DCBOOKS
Malayalam News Literature Website

സഞ്ചാര സ്വാതന്ത്ര്യങ്ങളിലെ ലിംഗവിചാരങ്ങള്‍

കോവിഡ് കാലത്തെ ലിംഗഭേദങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും അനുഭവങ്ങളും ആലോചനകളും ആവിഷ്‌കരിക്കുന്ന സമാഹാരം ‘ലിംഗപദവി‘യിൽ രജിത ജി എഴുതിയ ലേഖനത്തിൽ നിന്നും 

“Result: SARS CoV-2 RNA NOT DETECTED” അക്ഷരങ്ങള്‍ എന്റെ മുന്‍പില്‍ നൃത്തം ചെയ്യുകയായിരുന്നു. മൂന്നു നാലു ദിവസമായി തൊണ്ടയില്‍ ഒരു ബുദ്ധിമുട്ട്, നേരിയ തലവേദന, ലക്ഷണമില്ലാതെയും കോവിഡ് വരാം എന്ന വിദഗ്‌ദ്ധോപദേശം, രോഗി സന്ദര്‍ശിച്ച കടകളുടെ ലിസ്റ്റില്‍ ഞാന്‍ 20 ദിവസം മുന്‍പ് പോയ ഒരു കടയും ഉള്‍പ്പെട്ടതായി പത്രവാര്‍ത്ത…ഇത്രയുമൊക്കെ ആയപ്പോഴാണ്, സ്വയം ഒരുറപ്പിനു വേണ്ടി ടെസ്റ്റ് ചെയ്തത്. വീട്ടുസാധനങ്ങള്‍ വാങ്ങാനായിട്ടോ വെറുതേ കുറച്ചു ദൂരം കാറോടിച്ചുകൊണ്ടോ, ഏറ്റവും കുറഞ്ഞത് രണ്ടുദിവസത്തിലൊരിക്കലെങ്കിലും പുറത്തിറങ്ങിയിരുന്നതാണ്. സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നുവെങ്കിലും അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുന്നവര്‍ക്കും ‘പണി’ കിട്ടാന്‍ തുടങ്ങിയപ്പോള്‍ കൂടെയുള്ളവരെക്കൂടി അപകടത്തിലാക്കണ്ട എന്നൊരു മുന്‍കരുതല്‍. വീട്ടിലിരിക്കാതെ കറങ്ങി നടന്നിട്ടല്ലേ ഇപ്പോ ടെസ്റ്റ് ചെയ്യേണ്ടിവന്നത് എന്ന വീട്ടുകാരുടെ പറച്ചില്‍ ഞാന്‍ കേട്ടതായി ഭാവിക്കുന്നതേയില്ല. കാരണം എനിക്ക് വീട്ടില്‍ അടച്ചിരിക്കാനാവില്ല എന്ന് അവര്‍ക്ക് നന്നായറിയാം.

ഡിഗ്രി കഴിഞ്ഞപ്പൊഴോ മറ്റോ എഴുതിയ ഒരു ബാങ്ക് ടെസ്റ്റാണ് ജോലിക്കു വേണ്ടി എഴുതിയ ഒരേയൊരു ടെസ്റ്റ്. അതും, കൂട്ടുകൂടി കോട്ടയത്തു പോകാനും, ടെസ്റ്റ് കഴിഞ്ഞ് ബെസ്റ്റോട്ടലീന്ന് പൊറോട്ടയടിക്കാനും ഉള്ള ആഗ്രഹമൊന്നുകൊണ്ടു മാത്രം. നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് ഫയല് നോക്കുന്ന പണിയെങ്ങാനും കിട്ടിയാലോന്ന് പേടിച്ച് പിഎസ്‌സി പരീക്ഷകള്‍ ഒന്നും അപേക്ഷിച്ചതുകൂടിയില്ല (അഹങ്കാരമാണെന്നു കുറ്റപ്പെടുത്താത്തത് വീട്ടുകാര്‍ മാത്രമാണ്). ഡിഗ്രി കഴിഞ്ഞപ്പോള്‍ ജേണലിസം പഠിക്കണമെന്നു പറഞ്ഞതും കറങ്ങി നടക്കാനുള്ള ലൈസന്‍സ് ആകുമല്ലോ എന്ന് കരുതിയാണ്. പഠിച്ച വിഷയം കൊണ്ട് ജേണലിസ്റ്റ് ആയില്ലെങ്കിലും എത്തിപ്പെട്ടത് യാത്രക്ക് സാധ്യതയുള്ള മേഖലയില്‍ തന്നെയായിരുന്നു. സര്‍ക്കാരിതര സേവന മേഖല, പോരാത്തതിന് ഫെമിനിസ്റ്റ് സംഘടന. പരിശീലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും മീറ്റിങുകള്‍ക്കുമായി ഇക്കാലം കൊണ്ട് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ഒത്തിരി യാത്ര ചെയ്തു. അതില്‍ തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കേരളത്തെ തൊട്ടറിഞ്ഞുകൊണ്ടുള്ളവയായിരുന്നു. പക്ഷേ ഞാനാഗ്രഹിച്ചതു പോലെയുള്ള യാത്രകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയില്‍ ഔദ്യോഗികയാത്രകളുടെ വലിച്ചുനീട്ടലുകളല്ലാതെ, യാത്രക്കായുള്ള യാത്രകള്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഈ ലോക് ഡൗണ്‍ കളി തുടങ്ങിയത്.

