DCBOOKS
Malayalam News Literature Website

നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ജീവിതത്തെ ഒരു വഴിപോലെ കണക്കാക്കി തിരിച്ചു നടന്നിട്ടുണ്ടോ?

കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം

നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ജീവിതത്തെ ഒരു വഴിപോലെ കണക്കാക്കി തിരിച്ചു നടന്നിട്ടുണ്ടോ? വഴി തിരിഞ്ഞു നടന്നുപോയ ആ ഇടത്ത്, കൃത്യമായും ആ ഇടത്തു നിന്ന് ഒന്നു നെടുവീര്‍പ്പ് ഇട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍, ജീവിതത്തിലെ മഹത്തരമായ ഒരു നിമിഷം നിങ്ങള്‍ അറിഞ്ഞിട്ടില്ല. ഞാനത് ഒന്നിലേറെ തവണ അറിഞ്ഞിട്ടുണ്ട്. രണ്ടായിരത്തിപ്പതിനാറു നവംബര്‍ പതിനാറിനുശേഷം, എന്റെ പ്രധാന വഴിത്തിരിവ് ആ ദിവസം ആയിരുന്നു. ഞാന്‍ മുഴുവന്‍ സമയ കുറ്റാന്വേഷകയായത് അന്നുമുതലാണ്. ഗാലറിയില്‍നിന്നു ഞാന്‍ ഫീല്‍ഡിലേക്ക് ഇറങ്ങി. സദസ്സില്‍നിന്നു ഞാന്‍ തട്ടിലേക്കു കയറി.

അന്നത്തെ ദിവസം പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ചു എന്നല്ല. പുലരും മുമ്പേ വേണുക്കുട്ടന്‍ ചേട്ടനും രാധച്ചേച്ചിയും എത്തി. ജനാല കാണിക്കാന്‍ അമ്മ അവരെ മുറിയിലേക്കു കൊണ്ടുവന്നു. Textഞാന്‍ ചെക്ക്-ഇന്‍ ബാഗേജ് അടുക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു വിശേഷാല്‍ അറിയിപ്പു വേണ്ടിവന്നില്ല. ആരും ഒന്നും പറഞ്ഞതുമില്ല. അന്തരീക്ഷത്തില്‍ പിരിമുറുക്കം ഉണ്ടായിരുന്നു. പിന്നാലെ പോലീസിനെ അയയ്ക്കാനുള്ള സാധ്യതയും ഞാന്‍ കണ്ടു. രാത്രി പത്ത് അമ്പതിന് ആയിരുന്നു ഫ്‌ലൈറ്റ്. ഇഷ്ടംപോലെ സമയം ഉണ്ടായിരുന്നു. ഹാന്‍ഡ് ബാഗേജ് കൂടി തയ്യാറാക്കിയശേഷം ഞാന്‍ അവരോടു സൊറ പറയാന്‍ പോയി. അത്തരം സാഹചര്യങ്ങളില്‍ എന്റെ നര്‍മബോധം ഉണരും. ഞാന്‍ ആളുകളെ വാശിയോടെ ചിരിപ്പിക്കും.

ഒമ്പതുമണിയോടെ പോലീസ് വന്നു. അവരുടെ ജോലി വിചാരിച്ചതിലും വേഗം കഴിഞ്ഞു. രണ്ടുമൂന്ന് അയല്‍ക്കാരും വന്നുപോയി. ഉച്ചഭക്ഷണം കഴിഞ്ഞതും ഞാന്‍ പുറപ്പെട്ടു. ഞാന്‍ തിരിച്ചെത്തുംവരെ അമ്മ വേണുക്കുട്ടന്‍ ചേട്ടന്റെ വീട്ടില്‍ നില്‍ക്കാമെന്നു സമ്മതിച്ചിരുന്നു. അതിന്റെ മനസ്സമാധാനത്തില്‍ നഗരത്തില്‍ എത്തുംവരെ ഞാന്‍ കാറില്‍ ഇരുന്ന് ഉറങ്ങി. എയര്‍പോര്‍ട്ടില്‍ പോകും മുമ്പേ അസീമയ്ക്കും ലൈനയ്ക്കും മിതാലിക്കുംവേണ്ടി ഷോപ്പിങ്ങും നടത്തി. ബാംഗ്ലൂര്‍ വഴിയായിരുന്നു യാത്ര. രാത്രി പന്ത്രണ്ടിനു ബാംഗ്ലൂരില്‍ ലാന്‍ഡ് ചെയ്തു. അടുത്ത ഫ്‌ലൈറ്റ് പുലര്‍ച്ചെ ആറരയ്ക്കായിരുന്നു. നേരം വല്ലപാടും തള്ളിനീക്കി. ഇരുന്ന് ഉറങ്ങാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. കണ്ണടച്ചപ്പോള്‍ സമീറിനെ കണ്ടു.

എട്ടരയ്ക്കു ഭുബനേശ്വറില്‍ ലാന്‍ഡ് ചെയ്തു. അപ്പോഴേ അമ്മയെ വിളിച്ചു. ‘സന്തോഷം’ എന്ന് അമ്മ പ്രതികരിച്ചു. അമ്മയെക്കൂടി കൊണ്ടുവരാമായിരുന്നു എന്ന് അപ്പോള്‍ തോന്നി. അമ്മ അധികം യാത്രകള്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. സത്യത്തില്‍ ആ ‘S’ കത്തി അമ്മയുടെ നട്ടെല്ലില്‍ ആണു തറച്ചത്. അതില്‍പ്പിന്നെ അമ്മയാണ് എഴുന്നേറ്റു നടക്കാതായത്. ബാഗേജിനുവേണ്ടി കാത്തു നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു ചിന്ത എന്റെ മനസ്സില്‍ തുളഞ്ഞു കയറി–ഇനി അന്ന് അച്ഛനെ കുത്തിയ ആള്‍ക്ക് അമ്മയോട് ആയിരുന്നിരിക്കുമോ പക? മനസ്സ് ഒന്നു പിടഞ്ഞു. ഇതായിരുന്നു എന്റെ കുഴപ്പം. വേണ്ടാത്തതൊക്കെ ചിന്തിക്കും. കാടു കയറും. ഞാന്‍ ഭുബനേശ്വറില്‍ എത്തിയതു ഘാതകനെ കണ്ടെത്താനാണ് എന്നതു പാടേ മറക്കും. ആ യാത്ര വളരെ ഗൗരവം ഉള്ളതായിരുന്നു. ഫലമുണ്ടാകും എന്ന് ഉറപ്പില്ലാത്തതും. പ്രഭുദേവ് മഹേശ്വരിയെയും മിതാലിയെയും നേരിടുക എളുപ്പമായിരുന്നില്ല. രണ്ടും രണ്ടു പൊതിയാത്തേങ്ങകള്‍ ആയിരുന്നു. ഞാനാണെങ്കില്‍ ചന്തയിലേക്കു പുറപ്പെട്ട പട്ടിയും.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.