വിശകലനം – ഗീതാപ്രസ്സും അംബേദ്‌കർധാരയും
ഡോ. രതീഷ് ശങ്കരൻ
ഇന്ത്യൻ ജനസാമാന്യത്തിൻ്റെ സാംസ്‌കാരികബോധത്തെ പൗരാണികമായി ക്രമീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മാധ്യമസ്ഥാപനമാണ് ഗീതാപ്രസ്സ്, ഗാന്ധി-അംബേദ്‌കർ വിരുദ്ധതയിലും മുസ്‌ലിം വിദ്വേഷത്തിലും അടിയുറച്ച ഗീതാപ്രസ്സിന്റെ നാൾവഴികളും അംബേദ്കറിൻ്റെ ഹിന്ദുരാഷ്ട്രവിരുദ്ധ മാധ്യമ പ്രവർത്തനങ്ങളെയും അപഗ്രഥനവിധേയമാക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്.
ഇന്ത്യയെ ഇന്ത്യയായിത്തന്നെ നിലനിർത്തുകയെന്ന രാഷ്ട്രീയജാഗ്രത ഒരു പൗരബോധമായി മുന്നേറുമ്പോൾമാത്രമാണ് നമ്മുടെ രാഷ്ട്രം വളരുന്നത്. ഭാരതമോ ഭാരതത്തിൻ്റെ തന്നെ അന്തർരൂപമായ ആദ്യാവർത്തമാണോ? അല്ലെങ്കിൽ ബ്രിട്ടീഷ് ബ്രിട്ടീഷാനന്തരം പൗരാണിക വിശുദ്ധിയിൽനിന്ന് കളങ്കിതമായി രൂപപ്പെട്ട ഇന്ത്യയാണോ തുടരേണ്ടത്? പൗരാണിക ആർഷത്തിൽ അതായത് ശ്രേണീകൃത അസമത്വ-ആഭ്യന്തരകൊളോണിയലിസത്തിൽനിന്നും വിച്ഛേദിക്കപ്പെടുന്ന ഇന്ത്യയാണോ രൂപംകൊള്ളേണ്ടത് എന്നുള്ള ചോദ്യങ്ങളും അവകാശവാദങ്ങളും ഇന്ത്യൻദേശീയചരിത്രത്തിലെ വൈരുദ്ധ്യാത്മക നിലപാടുകളായിരുന്നു. ഇന്ത്യൻദേശീയതയുടെ ചരിത്രത്തെ പ്രശ്‌നവൽക്കരിച്ചുകൊണ്ട്‌മാത്രമേ നമുക്ക് സമകാലികമായി ‘ഇന്ത്യ’യെ സംരക്ഷിക്കാനും നയിക്കാനും സാധിക്കുകയുള്ളൂ. ഇന്ത്യയെ ഏകമതാത്മകതയിൽ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും അതിനോട് എതിരിട്ടുകൊണ്ട് മതവൈവിധ്യബഹുസ്വരതയിൽ ഇന്ത്യയെ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങളും ഒരേസമയം തന്നെ നടക്കുന്നുണ്ട്. ആ ഘട്ടത്തിലെ ഇന്ത്യൻമാധ്യമങ്ങളുടെ രാഷ്ട്രീയകാഴ്ചപ്പാടുകളെ സംബന്ധിച്ച ചരിത്രപരമായ പരിശോധന ഇവിടെ പ്രസക്തമാണ്. ഇന്ത്യൻജനസാമാന്യത്തിന്റെ സാംസ്‌കാരികബോധത്തെ പൗരാ ണികമായി ക്രമീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മാധ്യമസ്ഥാപനമാണ് ഗീതാപ്രസ്സ്. ഗാന്ധി അംബേദ്‌കർ വിരുദ്ധതയിലും മുസ്‌ലിം വിദ്വേഷ ത്തിലും അടിയുറച്ച ഗീതാപ്രസ്സിൻ്റെ നാൾവഴികളും അംബേദ്കറിന്റെ ഹിന്ദുരാഷ്ട്രവിരുദ്ധ മാധ്യമപ്രവർത്തനങ്ങളെയും അപഗ്രഥനവിധേയമാക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്.
ഹിന്ദുരാഷ്ട്രഭാവനകളും ഗീതാപ്രസ്സും
ഇന്ത്യൻ ദേശീയതയുടെ സാംസ്‌കാരിക/രാഷ്ട്രീയചരിത്രത്തിനകത്ത് അക്രാമകമായൊരു ഹിന്ദുദേശീയവാദത്തെ പ്രചുരപ്രചാരമാക്കിയ തിൽ നിർണ്ണായകമായി പ്രവർത്തിച്ച അച്ചടിവ്യവസായ സംരംഭമാണ് ഗീതാപ്രസ്സും അതിൻ്റെ കല്യാൺ മാസികയും. 1923 ഏപ്രിലിൽ ഭഗവദ്ഗീതയുടെ ആദ്യവിവർത്തനത്തോടെയാണ് ഗീതാപ്രസ്സ് ആരംഭിക്കുന്നത്.’ ബംഗാളിലെ ബങ്കുര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സഞ്ചാരപ്രകൃതനായ മാർവാരി വ്യാപാരിയായിരുന്ന ജയ്‌ദയാൽ ഗോയങ്‌ഖയുടെ ‘ഗീതാഭക്തി’ യിൽ നിന്നാണ് ഹിന്ദുരാഷ്ട്രസങ്കല്പങ്ങളെ ബലപ്പെടുത്തുന്ന അച്ചടിവ്യവസായം അങ്കുരിക്കുന്നത്. ഗോയ്ദ്‌ഖ തൻ്റെ വ്യാപാരസമയത്തിനിടയിലെ ഒഴിവു വേളകളിൽ ഗീതാപാരായണത്തിനും സംവാദത്തിനും മാറ്റിവെക്കുകയും ക്രമേണ തന്റെ നിലവിലുള്ള വ്യാപാരത്തിൽ (പാത്രക്കച്ചവടം) വിമുഖനാ വുകയും ചെയ്‌തു. വിപുലമായ സുഹൃദ്‌സംഘങ്ങളിലൂടെ ഗീതാസംവാദം കാര്യക്ഷമമാക്കുന്നതിനായി കൽക്കട്ടയിലെ ബൻസ്റ്റല്ല സ്ട്രീറ്റിൽ 1922-ൽ സ്ഥാപിച്ച ഗോവിന്ദ് ഭവൻ ഹിന്ദുമതസംവാദകേന്ദ്രമായി. ഗീതാ സംവാദങ്ങളുടെ താത്പര്യങ്ങളിൽ നിന്നും നാമ്പെടുക്കുന്ന ഈ മതാത്മ കസംരംഭം പിന്നീട് സാമുദായികവി ഭാഗീയതയുടെയും ഇതരമതദ്വേഷത്തി (പ്രത്യേകിച്ച് മുസ്‌ലിം) ന്റെയു മൊക്കെ വിഭാഗീയരാഷ്ട്രീയത്തെ നിരന്തരം അഭിസംബോധന ചെയ്‌തു കൊണ്ടാണ് വളർന്നുപന്തലിക്കുന്നത്. കച്ചവടവും മതവും ധ്രുവീകരണരാഷ്ട്രീയവുമൊക്കെ ഇടകലർന്ന ചരിത്രമാണ് ഗീതാപ്രസ്സിന്റെ നാൾവഴികൾ.
പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്