ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
ഒരു സ്പാര്‍ക്ക്, ഒരനുഭവം, കാഴ്ച, അതുവരെയുള്ള നമ്മുടെ ചിന്തയോടും സര്‍ഗാത്മകതയോടും മുട്ടുമ്പോള്‍ അത് താനേ സാഹിത്യമായി മാറുന്നു. അങ്ങനെ ഉണ്ടായവയാണ് ഈ കഥകള്‍. ജീവിതം എന്നപോലെ സത്യമാണവ. കള്ളവും ആണ്.
എഴുത്ത് ഇത്രമേല്‍ ആനന്ദം തരുന്ന ഒരു പ്രക്രിയയാണെന്ന് എനിക്കറിയില്ലായിരുന്നു; ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര എന്ന കഥ എഴുതുന്നതുവരെ. രണ്ടുവര്‍ഷത്തോളം മനസ്സില്‍ വളര്‍ന്നുവരികയായിരുന്നു ആ അരുവി. അതെഴുതുന്ന ദിവസം ഉണര്‍ന്നപ്പോള്‍ത്തന്നെ എനിക്കറിയാമായിരുന്നു ഇന്ന് ഞാന്‍ കുമാരനാശാനെ പകര്‍ത്തുമെന്ന്. കഥയുടെ അവസാന വരികള്‍ രണ്ടു ദിവസം മുന്നേ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നു. ‘അപ്പോള്‍, കുടിലിന്റെ മുറ്റത്തെ മുല്ലയില്‍ നിന്നും മൃത്യുഞ്ജയന്‍ വാക്കുകള്‍ പൊഴിച്ചിടുന്നത് ഞങ്ങള്‍ വ്യക്തമായി കണ്ടു.’ അമ്മാമ്പാറയുടെ മുകള്‍പ്പരപ്പില്‍ മൃത്യുവിനെ ജയിച്ച് ആശാന്‍ നില്‍ക്കുന്നു. മരിച്ച്നൂറ്റാണ്ട് കഴിഞ്ഞിട്ടും അയാള്‍ മുല്ലയില്‍നിന്നും വാക്കുകള്‍ പൊഴിച്ചെടുക്കുന്നു.
എന്റെ വീടിന് തൊട്ടടുത്താണ് അമ്മാമ്പാറ. ചെറുകുന്നുകള്‍ക്കിടയില്‍ കാരണവഭാവത്തില്‍ അത് തലയുയര്‍ത്തി നില്‍ക്കുന്നു. അതിനെ ചുറ്റിപ്പോകുന്ന റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ പാറയെ ഒന്നു നോക്കും. സുഭാഷ് ചന്ദ്രനുമായുണ്ടായ സംഭാഷണം ഓര്‍ക്കും. കുമാരനാശാന്‍ സംഭാഷണത്തില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ആശാന് എന്റെ നാട്ടില്‍ കുറച്ച് പുരയിടം ഉണ്ടായിരുന്നു. ഒരു ചെറുവീടും.’ ‘അതൊരു കഥയാക്കൂ.’ അദ്ദേഹം പറഞ്ഞു.
‘ലേഖനമാക്കാം.’
‘അതാര്‍ക്കും പറ്റുമല്ലോ.’
ഉള്ളില്‍ അങ്ങനെ ഒരാഗ്രഹം മുളപൊട്ടിയെങ്കിലും ആശാനും അമ്മാമ്പാറയും പിടിതരാതെ തലയുയര്‍ത്തി നിന്നു. അപൂര്‍ണ്ണമായ മനുഷ്യജീവിതവും അമരത്വവും തമ്മിലുള്ള ദ്വന്ദ്വയുദ്ധം ആശാന്റെ ഉള്ളില്‍ എന്നപോലെ
എന്റെയുള്ളിലും വ്യാപിച്ചു. ആ ദിവസങ്ങളില്‍ ആശാന്‍ കൃതികളിലൂടെ നിരന്തരം കടന്നു പോയി. യുട്യൂബില്‍ കവിതകള്‍ കേട്ടു. ക്രമേണ ആശാന്‍ ഹൃദയത്തിന്റെ ഭാഗമായി മാറി. അപ്പോഴെല്ലാം മഹാപര്‍വ്വതംപോലെ മറ്റൊരാള്‍കൂടി അവിടെ വന്നു നിന്നു. ശ്രീനാരായണഗുരു. എഴുതാന്‍ തുടങ്ങിയപ്പോഴാണ് മറ്റൊരു കഥാപാത്രംകൂടി
അദ്യശ്യനായി കഥയിലേക്ക് കടന്നുവന്നത്, കാലന്‍. അഥവാ കാലം.
വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.