നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ?
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം
നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കഷ്ടം. അതിമഹത്തായ ആത്മവിമുക്തിയുടെ നിമിഷമാണ് അത്. ജീവിച്ചിരിക്കെത്തന്നെ, ശരീരവും ആത്മാവും വിഘടിക്കും. രണ്ടും രണ്ടുവഴിക്കു ചിറകടിക്കും. പക്ഷേ, ഒന്നുണ്ട്. കൊലപാതകത്തില്‍നിന്നു രക്ഷപ്പെടുന്നതിനെക്കാള്‍ അഭികാമ്യം കൊല്ലപ്പെടുന്നതാണ്. അതിജീവിച്ചാല്‍, പിന്നീടുള്ള ജീവിതം സ്വാഹ. കാണുന്നവരിലെല്ലാം കൊലയാളിയെ സംശയിക്കും. സ്വന്തം നിഴല്‍ പോലും തന്റേതല്ല, അയാളുടേതാണ് എന്നു തീരുമാനിക്കും. നെഞ്ചില്‍ എന്തോ തുളഞ്ഞുകയറുന്ന വേദനയില്‍ ഇടയ്ക്കിടെ പുളയും.
നവംബര്‍ പതിനാറിനുശേഷം അതായിരുന്നു എന്റെ അവസ്ഥ. അന്നാണു ഞാന്‍ നേര്‍ക്കുനേരേ ആക്രമിക്കപ്പെട്ടത്. പകല്‍ മുഴുവന്‍ ബാങ്കില്‍ ഞാന്‍ ക്യൂ നില്‍ക്കുകയായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ രാജ്യത്ത് നിരോധിക്കപ്പെട്ടത് അതിന് എട്ടു ദിവസം മുന്‍പായിരുന്നു. ഗവണ്‍മെന്റിന്റെ ദിനംപ്രതിയുള്ള പരസ്പരവിരുദ്ധമായ വിജ്ഞാപനങ്ങളല്ലാതെ, പുതിയ നോട്ടുകള്‍ എത്തിയിരുന്നില്ല. എല്ലാ ബാങ്കുകള്‍ക്കും മുന്‍പില്‍ ജനക്കൂട്ടം രാപകലില്ലാതെ തമ്പടിച്ചു. നിരയില്‍ നില്‍ക്കെ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം ദിനംപ്രതി കൂടിവന്നു. വാടിത്തളര്‍ന്നാണു ഞാന്‍ അന്ന് ഓഫിസില്‍ ചെന്നു കയറിയത്. ജോലികഴിഞ്ഞു വാടകവീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു വധശ്രമം. തുരുമ്പിച്ച ഗേറ്റ് തുറക്കുകയായിരുന്നു ഞാന്‍. നാലാമത്തെ ഷിഫ്റ്റ് ആയിരുന്നതിനാല്‍ രാത്രി പന്ത്രണ്ടര കഴിഞ്ഞിരുന്നു. എന്നെ കൊണ്ടുവന്ന കമ്പനിവണ്ടി കാഴ്ചയില്‍നിന്നു മറയാന്‍പോലും സമയമെടുത്തില്ല. ഇരുട്ടില്‍നിന്ന് ഒരു ബൈക്ക് ശബ്ദമില്ലാതെ ഉരുണ്ടുവന്നു. വഴി തെറ്റി കോളനിയില്‍ കറങ്ങുന്ന ഒരാള്‍ എന്ന ധാരണയില്‍ ഞാന്‍ തിരിഞ്ഞു. അയാള്‍ കാലുകള്‍ക്കിടയിലേക്കു കൈയിടുന്നതു കണ്ടു. ലോകാവസാനം വരെ വംശനാശം സംഭവിക്കാത്ത എക്‌സിബിഷനിസ്റ്റുകളില്‍ ഒരാള്‍ എന്നു ഞാന്‍ തീരുമാനിച്ചു. അപ്പോഴാണ് അയാള്‍ എനിക്കു നേരേ എന്തോ ചൂണ്ടിയത്. അതു തോക്കുതന്നെയാണോ എന്നു ബോധ്യപ്പെടാനൊന്നും മെനക്കെട്ടില്ല. നൊടിയിടയില്‍ താഴേക്കിരുന്നു. പിന്നില്‍ ജനല്‍ച്ചില്ലു തകര്‍ന്ന ശബ്ദം ഭീകരമായി മുഴങ്ങി. എന്റെ ബോധം ക്ഷയിക്കുകയായിരുന്നു. എങ്കിലും അയാള്‍ വീണ്ടും തോക്കു ചൂണ്ടുന്നതു കണ്ണില്‍പ്പെട്ടു. ഞാന്‍ കമഴ്ന്നു വീണു. ഒരു വെടിയുണ്ട നിലത്തു തറഞ്ഞു കണ്ണില്‍ മണ്ണും പൊടിയും നിറഞ്ഞു. അയാള്‍ മൂന്നാമതും ഉന്നം പിടിക്കുന്നതു ഞാന്‍ കണ്ടില്ല. പക്ഷേ, ഞാനതു ദീര്‍ഘദര്‍ശനം ചെയ്തു. പ്രാണവെപ്രാളത്തില്‍ ഞാന്‍ റോ!ഡിലേക്ക് ഉരുണ്ടു. എന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ, അയല്‍പക്കത്തെ അന്നുവരെ പരിചയപ്പെട്ടിട്ടില്ലാത്ത ഫ്രീക്കന്‍ പയ്യന്‍ സെക്കന്‍ഡ് ഷോ കഴിഞ്ഞ് അവന്റെ പോത്തുപോലെയുള്ള ബൈക്കില്‍ പാഞ്ഞുവന്നു. അവന്‍ സഡന്‍ ബ്രേക്ക് ഇട്ടു. ഹോണ്‍ നീട്ടിയടിച്ചു. തോക്കുകാരന്റെ ബൈക്ക് പറന്നകന്നു. അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു.
