നിങ്ങളെപ്പോഴെങ്കിലും ചുഴലിക്കാറ്റില്‍ നടന്നിട്ടുണ്ടോ?
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം
ഞാന്‍ അടിമുടി ആടി. ചുഴലിക്കാറ്റില്‍ എന്നതുപോലെ ശ്വാസംമുട്ടി. നിങ്ങളെപ്പോഴെങ്കിലും ചുഴലിക്കാറ്റില്‍ നടന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ കഷ്ടം. പ്രാണവായു അധികമായാലുള്ള ശ്വാസംമുട്ടല്‍ നിങ്ങള്‍ എങ്ങനെ അനുഭവിക്കാന്‍? ചില നേരത്ത് അതൊരു സുഖമാണ്. ചില നേരത്തു പ്രാണവേദനയും. ആ ശ്വാസംമുട്ടല്‍ ഞാന്‍ അനുഭവിച്ചതു സമീര്‍ സായിദിനോടൊപ്പം ആയിരുന്നു. നിയംഗിരി കാട്ടിലെ മഹാഗണിത്തുമ്പത്തെ ഏറുമാടത്തില്‍ ഇരുന്നപ്പോള്‍. അതൊരു വല്ലാത്ത ഇരിപ്പായിരുന്നു. ഇലകള്‍ ഞങ്ങളെ തൊട്ടുകൊണ്ട് ആടി
യുലഞ്ഞിരുന്നു. ഏറുമാടം അപ്പാടെ ചുഴറ്റിയെറിയപ്പെടും എന്നു തോന്നിയിരുന്നു. അയാളുടെ കൈകളില്‍ മുറുകെപ്പിടിച്ചു കാറ്റിനു ശരീരത്തെ വിട്ടുകൊടുക്കുമ്പോള്‍ തുറന്ന വിമാനത്തില്‍ പറക്കുന്നതു പോലെ ഉണ്ടായിരുന്നു. അയാള്‍ ഇല്ലാതെ ജീവിക്കേണ്ടിവരുമെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. അറിയുമായിരുന്നു എങ്കില്‍ ഞാന്‍ അയാളില്‍ അത്രയേറെ മുഗ്ധയാകുകയില്ലായിരുന്നു. അതേക്കുറിച്ചു പറഞ്ഞിട്ടു ഫലം ഉണ്ടായിരുന്നില്ല. വീശിക്കഴിഞ്ഞ കാറ്റും കൊഴിഞ്ഞുവീണ പ്രേമവും കണക്കുതന്നെ. രണ്ടിന്റെയും അനുഭവം തിരികെ വരികയില്ല. വന്നാലും പഴയ കുളിരും ഉണ്ടാകുകയില്ല. കുളിരു പോയതു പോട്ടെന്നുവയ്ക്കാം. സന്തോഷമോ? അതിന്റെ നഷ്ടം ആരു നികത്തും?
