DCBOOKS
Malayalam News Literature Website

എന്റെ ഗാന്ധിയന്വേഷണം

ഡോ. എം. ഗംഗാധരന്‍

എനിക്ക് ഏതാണ്ട് 13-14 വയസ്സുള്ളപ്പോഴാണ് (1945-’46 കാലത്ത്) ഗാന്ധിജിയുടെ ജീവിതവും പ്രവര്‍ത്തനരീതികളും എന്നെ ആകര്‍ഷിച്ചത്. അതിനു കാരണമായത് അന്ന് ഇടവിട്ട് തുടര്‍ന്നുപോന്ന എന്റെ രോഗാവസ്ഥയും അതുണ്ടാക്കിയ ബലഹീനതയുമാണെന്ന് ഇന്ന് തോന്നുന്നു. ശാരീരികമായ ബലഹീനതയെ മനസ്സിനു ബലമുണ്ടാക്കുന്നതിലൂടെ പരിഹരിക്കാമെന്നൊരു ധാരണയാവണം ‘മാതൃഭൂമി’ പ്രസിദ്ധപ്പെടുത്തിയിരുന്ന ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ഗാന്ധിജിയുടെ ആത്മകഥയില്‍നിന്നെനിക്കു ലഭിച്ചത്. ഏതായാലും ആ പുസ്തകം വായിച്ചശേഷം എനിക്ക് എന്നെത്തന്നെ വളരെയേറെ നിയന്ത്രിക്കുവാനും ജീവിതത്തിന് ഒരു ചിട്ടയുണ്ടാക്കാനും കഴിഞ്ഞു. വായനയ്ക്കായി സമയം കണ്ടെത്താനും ഡയറി എഴുതാനും അന്നു ശീലിച്ചു. ഡയറി എഴുത്ത് ഓരോ ദിവസത്തെ അനുഭവങ്ങളെക്കുറിച്ച് പുനരാലോചിക്കാനും തെറ്റുകളെ തിരിച്ചറിയാനും സഹായിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അതു നിന്നുപോയി എങ്കിലും എഴുത്തിലേക്കു തിരിയാന്‍ അതു സഹായകമായിട്ടുണ്ട്. വായനയുടെ ശീലം തുടരുകയും ചെയ്തു. അന്ന് ഏറെയും വായിച്ചത് ഗാന്ധിജിയുടെ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയുംകുറിച്ചുള്ള പുസ്തകങ്ങളാണ്.

ഞാന്‍ 1947-ലാണ് സ്‌കൂള്‍ ഫൈനല്‍ പരീക്ഷ എഴുതിയത്. ഇംഗ്ലിഷ് മീഡിയത്തില്‍ മാത്രമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ച അവസാനത്തെ ബാച്ചിലായിരുന്നു ഞാന്‍. എന്തൊക്കെ പോരായ്മകളുണ്ടായിരുന്നുവെങ്കിലും സ്‌കൂള്‍ ഫൈനല്‍ പരീക്ഷ എഴുതാനായ പ്പോഴേക്ക് ഇംഗ്ലിഷ് പുസ്തകങ്ങള്‍ വായിക്കാന്‍ ആ വിദ്യാഭ്യാസം എന്നെ
പ്രാപ്തനാക്കിയിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനത്തിനടുത്തുള്ള ഡിസ്ട്രിക്ട് ലൈബ്രറിയില്‍നിന്ന് ഗാന്ധിയന്‍ ആശയങ്ങളെക്കുറിച്ചുള്ള ചില പുസ്തകങ്ങള്‍ അന്ന് വായിക്കാന്‍ കഴിഞ്ഞു. ജെ.സി. കുമരപ്പയുടെയും Textഭരതന്‍ കുമരപ്പയുടെയും പുസ്തകങ്ങള്‍ ഗ്രാമീണജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശയങ്ങളും പ്രായോഗികനിര്‍ദേശങ്ങളും നല്‍കുന്നവയായിരുന്നു. അന്ന് തക്ലിയിലും ചര്‍ക്കയിലും നൂല്‍നൂല്‍ക്കുന്നത് ഞാന്‍ പതിവാക്കിയിരുന്നു.നാട്ടില്‍ ഒരു ഗ്രാമസേവാസംഘമുണ്ടാക്കാനും പാവങ്ങളുടെ വീടുകളില്‍ പോയി ചെറിയ തോതില്‍ അവരെ സഹായിക്കാനും അന്നു കഴിഞ്ഞിട്ടുണ്ട്.