ആ പയ്യന്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പക്ഷേ, ആത്മാവു ശരീരവുമായി വിഘടിച്ചിരുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞു എന്നുതന്നെ ഞാന്‍ വിശ്വസിച്ചു. അതുകൊണ്ട് എന്റെ കണ്ണുകള്‍ അടഞ്ഞു. കൈകാലുകള്‍ വടിപോലെയായി. എന്നെ താങ്ങിപ്പിടിച്ചുകൊണ്ട്, ഹോണ്‍ അടിച്ചും ‘ഹെല്‍പ്, ഹെല്‍പ്’ എന്നു നിലവിളിച്ചും അവന്‍ അയല്‍ക്കാരെ ഉണര്‍ത്തി. അവന്റെ ശബ്ദം ഒരു നദിക്ക് അക്കരെനിന്ന് എന്നതുപോലെ ഞാന്‍ കേട്ടു. മൃത്യു ഒരു നദിയുടെ നീലാരുണമായ കര മാത്രമാണ് എന്നൊക്കെ എനിക്കു വെളിപ്പെട്ടു. വെടിയുണ്ടകള്‍ തുളഞ്ഞു കയറിയ ശരീരം ചങ്ങാടമാക്കി ഞാന്‍ നദി മുറിച്ചുകടക്കു
കയായിരുന്നു. നദിക്ക് അഗ്‌നിയുടെ നിറമായിരുന്നു. ഓളങ്ങള്‍ കുളി
രുള്ള ജ്വാലകളായി ആകാശത്തേക്ക് ഉയര്‍ന്നു. തീപ്പൊരികളായി നുരകള്‍ ചിതറി. ആരൊക്കെയോ ഓടിക്കൂടി എന്നെ താങ്ങിയെടുക്കുകയും കോളനിയിലെ ഡോക്ടര്‍ ഫെര്‍ണാണ്ടസിന്റെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. ഡോക്ടര്‍ എന്നെ തട്ടിവിളിച്ചു. മുഖത്തു വെള്ളം തളിച്ചു. മനസ്സില്ലാമനസ്സോടെ ഞാന്‍ ജീവിതത്തിന്റെ വിഹ്വലതകളിലേക്കു പുനര്‍ജനിച്ചു.
മൃത്യുവിന്റെ വയലറ്റ് തീരത്തേക്ക് മടങ്ങാന്‍ ആഗ്രഹിച്ചുകൊണ്ടു ഞാന്‍ ഒരു മണിക്കൂറോളം തളര്‍ന്നു കിടന്നു. അതിനിടെ കോളനിയിലെ താമസക്കാരനായ എസ്.പി. അഖില്‍ ഗുപ്ത വന്നു. അയാള്‍ എന്നോട് എന്തൊക്കെയോ ചോദിച്ചു. ഞാന്‍ എന്തൊക്കെയോ പുലമ്പി. സ്‌റ്റേഷനില്‍നിന്നു പോലീസുകാരെ കാവലിനു നിയോഗിച്ചതായി അയാള്‍ അറിയിച്ചു. അന്നു ഞാന്‍ ആ ഫ്രീക്കന്‍ പയ്യന്റെ വീട്ടില്‍ കഴിഞ്ഞു. അവന്റെ പേരു മൃത്യുഞ്ജയ് സെന്‍ എന്നാണ് എന്നു കേട്ടപ്പോള്‍ ആ അവസ്ഥയിലും എനിക്കു ചിരിപൊട്ടി. അവന്റെ അമ്മ ഡോ. സന്ദീപ സെന്‍ യൂണിവേഴ്‌സിറ്റി അധ്യാപികയായിരുന്നു. അവര്‍ എന്നെ അനുകമ്പയോടെ സ്വീകരിച്ചു. ഡോ. ഫെര്‍ണാണ്ടസ് ഉറക്കഗുളിക തന്നിരുന്നതിനാല്‍ ഞാന്‍ മരിച്ചതുപോലെ ഉറങ്ങി. രണ്ടു തവണ ഞാന്‍ നിലവിളിച്ചെന്നു രാവിലെ സന്ദീപ സെന്‍ പറഞ്ഞു. അവരോടു നന്ദി പറഞ്ഞു വേച്ചു വേച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ശരീരം എന്നതു മാംസം ഉണങ്ങാത്ത തുകലുറയായി മാറി. ഗൂര്‍ഖകള്‍ കത്തി ഇട്ടുവയ്ക്കുന്ന ഉറപോലെ ഒരെണ്ണം. ഉള്ളിലുള്ളതിന്റെ മൂര്‍ച്ച മറച്ചുവയ്ക്കാനും അതില്‍നിന്നു ലോകത്തെ രക്ഷിക്കാനും വേണ്ടിയുള്ളത്.
എസ്.പിയും റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും ഗേറ്റിനു മുന്നിലുണ്ടായിരുന്നു. അവര്‍ മുന്‍മന്ത്രിയുടെ മകളുടെ വിവാഹത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. വധുവിന്റെ പട്ടുസാരിക്കു 17 കോടി വിലയുണ്ടെന്ന് എസ്.പി. പറയുന്നതു കേട്ടു. നോട്ട് നിരോധനത്തോടെ കള്ളപ്പണം ഇല്ലാതെയാകുമെന്ന അവരുടെ വിശ്വാസം മങ്ങിയതായി തോന്നി.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.