കാണരുതാത്തതും കേള്‍ക്കരുതാത്തതുമായ സത്യങ്ങള്‍ കണ്ടും കേട്ടും വളരേണ്ടി വരുന്ന ഒരു പെണ്‍കുട്ടി…!
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകന് ശ്രീശോഭിൻ എഴുതിയ വായനാനുഭവം
“ഖുച്ചി രുവാ, സത്യപ്രിയാ, ഖുച്ചീ രുവാ.. മത്തെ ഫുല്ലിബെ നായീ.. ബിക്കോസ് ദെയർ ഈസ് ആൾവെയ്സ് അനദർ ചാൻസ്!” -ഒരുൾക്കിടിലത്തോടെയാകും ഓരോ തവണയും വായനക്കാർ ഈ വരികൾ ആവർത്തിച്ചു വായിച്ചിട്ടുണ്ടാകുക. ഒറ്റയടിയ്ക്ക് കഥയുടെ ഗിയർ മാറുന്ന ഒരു ഫീൽ.
ശ്വാസം അടക്കിപ്പിടിച്ചിരുന്നു, ഒറ്റയിരുപ്പിന് തന്നെ വായിച്ചു തീർക്കാൻ പ്രേരിപ്പിയ്ക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ആണ് കെ ആർ മീരയുടെ ഏറ്റവും പുതിയ നോവൽ ആയ “ഘാതകൻ” എന്നു പറയാം.
2016 നവംബർ 8 ലെ നോട്ടുനിരോധനത്തിനു 8 ദിവസങ്ങൾക്ക് ശേഷം നവംബർ 16ന് ഒരു വധശ്രമത്തിൽ നിന്ന് വിസ്മയകരമാം വിധം തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സത്യപ്രിയ… എന്തിന് ഒരാൾ തന്നെ വധിയ്ക്കണം എന്ന ചോദ്യത്തിന് പിറകെ തൻ്റെ ഘാതകനെ അന്വേഷിച്ച് സഞ്ചരിക്കേണ്ടി വരുന്ന സത്യപ്രിയയുടെ കഥ! ചുരുക്കി പറഞ്ഞാൽ അതാണ് ഘാതകൻ. ആ യാത്രയിൽ സത്യപ്രിയയുടെയും അവളുമായ് ബന്ധമുള്ള ഒരുപിടി കഥാപാത്രങ്ങളുടെയും ഭൂതകാലം വായനക്കാർക്ക് മുൻപിൽ ചുരുളഴിയുന്നു.
വളരെ ചെറിയ പ്രായം മുതൽ കാണരുതാത്തതും കേൾക്കരുതാത്തതും ആയ സത്യങ്ങൾ കണ്ടും കേട്ടും വളരേണ്ടി വരുന്ന ഒരു പെൺകുട്ടി. ഓരോ കാലഘട്ടത്തിൽ അവൾ അനുഭവിയ്ക്കുന്ന ദുരിതങ്ങളും അവജ്ഞകളും പരിഹാസങ്ങളും ദാരിദ്ര്യവും തന്നെ ആകും അവളെ ഏതവസ്ഥയിലും കുലുങ്ങാത്ത, അതിശക്തയായ ഒരു കഥാപാത്രമാക്കി മാറ്റുന്നത്.
അതേ പോലെ സത്യപ്രിയയുടെ അമ്മയും അച്ഛനും. ഒരച്ഛൻ എങ്ങനെ ആകരുത് എന്ന് വ്യക്തമായി കാണിച്ചു തരുന്നതിനോടൊപ്പം ആരും ആഗ്രഹിയ്ക്കുന്ന ഒരമ്മ ആയിട്ടാണ് സത്യയുടെ അമ്മ വസന്തലക്ഷ്മി യെ നോവലിസ്റ്റ് നമുക്ക് മുന്നിൽ ആണു അവതരിപ്പിയ്ക്കുന്നത്. നമ്മുടെ മനസ്സിനു എറ്റവും സന്തോഷം തരുന്ന കഥാപാത്രം എന്നു സംശയമേതുമില്ലാതെ പറയാം. എത്ര വലിയ തടസ്സങ്ങളെയും വളരെ ലാഘവത്തോടെ, ആത്മ സംയമനത്തോടെ നേരിടാനും, വിധിയെ പഴിച്ചു വിഷമിയ്ക്കാതെ സാധ്യമായ എല്ലാ രീതികളിലും നമ്മെ ജീവിച്ചു കാണിയ്ക്കുവാനും കഴിയുന്ന ആകർഷകമായ ഒരു കഥാപാത്രം.
എന്നും നല്ല വായനകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കെ ആർ മീരയുടെ, വളരെ മികച്ച വായനാനുഭവം തരുന്ന ഒന്നാണ് ഈ നോവൽ. അവതരണ ശൈലിയും വ്യത്യസ്തമായി തോന്നി.
Comments are closed.