പക്ഷേ, സ്‌കൂള്‍ഫൈനല്‍ പരീക്ഷയ്ക്കു ശേഷമുള്ള കാലത്ത് ചെറുപ്പത്തിന്റെ ആകര്‍ഷണങ്ങളും ആഗ്രഹങ്ങളും എന്നെ അസ്വസ്ഥനാക്കിത്തുടങ്ങി. അന്ന് ഭൗതികവാദത്തിലൂന്നുന്ന മാര്‍ക്‌സിസ്റ്റ് ആശയളില്‍ താല്‍പര്യം തോന്നി. മാര്‍ക്‌സ്, എംഗല്‍സ് പുസ്തകങ്ങള്‍ വായിച്ചത് ചരിത്രം കൂടുതല്‍ പഠിക്കാനാഗ്രഹമുണര്‍ത്തി. അന്നത്തെ ഇന്റര്‍മീഡിയറ്റിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചിരുന്ന ഞാന്‍ പിന്നീട് മദിരാശിയില്‍ പോയി ചരിത്രം ബി.എ. ഓണേഴ്‌സിനു ചേര്‍ന്നു. മദിരാശിയില്‍ വിദ്യാര്‍ത്ഥിയായും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ ജോലിചെയ്തും കഴിഞ്ഞ കാലത്ത് പരന്ന വായന സാദ്ധ്യമായിരുന്നു. ബര്‍ട്രാന്‍ഡ് റസ്സല്‍, ആല്‍ഡസ് ഹക്‌സ്‌ലി, എ. എന്‍.വൈറ്റ്‌ഹെഡ്, ജോര്‍ജ് ഓര്‍വല്‍, ആര്‍തര്‍ കീസ്‌ലര്‍ എന്നിവരുടെ ചിന്തിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങളും, ടോള്‍സ്റ്റോയ്, ദസ്തയേവ്‌സ്‌കി, ചെക്കോവ്, ജെയ്ന്‍ ഓസ്റ്റിന്‍, ചാള്‍സ് ഡിക്കന്‍സ്, വിക്തര്‍ ഹ്യൂഗോ, മോപ്പസാങ് എന്നിവരുടെ നോവലുകളും കഥകളും മനസ്സിനെ വളരെയേറെ പുഷ്ടിപ്പെടുത്തുന്നവയായിരുന്നു. അക്കാലത്ത് മാര്‍ക്സിസ്റ്റാശയങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയതാണെന്നവകാശപ്പെടുന്ന സോവിയറ്റ് യൂണിയനില്‍ ക്രൂരമായൊരു ഏകാധിപത്യമാണ് നിലനില്‍ക്കുന്നതെന്നു ബോദ്ധ്യപ്പെട്ടതോടെ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളിലും വെറും ഭൗതികതയിലൂന്നുന്ന ചിന്താരീതികളിലും എനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. മദിരാശിയിലുണ്ടായിരുന്ന എം. ഗോവിന്ദനുമായുള്ള സമ്പര്‍ക്കം പുതുചിന്തകളിലേക്കും മലയാളസാഹിത്യത്തിലേക്കും ശ്രദ്ധതിരിക്കാന്‍ പ്രേരണയായി. കുമാരനാശാന്‍, വൈലോപ്പിള്ളി, ഇടശ്ശേരി എന്നിവരുടെ കവിതകളും ഉറൂബ്, ബഷീര്‍
