ഹെലികോപ്റ്റർ ദുരന്തം; ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു
ചെന്നൈ: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു . വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.
വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര. ഇതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്.
Comments are closed.