അതേ, കഴിഞ്ഞ നാലു മാസമായി കണ്ണിനു കാണാനാവാത്ത ഒരു അണു നമ്മളെ പൂട്ടിയിട്ടിരിക്കുകയാണ്. നമ്മളെ എന്നു പറയുമ്പോള്‍ ആണിനെയും പെണ്ണിനെയും ട്രാന്‍സ്ജന്ററിനെയും എല്ലാം…കുട്ടികളെയും വൃദ്ധരെയും യുവാക്കളെയും…ശമ്പളമുള്ളവരെയും ദിവസക്കൂലിക്കാരെയും ‘തൊഴിലില്ലാത്ത’വരെയും എല്ലാം. ‘ഇക്കാലവും കഴിഞ്ഞുപോകും’ എന്ന് നമ്മള്‍ സമാധാനിക്കാന്‍ ശ്രമിക്കുന്നു.  ‘ഫെബ്രുവരിക്കു ശേഷം യാത്രകളൊക്കെ മുടങ്ങി’ എന്നു വിഷമിക്കുന്ന കൃഷ്ണ വേണിയും, തുടക്കത്തിലെ ഫ്രസ്‌ട്രേഷനുകളെ തരണം ചെയ്ത്, ഇനി Textപോകാനുള്ള സ്ഥലങ്ങളുടെ റൂട്ടുമാപ്പുകള്‍ തയ്യാറാക്കുന്ന ഷൈനിയും, ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മുന്‍കരുതലുകള്‍ എടുത്തുകൊണ്ടാവും ഇനിയുള്ള യാത്രകള്‍’ എന്ന് പ്രതീക്ഷ പുലര്‍ത്തുന്ന സുധീറും എന്റെ ചുറ്റുമുണ്ട്. എങ്കിലും, ‘എന്ന്’ എന്ന അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നു.

കേരളത്തിലെ കോവിഡ് രോഗികളുടെ കണക്കുകളില്‍ ഒരു പ്രത്യേകത നിങ്ങള്‍ ശ്രദ്ധിച്ചോ? 77 ശതമാനത്തോളവും പുരുഷന്മാരാണ്, അതും ഇരുപതിനും മുപ്പതിനും ഇടയിലുള്ളവര്‍ (1). മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ പുറത്തിറങ്ങുന്നവര്‍ അവരായതാവും ഈ അവസ്ഥക്കു കാരണം. ഈയൊരു സാഹചര്യത്തിലല്ലെങ്കില്‍ പോലും യാത്ര ചെയ്യാന്‍ അവസരവും അനുവാദവും കൂടുതലുള്ളത് അവര്‍ക്കാണല്ലോ. എങ്ങോട്ടു പോകുന്നു, എപ്പോള്‍ പോകുന്നു, എന്തിനു പോകുന്നു എന്നിവയൊന്നും ചോദ്യങ്ങളേയല്ല ഭൂരിപക്ഷം ആണുങ്ങള്‍ക്കും. സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള അവരുടെ യാത്രകള്‍ കൗമാരത്തിലേ തുടങ്ങുന്നു. അത് കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി സ്വകാര്യ വാഹനങ്ങളിലോ പൊതു വാഹനങ്ങളിലോ, കയ്യിലെ പണത്തിന്റെ ബലമനുസരിച്ച് അവര്‍ നടത്തുന്നു. പുതിയ ആളുകള്‍, അറിവുകള്‍, സംസ്‌കാരങ്ങള്‍, പ്രകൃതി- പോസിറ്റീവ് എനര്‍ജി കിട്ടുന്ന യാത്രകള്‍ ചെയ്യാന്‍ ആഗ്രഹമുള്ള ഒരുപാടാളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. പക്ഷേ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചും വീട്ടമ്മമാര്‍ക്ക്, അതിനുള്ള സാഹചര്യങ്ങള്‍ കുറവാണ്. വിനോദയാത്രകള്‍ എന്നല്ല ഏതുതരം യാത്രകളും സ്ത്രീകള്‍ക്ക് അനേകം (വാച്യവും അവാച്യവുമായ) ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കിയാല്‍ മാത്രം സാദ്ധ്യമാകുന്നവയാണല്ലോ.

