ഒരാള്‍ മരിച്ച മുറിയിലേക്കു നിങ്ങള്‍ ഒറ്റയ്ക്കു കടന്നുചെന്നിട്ടുണ്ടോ?
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകനില്‍ നിന്നും ഒരു ഭാഗം
ഒരാള്‍ മരിച്ച മുറിയിലേക്കു നിങ്ങള്‍ ഒറ്റയ്ക്കു കടന്നുചെന്നിട്ടുണ്ടോ? അതും അര്‍ദ്ധരാത്രിയില്‍? ഇല്ലെങ്കില്‍ കഷ്ടം. വല്ലാത്തൊരു അനുഭവമാണ് അത്. പ്രത്യേകിച്ചും നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന രഹസ്യവുമായി ഒരു ആത്മാവ് ആ മുറിയില്‍ കാത്തിരി
ക്കുമ്പോള്‍. ഞാന്‍ ഇരുട്ടിലൂടെ വാതില്‍ കടന്നു മുറിയില്‍ കാല്‍കുത്തി. അച്ഛന്റെ മലമൂത്രാദികളുടെ മണം പോകാന്‍ അമ്മ വാരിക്കോരി തൂവിയ ഡെറ്റോളിന്റെ ഗന്ധം മാഞ്ഞിരുന്നില്ല. ഞാന്‍ അല്പനേരം നിന്നു. പ്രകാശവും പണവും തമ്മില്‍ സാമ്യമുണ്ട്. കുറഞ്ഞാലും കൂടിയാലും അതു ശീലമായിക്കൊള്ളും. കണ്ണുകള്‍ ഇരുട്ടിനോടു പെട്ടെന്നു സമരസപ്പെട്ടു. കാഴ്ചകള്‍ തെളിഞ്ഞു. ഇരുട്ടില്‍ അങ്ങേയറ്റത്ത് അച്ഛന്‍ കിടന്നിരുന്ന കട്ടില്‍. അച്ഛന്റെ കസേര. മരുന്നുകുപ്പികള്‍ നിരത്തി വയ്ക്കാന്‍ കട്ടിലിന് അരികില്‍ ചേര്‍ത്തിട്ട മേശ. അച്ഛന്റെ സ്റ്റീല്‍ അലമാരകള്‍. കട്ടിലിന് അപ്പുറത്ത് എന്റെ മുട്ടോളം ഉയരമുള്ള തടിപ്പെട്ടി. അച്ഛനെക്കുറിച്ച് എനിക്കു വേദന തോന്നി. പാവം, ജീവിച്ചിരിക്കെ, രഹസ്യങ്ങളാല്‍ എത്ര ശ്വാസം
മുട്ടിയിട്ടുണ്ടാകണം! മനുഷ്യര്‍ക്കു രഹസ്യങ്ങള്‍ ഉണ്ടാകുന്നത് അരക്ഷിതത്വത്തില്‍നിന്നും പ്രേമമുണ്ടാകുന്നത് അപകര്‍ഷത്തില്‍ നിന്നുമാണ്. എന്റെ കാര്യം വ്യത്യസ്തമായിരുന്നു. എന്റെ രഹസ്യങ്ങളും പ്രേമങ്ങളും ഒന്നുതന്നെയായിരുന്നു. അവ രണ്ടും ഉദ്ഭവിച്ചത് അരക്ഷിതത്വത്തില്‍നിന്നായിരുന്നു.
അങ്ങനെ നില്‍ക്കെ, എന്റെ ചെവിക്കരികില്‍ ആരോ മന്ത്രിച്ചു: ‘നിനക്കെന്താ ഉറക്കമില്ലേ?’ ഞാന്‍ ഞെട്ടിത്തിരിഞ്ഞു. തൊട്ടുപിന്നില്‍ മുടി വിതിര്‍ത്തിട്ടു നിന്ന സ്ത്രീയെ കണ്ട് ഉറക്കെ നിലവിളിച്ചു. അമ്മ ലൈറ്റ് ഇട്ടു, മുടി മാടിക്കെട്ടിയ ശേഷം എന്നെ കോപത്തോടെ നോക്കി:
”മനുഷ്യരെ പേടിപ്പിക്കാന്‍! നീയെന്തിനാടീ സത്യേ ഇരുട്ടത്ത് അലറി വിളിക്കുന്നത്?”
വീണ്ടും ചെന്നു കിടന്നിട്ടും ഹൃദയമിടിപ്പ് അടങ്ങിയില്ല. ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷേ, അമ്മയുടെ വലത്തെ ചുമലില്‍ മുഖം അമര്‍ത്തി കിടക്കെ, സംശയങ്ങള്‍ എന്നെ തുളച്ചു–ഇതു വാസ്തവത്തില്‍ അമ്മയാണോ? അതോ അച്ഛനെ കുത്തി
വീഴ്ത്തിയ സ്ത്രീയാണോ? ഇനി അമ്മതന്നെയാണോ അച്ഛനെ കുത്തിവീഴ്ത്തിയത്? ഓര്‍ക്കാപ്പുറത്ത് ഒരു നിമിഷം അമ്മ തിരിഞ്ഞുകിടന്ന് എനിക്കു നേരേ വെടിയുതിര്‍ക്കുമോ?
Comments are closed.