നിങ്ങൾ എപ്പോഴെങ്കിലും ഒരു കഥയിൽ അകപ്പെട്ട് പോയിട്ടുണ്ടോ…?
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകന് തീർത്ഥ എഴുതിയ വായനാനുഭവം
“അല്ലെങ്കിലും കാലം ഒരു തോന്നലാണ്. പേടിയും ഒരു തോന്നലാണ്. സ്നേഹവും ഒരു തോന്നലാണ്. ലഹരിയും ഒരു തോന്നലാണ്. ജീവിതം പോലും ഒരു തോന്നലാണ്.”
-നിങ്ങൾ എപ്പോഴെങ്കിലും ഒരു കഥയിൽ അകപ്പെട്ട് പോയിട്ടുണ്ടോ…? ദിവസങ്ങളോളം അതിന്റെ വിങ്ങലും , പൊള്ളലും, പിടച്ചിലും, ദീനതയും, ശ്വാസംമുട്ടലും, തേങ്ങലുകളും, ഉരുകലും അനുഭവിച്ചറിഞ്ഞിട്ടുണ്ടോ..?
അടുത്ത താളിൽ എന്തെന്ന് ആകാംക്ഷപ്പെട്ടിട്ടുണ്ടോ..?? കഥാന്ത്യത്തെ കുറിച്ച് വ്യാകുലപ്പെട്ടിട്ടുണ്ടോ..?? വരികൾക്കിടയിൽ നിന്ന് ശ്വാസം എടുക്കാനാകാതെ നെഞ്ചത്ത് ഒരു ഭാരം അനുഭവപെട്ടിട്ടുണ്ടോ..?
പുസ്തകത്തിന്റെ നൂറ്റിഎൺപതാം പേജിൽ, പീഡിപ്പിക്കപ്പെട്ട നൂറായിരം പെൺകുട്ടികളെ ഓർത്ത് പൊട്ടിക്കരഞ്ഞിട്ടുണ്ടോ..?? അവസാനം രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ച് നിങ്ങൾ ഏതെങ്കിലും നോവൽ വായിച്ച് തീർത്ത് കഥയിൽ നിന്ന് പുറത്തുചാടാത്ത മനസ്സിനെയും, ഹൃദയമിടിപ്പ് കൂടിയ ശരീരത്തെയും നിയന്ത്രിക്കാൻ പാടുപെട്ടിട്ടുണ്ടോ..? ഇല്ലെങ്കിൽ , മലയാള സാഹിത്യത്തിലെ മികച്ച ഒരു കൃതി നിങ്ങൾ വായിക്കാൻ ഇനിയും ബാക്കിയാക്കിയിട്ടുണ്ട്. ‘മുറിവേറ്റ കടൽ മത്സ്യം ഉപ്പുവെള്ളത്തിൽ നീന്തി മുറിവുണക്കും പോലെയായിരുന്നു ഈ നോവലിന്റെ രചന’യെന്ന് എഴുത്തുകാരി തന്നെ പറഞ്ഞിരിക്കെ ,ആഴം എത്രത്തോളം എന്ന് വയിക്കുന്നതിന് മുൻപേ ഊഹിക്കാൻ സാധിച്ചിരുന്നു.
സത്യപ്രിയ എന്ന മുഖ്യകഥാപാത്രത്തിന് നേരെയുണ്ടാകുന്ന വധശ്രമത്തിന്റെ അന്വേഷണം ആണ് കഥയുടെ ഇതിവൃത്തം എങ്കിലും കഥ കടന്നു പോകുന്നത് വ്യത്യസ്തങ്ങളായ സ്ത്രീജീവിതങ്ങൾ തുറന്ന് കാട്ടിക്കൊണ്ടും നിലനിൽക്കുന്ന സ്ത്രീത്വത്തിന്റെ വാർപ്പ് മാതൃകകളെ തകർത്തുകൊണ്ടും ആൺധാർഷ്ട്യത്തെ ചോദ്യം ചെയ്ത് കൊണ്ടുമാണ്.
പ്രണയം, പണം, മരണം എന്നീ മൂന്ന് തലങ്ങളിലൂടെ ഒരു സ്ത്രീജീവിതം എത്രമേൽ അവിശ്വസനീയമായ , ദാരുണമായ, അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നതെന്ന് എഴുത്തുകാരി വ്യക്തമായി ആവിഷ്കരിച്ചിട്ടുണ്ട്. സത്യപ്രിയയുടെ കൂസലില്ലാതെ സ്വഭാവവും, വസന്ത ലക്ഷ്മിയുടെ ഉരുളക്ക് ഉപ്പേരി പോലുള്ള തർക്കുത്തരങ്ങളും വായനക്കാരനെ കഥാപാത്രങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. പക്ഷേ നിഷ,സത്യപ്രഭ ഈ രണ്ട് കഥാപാത്രങ്ങൾ….-അവർ വായനക്കാരനെ വേരോടെ പിഴിത് എറിയാൻ കെൽപ്പുള്ളവരായിരുന്നു.
മനസ്സ് നീറാതെ ആർക്കും ആ രണ്ട് സ്ത്രീകളെ വായിച്ച് മുഴുവിപ്പിക്കാൻ സാധിച്ചിട്ടുണ്ടാകില്ല.
പകുതിയിൽ എത്തുന്നതോടെ കുറ്റാന്വേഷണം എന്ന ഭാവത്തിനപ്പുറം തുറന്നെഴുത്തിന്റെ അഗ്നിയിലേക്ക് ആണ് എഴുത്തുകാരി കടന്നത്.
-“കഥയായാൽ അങ്ങനെ വേണം. തുടങ്ങുമ്പോൾ പൊളിക്കണം. പിന്നീടങ്ങോട്ട് ഉമിത്തീയിൽ നീറ്റണം. തീരുമ്പോൾ നെറുത്തലയിൽ ഒരടി വീഴ്ത്തണം….”
Comments are closed.