കൂടുതല്‍ ആലോചിക്കാതിരിക്കാനും കൂടുതല്‍ വിഷാദിക്കാതിരിക്കാനും ഞാന്‍ ഉഴറി നടന്നു. ഇടയ്ക്കിടെ കുളിമുറിയിലേക്ക് ഓടി. വിഷാദരോഗത്തിനു കുളി നല്ല മരുന്നാണ്. തണുത്ത വെള്ളം ഉച്ചിയില്‍ വീഴുമ്പോള്‍ ഉണര്‍വ്വു തോന്നും. പക്ഷേ, പത്രം വായിക്കരുത്. ടി.വി കാണരുത്. ഉദാഹരണത്തിന്, രാവിലെ പത്രം നിവര്‍ത്തുമ്പോള്‍ ‘എ.ടി.എമ്മില്‍നിന്നു പണം പിന്‍വലിച്ച കൃഷിക്കാരനു കിട്ടിയതു ഗാന്ധിജിയുടെ ചിത്രമില്ലാത്ത രണ്ടായിരം രൂപ നോട്ട്’ എന്നു വായിച്ചാല്‍ എങ്ങനെയുണ്ടാകും? വഴുക്കലുള്ള പാറയില്‍ അള്ളിപ്പിടിച്ചു കയറുമ്പോള്‍ ഒരടി കിട്ടിയതുപോലെയല്ലേ? ഞാന്‍ വിഷാദത്തിന്റെ സമുദ്രത്തിലേക്കു വീണു. സമുദ്രം എന്നെ ഇട്ട് അമ്മാനമാടി. ഗാന്ധിജിയെ കാണാന്‍ പോയ വല്യപ്പൂപ്പന്‍ കുട്ട നിറയെ സമ്മാനങ്ങളുമായി വരുന്നതു ഞാന്‍ സ്വപ്നം കണ്ടു. എങ്ങനെ ആയിരുന്നു അവരുടെ കൂടിക്കാഴ്ച? എന്റെ വല്യപ്പൂപ്പന്‍ ഗാന്ധിജിയോട് എന്തായിരിക്കും പറഞ്ഞത്? വല്യപ്പൂപ്പനും കൊല്ലപ്പെടുകയായിരുന്നു. ആ ഓര്‍മ്മയില്‍ എന്റെ രക്തം തണുത്തു. അന്ന് അമ്മ കുളിക്കാന്‍ പോയപ്പോള്‍പ്പോലും ഞാന്‍ ഭയചകിതയായി. പാഞ്ഞു നടന്നു വാതിലുകള്‍ അടച്ചു. ജനാലകളുടെ കൊളുത്തുകള്‍ പരിശോധിച്ചു. എന്നിട്ടും ഹൃദയം പടപടാ മിടിച്ചു. രക്തം സിരകളിലൂടെ ഗുമുഗുമാ പാഞ്ഞു. ഞരമ്പുകള്‍ ശരീരത്തിനുള്ളില്‍ ബലൂണ്‍പോലെ വീര്‍ത്തു. ഒരു കത്തി എടുത്ത് ഒറ്റ ചീന്തുചീന്താന്‍ തോന്നി. ചോര കുതിച്ചുചാടണം. കുത്തിയൊലിക്കണം. മുറി നിറയണം. ഞാന്‍ അതില്‍ മുങ്ങിമായണം. പിന്നെ സമീര്‍ സായിദ് എന്നെ എങ്ങനെ കൊല്ലും? സത്യപ്രകാശ് എന്തുചെയ്യും? കത്തിക്കുവേണ്ടി വിരലുകള്‍ ഭ്രാന്തെടുത്തു. എന്തെങ്കിലും ചെയ്തുപോകുമായിരുന്നു. അപ്പോഴേക്ക് അമ്മ വന്നു. ‘എന്താ നിനക്കു കഴിക്കാന്‍ വേണ്ടത്’ എന്നു ചോദിച്ചു. അതോടെ ഞരമ്പിലെ ഫ്‌ലോ പോയി. ‘നോട്ട് നിരോധനം: നേട്ടം അമ്പതിനായിരം കോടി മാത്രം’ എന്നു പത്രത്തില്‍ കണ്ടത് അപ്പോഴാണ്. തൊണ്ണൂറ്റിയയ്യായിരം കോടിയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എനിക്കു വലിയ നിരാശയുണ്ടായി. കഷ്ടപ്പെടാനുള്ളതു കഷ്ടപ്പെട്ടു. ഒരുപാടു സ്വപ്നം കാണുകയും ചെയ്തു. എന്നിട്ടോ? സംഗതി എന്റെ പ്രേമബന്ധംപോലെയായി.
വായിച്ചുകൊണ്ടിരിക്കെ അമ്മ വന്നു കസേര വലിച്ചിട്ട് ഇരുന്നു. തുടര്‍ന്നു ഞങ്ങള്‍ തമ്മില്‍ താഴെപ്പറയുന്ന സംഭാഷണമുണ്ടായി:”നിനക്കെന്താ ഒരു മൂകത? സമീര്‍
സായിദിനെക്കുറിച്ചോര്‍ത്താണോ?”
Comments are closed.