എന്നിവരുടെ കഥകളും നോവലുകളും കുട്ടികൃഷ്ണമാരാരുടെ നിരൂപണഗ്രന്ഥങ്ങളും പ്രത്യേകിച്ചും ‘ഭാരതപര്യടനം’, എന്നെ സാഹിത്യത്തില്‍ കമ്പമുള്ളവനാക്കി. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഹ്യൂഗോവിന്റെ ‘പാവങ്ങള്‍’ വായിച്ചശേഷം (വ്യാകരണം നോക്കാതെ മലയാളമെഴുതാം എന്ന് കണ്ടപ്പോള്‍) ഞാന്‍ മലയാളത്തില്‍ എഴുതിത്തുടങ്ങിയിരുന്നു. അന്ന് ഗോവിന്ദന്റെ ചെറുമാസികകള്‍ പുതിയ എഴുത്തുകാരെ പ്രോത്സാ
ഹിപ്പിച്ചുപോന്നു. ആദ്യം എന്റെ ചില വിവര്‍ത്തനങ്ങളും ചെറുലേഖനങ്ങളുമാണ് പ്രസിദ്ധപ്പെടുത്തിയത്. ‘സമീക്ഷ’ (1964) യില്‍ ‘ചരിത്രത്തിന്റെ പാഠങ്ങള്‍’ എന്ന എന്റെ നീണ്ട ലേഖനം പ്രസിദ്ധപ്പെടുത്തി. അത് പലരും ശ്രദ്ധിച്ചത് പ്രോത്സാഹനമായി. സാഹിത്യത്തിലേക്കും പല ദര്‍ശനങ്ങളിലേക്കും പ്രവേശിക്കാന്‍ എം. ഗോവിന്ദന്‍ എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷേ, ഗോവിന്ദന് ഗാന്ധിജിയുടെ ആശയങ്ങളോട് ആദ്യകാലത്ത് താല്‍പര്യമില്ലായിരുന്നു. മുപ്പതുകളില്‍ ഫാസിസത്തിന്റെ സ്വഭാവമുള്ള ബ്രാഹ്മണിസത്തിന്റെ വക്താവാണ് ഗാന്ധിജി എന്ന് സൂചിപ്പിക്കുന്ന ലേഖനങ്ങള്‍ ഗോവിന്ദനെഴുതിയിരുന്നു. പിന്നീട് ഒരു ബ്രാഹ്മണന്‍തന്നെ ഗാന്ധിയെ വധിച്ചത്
പുനരാലോചനയ്ക്കു കാരണമായി എന്നെനിക്കു തോന്നിയിട്ടുണ്ട്.

യു.എസ്.എയിലെ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ചരിത്രം പ്രൊഫസ്സറായ എന്റെ സുഹൃത്ത് സ്റ്റീഫന്‍ എഫ്. ഡെയ്ല്‍ ഗാന്ധിജിയെക്കുറിച്ചുള്ള പല പുതിയ പുസ്തകങ്ങളും അയച്ചുതന്ന് എന്നെ സഹായിച്ചിട്ടുണ്ട്. യു.എസ്.എയിലെ വാഷിങ്ടണിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ (N.I.H) ഗവേഷകനായി ജോലി ചെയ്യുന്ന ഗുരുവായൂര്‍ക്കാരനായ ഡോ. സെബാസ്റ്റ്യനും ഗാന്ധിയെക്കുറിച്ചുള്ള പുതിയ പഠനലേഖനങ്ങള്‍
ഇ-മെയില്‍ വഴി അയച്ചുതന്നുകൊണ്ടിരുന്നു. ഗാന്ധിയന്‍ ആശയങ്ങളെയും സങ്കല്പനങ്ങളെയുംകുറിച്ച് പല സുഹൃത്തുക്കളുമായി ഞാന്‍ സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്തത് എന്റെ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.