DCBOOKS
Malayalam News Literature Website

ജൻഡർ ന്യൂട്രാലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ല : എം. സ്വരാജ്

ജൻഡർ ന്യൂട്രാലിറ്റി എന്നത് വസ്ത്രം മാറ്റി ഇടുന്നതല്ലെന്ന് എം. സ്വരാജ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആറാം പതിപ്പിലെ മൂന്നാം ദിവസം” കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം”എന്ന സെഷനിൽ പി. കെ. ഫിറോസിന്റെ പരാമർശത്തോട് വിയോജിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയല്ല വ്യത്യസ്ത ആശയധാരകളും സ്വാതന്ത്ര്യ സമരവുമാണെന്ന് എം. ടി. രമേശ്‌ അഭിപ്രായപ്പെട്ടു. കേരളത്തിൽ കോൺഗ്രസിലെ കേളപ്പൻ ഇതിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നെന്നും അൻപതുകളുടെ അവസാനത്തിൽ കേരളത്തിന്റെ ഭാഗമായ ബിജെപിയും ജനസംഘവും വലിയ രീതിയിൽ ഇടപെടലുകൾ നടത്തിയതായും അടിയന്തരാവസ്ഥ കാലത്തിൽ സമരത്തിന് നേതൃത്വം നല്കാനും സാധിച്ചു എന്നും എം. ടി. രമേശ്‌ പറഞ്ഞു. വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളും ശബരിമല സമരവും തമ്മിൽ കൂട്ടി കുഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ന്യുനപക്ഷങ്ങളുടെ വളർച്ചയും സുരക്ഷയും മുന്നിൽ കണ്ടാണ് ലീഗ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേയ്ക്ക് കടന്നു പോകുന്നതെന്നും കേരളത്തിന്റെ വളർച്ച എന്നാൽ അതിലെ വിവിധ വിഭാഗങ്ങളുടെ വളർച്ചയാണെന്നും പി. കെ. ഫിറോസ് ചർച്ചയിൽ പറഞ്ഞു. ഏറ്റവും വലിയ കാര്യം മുസ്ലീങ്ങളുടെ അരക്ഷിത ബോധം മാറ്റാൻ ലീഗിനായി എന്നതാണെന്നും മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസപരമായ മാറ്റത്തിലും ലീഗിന് വലിയ പങ്കുണ്ടെന്നും വേഷം മാറുമ്പോൾ ജൻഡർ ഇക്വാളിറ്റി വരില്ല എന്നും ഒപ്പം ജൻഡർ ജസ്റ്റിസ് ആണ് ജൻഡർ ഇക്വാളിറ്റിയെക്കാൾ നാം നോക്കി കാണേണ്ടത് എന്നും പി.കെ. ഫിറോസ് നിരീക്ഷിച്ചു.

കോൺഗ്രസാണ് സ്വാതന്ത്ര്യത്തിനും സാമൂഹ്യ പരിഷ്കരണത്തിനും വേണ്ടി പടപൊരുതിയതെന്ന് ദിനേശ് പെരുമണ്ണ ചർച്ചയിൽ പറഞ്ഞു. കലാന്തരത്തിൽ നേതാക്കൾ മറ്റു ആശായങ്ങളിലേയ്ക്ക് പോയെങ്കിലും അവർക്ക് പ്രചോദനമായത് കോൺഗ്രസാണെന്നും കോൺഗ്രസിന്റെ യാത്രയ്ക്കിടയിൽ പല വീഴ്ചയും ഉണ്ടാകാം. എന്നാൽ അത് കോൺഗ്രസിന്റെ പ്രാധാന്യം ഇല്ലാതാകുന്നില്ലെന്നും കോൺഗ്രസിന്റെ നയം മതേതരത്വം ആണെന്നും ശബരിമല വന്നപ്പോഴും കോൺഗ്രസ്‌ സമരമുഖത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സാമൂഹ്യ മുന്നേറ്റം തന്നെ ഒരു രാഷ്ട്രീയ മുന്നേറ്റം ആയി മാറി എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നതെന്നും ഗുരുവായൂർ, വൈക്കം സത്യാഗ്രഹങ്ങൾ തൊട്ട് എല്ലാത്തിലും കൃത്യമായി ഇടതുപക്ഷത്തിന്റെ ഇടപെടൽ ഉണ്ട് എന്നും എം. സ്വരാജ് ചർച്ചയിൽ പറഞ്ഞു.

Comments are closed.