കുടുംബപരമായ ആവശ്യങ്ങള്‍ക്ക്, തൊഴിലുമായി ബന്ധപ്പെട്ട്, മതപരമായ ചടങ്ങുകള്‍ക്ക് എന്നീ കാര്യങ്ങള്‍ക്കായാണ് കേരളത്തിലെ സ്ത്രീകള്‍ വീടിനു പുറത്ത് പ്രധാനമായും യാത്രചെയ്യുന്നത് എന്നാണ്, വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നടത്തിയിട്ടുള്ള ‘സ്ത്രീ പദവി പഠനങ്ങള്‍’ പറയുന്നത് (ഉദാ: വാഴൂര്‍, തിരുവാലി, എടവക). അവര്‍ അപൂര്‍വ്വമായി വിനോദ യാത്രകള്‍ കുടുംബത്തോടൊപ്പം മാത്രം നടത്തുന്നു. 2010 ല്‍ സഖി സ്ത്രീ പഠനകേന്ദ്രം തിരുവനന്തപുരം നഗരത്തില്‍ നടത്തിയ പഠനത്തില്‍, ലൈംഗികമായി ആക്രമിക്കപ്പെടുമോ എന്ന ഭയമാണ് 98 ശതമാനം സ്ത്രീകളെയും റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതുഇടങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുന്ന ഘടകം എന്ന് കണ്ടെത്തുകയുണ്ടായി. വെറും ഭയം മാത്രമല്ല, 65 ശതമാനം സ്ത്രീകളും ഒരു വര്‍ഷത്തിനുള്ളില്‍ 2 മുതല്‍ 5 തവണവരെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുമുണ്ട്. ശ്രദ്ധേയമായ വസ്തുത, ഇതിന് പ്രതിവിധിയായി 39% സ്ത്രീകളും ചെയ്യുന്നത് ഒരു സമയത്തും ഒറ്റക്ക് വീടിനു പുറത്തു പോകാതിരിക്കുക എന്നതാണ് (2). 2014 ല്‍ നടന്ന മറ്റൊരു പഠനത്തില്‍, കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പൊതു ഇടങ്ങളില്‍ (പ്രത്യേകിച്ചും നേരമിരുട്ടിക്കഴിഞ്ഞാല്‍) സ്ത്രീകളുടെ സാന്നിദ്ധ്യം തീരെ കുറവാണ് എന്നും കണ്ടെത്തിയിട്ടുണ്ട് (3). സ്ത്രീയായി ജനിച്ചു എന്നതുകൊണ്ട് മാത്രം പോസിറ്റീവ് എനര്‍ജി കിട്ടുന്ന യാത്രകള്‍ സ്വയം ഒഴിവാക്കേണ്ടി വരുന്നു സ്ത്രീകള്‍ക്ക്. ഇഷ്ടമുള്ള യാത്രകളെയും, ഇഷ്ടമുള്ള വസ്ത്രങ്ങളെയും ഇഷ്ടമുള്ള ആളുകളെയും ഇഷ്ടമുള്ള ജോലിയെയും എല്ലാം സ്വയം വേണ്ട എന്നു വെക്കുന്നു സ്ത്രീകള്‍…എല്ലാം കുടുംബ ഭദ്രതക്ക് വേണ്ടി.

