ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തയാള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി
ബംഗളൂരു: കൊല്ലപ്പെട്ട പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തയാളെ അറസ്റ്റ് ചെയ്തതായി കര്‍ണാടക പൊലീസ്. മറാത്തി സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയില്‍ നിന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അതേസമയം പിടിയിലായ പ്രതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലെ പ്രതികളുമായി സാമ്യമുള്ള ആളാണ് പിടിയിലായതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴിയുടേയും അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ പൊലീസ് തയ്യാറാക്കിയിരുന്നു.
കെടി നവീന്‍ കുമാര്‍ എന്ന ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗൗരി ലങ്കേഷിനെ വധിക്കാനുപയോഗിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരനും പണ്ഡിതനുമായ എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു.
2017 സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടു മണിയോടെ ബംഗളൂരുവിലെ വസതിയില്‍ വെച്ചാണ് ഗൗരിക്ക് വെടിയേല്‍ക്കുന്നത്. തീവ്രഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി സാമൂഹികവും രാഷ്ട്രീയവുമായ അനീതികള്‍ക്കെതിരെ തന്റെ പ്രസിദ്ധീകരണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.
Comments are closed.