ഗൗരി ലങ്കേഷിനെ വധിച്ചവര്‍ കെ എസ് ഭഗവാനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍
പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ചവര്‍ മറ്റൊരു എഴുത്തുകാരനെ കൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ കെ ടി നവീന്‍ കുമാറിനെ പതിവായി വിളിച്ചിരുന്ന ആള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കര്‍ണാടകത്തിലെ തീരദേശ പ്രദേശങ്ങളിലെ പബ്ലിക് ടെലഫോണുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ നവീന്‍ കുമാറിനെ വിളിച്ചിരുന്നത്. ഇവരുടെ സംഭാഷണങ്ങളില്‍ നിന്നുമാണ് മറ്റൊരു എഴുത്തുകാരനെക്കൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്ന വിവരം ലഭിച്ചത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. നവീന്‍ കുമാറും കൊലപാതകം ആസൂത്രണം ചെയ്തവരും തമ്മിലുള്ള ബന്ധം ഇയാള്‍ വഴിയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ എസ് ഭഗവാനെ കൊലപ്പെടുത്താനാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നത്. ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ഇദ്ദേഹത്തിന് കര്‍ണാടക പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഹിന്ദുത്വത്തിനെതിരെ പലപ്പോഴും തുറന്ന് പ്രതികരിക്കുന്ന വ്യക്തിയാണ് ഭഗവാന്‍. ജനുവരിയില്‍ ഇദ്ദേഹത്തെ വധിക്കാനുള്ള എല്ലാ പദ്ധതികളും നവീന്‍ കുമാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അത് സാധിക്കാതെ വരികയും കഴിഞ്ഞദിവസം അറസ്റ്റിലാകുകയുമായിരുന്നു. നവീനുമായി ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയും തീവ്രഹിന്ദുത്വ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് പോലീസിന്റെ നിഗമനം.
ഫെബ്രുവരി 18നാണ് 37കാരനായ നവീന്‍ അറസ്റ്റിലായത്. 7.65എംഎം പിസ്റ്റളില്‍ നിന്നാണ് ഗൗരിയ്ക്ക് വെടിയേറ്റത്. ഈ കൃത്യം ഇയാളാണ് നിര്‍വഹിച്ചതെന്നാണ് പോലീസിന്റെ സംശയം. ഗൗരിയുടെ മരണത്തിന് മുമ്പ് അവരുടെ വീടിന് സമീപം സംശയാസ്പദമായി കണ്ട ഹെല്‍മെറ്റ് ധരിച്ച് മോട്ടോര്‍ സൈക്കിളിലെത്തിയത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ഒരാളാണ് ഗൗരിയ്ക്ക് നേരെ വെടിയുതിര്‍ത്തതും.
Comments are closed.