സ്ത്രീയുടെയും പുരുഷന്റെയും യാത്രകളുടെ രീതിയിലും (പാറ്റേണ്‍) വ്യത്യസങ്ങള്‍ കാണാം. ഒരു ദിവസത്തെ പുരുഷന്മാരുടെ യാത്രകള്‍ വിശകലനം ചെയ്താല്‍, അവ കൂടുതലും നേര്‍രേഖയിലായിരിക്കും; സ്ത്രീകളുടേത് സിഗ്‌സാഗ് രീതിയിലും. ജോലിക്കു പോകുക, വീട്ടു സാധനങ്ങള്‍ വാങ്ങാനായി കടയിലേക്കുള്ള ഒരു യാത്ര, സുഹൃത്തുക്കളെ കാണാനായി ക്ലബിലേക്കോ ‘കവല’യിലേക്കോ ഉള്ള യാത്ര എന്നിങ്ങനെ ഒറ്റയാത്രകളായി പുരുഷന്മാര്‍ സഞ്ചരിക്കുന്നു. അതും കാറിലോ ബൈക്കിലോ ആയി എളുപ്പത്തിലാവും അവരുടെ യാത്ര. സ്ത്രീകളാവട്ടെ, പ്രത്യേകിച്ചും വീട്ടമ്മമാര്‍, ഒരു തവണ പുറത്തിറങ്ങുമ്പോള്‍ പല കാര്യങ്ങള്‍ നടത്തിയിട്ടാകും വീട്ടില്‍ തിരിച്ചു കയറുന്നത്. രാവിലെ കുട്ടിയെ സ്‌കൂളിലാക്കാനായി വീട്ടില്‍ നിന്നിറങ്ങുന്ന അമ്മ തിരിച്ചു വരുന്നവഴി  ബാങ്കില്‍ കയറി, ഇലക്ടിസിറ്റി ബില്ലടച്ച്, മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നു വാങ്ങി, പച്ചക്കറിയും വാങ്ങി തിരിച്ചു വരുന്ന രീതി. ഇതിനായി മിക്കവരും ആശ്രയിക്കുന്നത് ഓട്ടോറിക്ഷയാണ്. ഇങ്ങനെ പലയിടത്തും നിര്‍ത്തി നിര്‍ത്തി അവസാനം വീടെത്തുമ്പോള്‍ ഡ്രൈവര്‍ കൂടുതല്‍ പണം ചോദിക്കുന്നത് വഴക്കിലേക്കും ചീത്തവിളിയിലേക്കും എത്തുന്ന ധാരാളം സന്ദര്‍ഭങ്ങള്‍, പോലീസിന്റെയും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെയും വിവിധ ‘സ്ത്രീ സുരക്ഷാ പരിശീലങ്ങളില്‍’ ഈ ഡ്രൈവര്‍മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

