങളിൽ പിന്തുടരാനും മാത്രമേ വൈശാഖൻ എന്ന അധ്യാപകനും സാധിക്കുന്നുള്ളൂ.

ചരിത്രത്തിൽ നിന്നു പുറപ്പെട്ട്, നാം നിരപ്പാക്കിയ സംസ്കാരങ്ങളിലൂടെ , നിശ്ചിത പാളങ്ങളിലൂടെ മാത്രം ഓടുന്ന , ഗോത്ര ജീവിതത്തിന്റെ ഉയരങ്ങളിലേക്കു കടന്നുചെല്ലാനാവാത്ത തീവണ്ടിയാണ് ഗിരിയുടെ ഏറ്റവും വലിയ ആഗ്രഹമായി നോവലിൽ നിറയുന്നത്.! പല തലത്തിൽ വിദ്യാഭ്യാസത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ് ഗിരിക്കു കയറാനാകാത്ത ഈ കുതിക്കും വണ്ടി .

കാട്ടിലും തടിയുടെ വണ്ണം മാത്രം കാണുന്ന അധ്യാപകൻ, കവിയുടെ ആനയല്ല യഥാർത്ഥ ആനയെന്ന തിരിച്ചറിവ്, ചാക്കോ സാർ പണ്ടു കാണിച്ചു തന്ന പരീക്ഷണം കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ച് നാണം കെടുന്ന മോഹന കൃഷ്ണൻ മാഷ് , ഏറുമാടം പോലുള്ള ജീവിത യാഥാർത്ഥ്യത്തിനു മുമ്പിൽ തന്റെ വിദ്യാർത്ഥിക്കൊപ്പം ധൈര്യമോ അനുഭവങ്ങളോ തനിക്കില്ലെന്നറിയുന്ന വൈശാഖൻ… എന്നിങ്ങനെ നോവൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം കാഴ്ചപ്പാട് എന്നിവയെ പരിഹസിക്കുന്നുണ്ട്.

ജീവിതത്തോടൊപ്പം ഓടിയെത്താനായി ധൃതിയിൽ നടക്കുന്ന മനുഷ്യർ, അവർ സ്വപ്നം കാണുന്നതു പോലും നടന്നുകൊണ്ടാണ്. തീവണ്ടി കാണുക എന്നതൊരു സ്വപ്നമായവരും കൂടിയാണവർ.
ഭാഷയിലെ രഹസ്യങ്ങളെ ശബ്ദം കൊണ്ടു മറികടന്നവർ എന്ന് കഥാകാരൻ അവരെ വിശേഷിപ്പിക്കുന്നു.
കഥകളിലെല്ലാം ഞങ്ങൾ , നിങ്ങൾ എന്ന തട്ടുകളുടെ യാഥാർത്ഥ്യം കാണാനാവും.
ചൂടുകാലത്തിനുള്ള ഉപദേശം മഞ്ഞുകാലത്തിനുള്ളതല്ല എന്നു തിരിച്ചറിയാത്തത് അധ്യാപകനാണ്.

തിരുവനന്തപുരം യാത്രയും കൊട്ടാര സന്ദർശനവും നമ്മുടെയെല്ലാം ചരിത്രബോധത്തെയും സാംസ്കാരിക ദാസ്യത്തെയും വലിച്ചു പുറത്തിടുന്നു. “മാർത്താണ്ഡവർമയ്ക്കു കൊത്തുപണിയറിയാമായിരുന്നോ ?” എന്ന ചോദ്യത്തിന്റെ ചൂടിൽ നിന്ന് , “ഉണ്ടാക്കിയവരാരുണ്ട് ചരിത്രത്തിൽ ?”എന്നു പൊള്ളുന്നു.
നമ്മുടെയൊക്കെ വർത്തമാന ജീവിതം രാജഭരണ കാലത്തെ ചിത്രവധാർഹമായ കുറ്റങ്ങളായിരുന്നു എന്ന ഞെട്ടലിലേക്കാണ് , അയിത്തങ്ങൾക്കിടയിലൂടെ പാഞ്ഞ തീവണ്ടി മോഹിപ്പിച്ച് കൂകിയെത്തുന്നത്.

തിരുവനന്തപുരത്തെ വാടക വീട്ടിൽ വൈശാഖൻ തനിച്ചാക്കിപ്പോന്നവളെ ഓർത്തു കൊണ്ട് , തിരുവനന്തപുരത്തു വെച്ചു നഗരസംസ്കൃതിയുടെ തീവണ്ടിയിൽ നഷ്ടമാകുന്ന ഗിരിയെ ഓർത്തു കൊണ്ട് , നോവൽ വായന പൂർത്തിയാകുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.