കൃത്യമായ, സമൂഹം അംഗീകാരം നല്‍കിയിരിക്കുന്ന ഒരു കാരണമില്ലാതെ സ്ത്രീകള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ കഴിയില്ല എന്നത് അവരുടെ യാത്രകള്‍ക്ക് ഏറ്റവും വലിയ തടസ്സങ്ങളാണ്. പണ്ട് അവധിക്കാലങ്ങളില്‍ അമ്മവീട്ടില്‍  പോകുമ്പോള്‍, 200 മീറ്റര്‍ അപ്പുറമുള്ള അമ്മാവന്റെ വീട്ടില്‍ നിന്നും തിരിച്ചു ചെല്ലുന്നത് ഇരുട്ടു വീണിട്ടാണെങ്കില്‍ അമ്മൂമ്മ വഴക്കു പറയുമായിരുന്നു…’പെമ്പിള്ളേര്‍ സന്ധ്യകഴിഞ്ഞ് ഇറങ്ങി നടക്കരുത്’ന്ന്. ഇപ്പഴും സന്ധ്യ കഴിഞ്ഞാല്‍ സ്ത്രീകളെ പുറത്തു കാണുന്നത് അപൂര്‍വ്വം തന്നെയാണ്, കേരളത്തിന്റെ തലസ്ഥാനമായ ഈ തിരുവനന്തപുരത്തും. മെട്രോ സിറ്റിയായ കൊച്ചിയില്‍ സ്ഥിതി കുറച്ചൂടെ ഭേദമാണെന്നു തോന്നുന്നു. പക്ഷേ സ്വന്തമായി വാഹനമില്ലാത്തവരെയും, നല്ല വെളിച്ചമുള്ള പ്രധാന റോഡുകളില്ലാതെയും, കൂട്ടത്തോടെ അല്ലാതെയും ഒക്കെ സ്ത്രീകളെ കാണാന്‍ കൊച്ചിയിലും തൃശൂരും കോഴിക്കോടും ഒന്നും സാധിക്കുമെന്നു തോന്നുന്നില്ല. പഠിക്കാനായും ജോലിക്കായുമൊക്കെ കേരളത്തിനു പുറത്തേക്കു പോകുന്ന പെണ്‍കുട്ടികള്‍ തിരിച്ച് കേരളത്തിലേക്കു വരാന്‍ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതൊക്കെ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. പകലാണെങ്കില്‍ പോലും നാട്ടിന്‍പുറങ്ങളിലെ ചേച്ചിമാരുടെയും അമ്മൂമ്മമാരുടെയും ഒരു ചോദ്യമുണ്ട് (അമ്മാവന്മാരുടെ നോട്ടങ്ങളിലും) ‘ഈ നേരത്തു നീ ഇതെവിടെ പോകുന്നു മോളേ’ന്ന്, അല്ലെങ്കില്‍ ‘നീയെന്താ ഒറ്റക്കേയുള്ളോ’ എന്ന്. പിന്നെ നമ്മള്‍ പോകുന്നത് എങ്ങോട്ടാണെന്നും, എപ്പോ തിരിച്ചു വരുമെന്നും, വീട്ടുകാരുടെ അനുവാദത്തോടെയാണ് നമ്മള്‍ പോകുന്നതെന്നും, സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉണ്ടാകും എന്നുമൊക്കെ ഉറപ്പാക്കിയിട്ടേ ഒരിഞ്ചു മുന്നോട്ടു നീങ്ങാന്‍ ഈ സ്‌നേഹസമ്പന്നര്‍ നമ്മളെ സമ്മതിക്കുകയുള്ളൂ. എല്ലാവരും ‘നല്ല സ്ത്രീ’കളായിരിക്കണമെന്ന ഇവരുടെ ആഗ്രഹം മുളപൊട്ടിയതും തഴച്ചു വളര്‍ന്നതും പാട്രിയാര്‍ക്കി എന്ന വളക്കൂറുള്ള സാമൂഹ്യ വ്യവസ്ഥിതിയിലാണെന്ന് മനസ്സിലാക്കിയാല്‍, പാവം ചേച്ചി/ അമ്മൂമ്മ എന്ന് സഹതപിച്ചുകൊണ്ട് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇവരെ അവഗണിക്കാന്‍ നമുക്കാവും. ടൗണുകളുടെ ഗുണം നമ്മുടെ അജ്ഞാതത്വമാണ് (അനോണിമിറ്റി). നേരിട്ടുള്ള ചോദ്യങ്ങള്‍ ഉണ്ടാവില്ല എന്നര്‍ത്ഥം. പക്ഷേ, രാത്രിയില്‍ ഇറങ്ങിനടക്കുന്നവള്‍ കൂടെക്കിടക്കാന്‍ തയ്യാറുള്ളവളാണെന്ന വിചാരമാണ് ധാരാളം ആണുങ്ങള്‍ക്കും. അത് ഉറപ്പാക്കാന്‍ പലരീതിയില്‍ അവര്‍ ശ്രമിക്കുകയും ചെയ്യും. ഈ ശല്യം ഒഴിവാക്കാന്‍, രാത്രിയില്‍ ഇറങ്ങി നടക്കണ്ട എന്ന് സ്ത്രീകള്‍ തീരുമാനിക്കുന്നു. രാത്രകളിലെ സ്ത്രീ സാന്നിദ്ധ്യം കൂട്ടാന്‍ വേണ്ടിയാണ് സാമൂഹ്യ നീതി വകുപ്പ് കഴിഞ്ഞ വര്‍ഷം നൈറ്റ് വാക്കുകള്‍ സംഘടിപ്പിച്ചത്. തുടക്കത്തിലെ ആവേശം തണുത്തുവെങ്കിലും അപൂര്‍വ്വമായി ചില നടത്തങ്ങള്‍ തുടര്‍ന്നിരുന്നു. പക്ഷേ അതിനെയും കൊറോണ കൊണ്ടുപോയ അവസ്ഥയാണ്!

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.