ഗാന്ധി- ലോകത്തെ മാറ്റിയ വര്‍ഷങ്ങള്‍ 1914-1948
വളരെക്കാലം തന്റെ മാതൃദേശത്തുനിന്ന് മാറിനിന്നതിനുശേഷം 1915 ജനുവരിയിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ബോംബെയില്‍ മടങ്ങിയെത്തിയത്. അദ്ദേഹത്തിന് അന്ന് 45 വയസ്സുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ രാഷ്ട്രീയവും സാമൂഹ്യവുമായ വ്യതിയാനങ്ങളൊന്നും ഗാന്ധി വളര്‍ന്ന ഗുജറാത്തിലെ ചെറിയ രാജഭരണപ്രവിശ്യയില്‍ അനുഭവപ്പെട്ടിരുന്നില്ല. അദ്ദേഹം നിയമവിദ്യാഭ്യാസം നേടിയത് ലണ്ടനില്‍നിന്നായിരുന്നു.
ബോംബെയിലെയും രാജ്‌കോട്ടിലെയും കോടതിയില്‍ അഭിഭാഷകവൃത്തിയില്‍ ശോഭിക്കാനാവാഞ്ഞതോടെ അദ്ദേഹം സൗത്ത് ആഫ്രിക്കയിലേക്കു തിരിച്ചു. അവിടത്തെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് നല്ല രീതിയിലുള്ള നിയമപരിശീലനം നേടി.
രണ്ട് ദശാബ്ദക്കാലത്തെ പ്രവാസജീവിതം അദ്ദേഹത്തിന്റെ ബൗദ്ധികവും ധാര്‍മ്മികവുമായ ജീവിതത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. ഇന്ത്യയ്ക്കു വെളിയില്‍ താമസിച്ചിരുന്നപ്പോള്‍ തന്റെ മാതൃരാജ്യത്തിലെ മതപരവും ഭാഷാപരവുമായ വൈവിദ്ധ്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സൗത്ത് ആഫ്രിക്കയില്‍ വച്ചാണ് ചെലവുചുരുക്കല്‍, വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങളുടെ പരീക്ഷണങ്ങള്‍, പുതിയതരം ചികിത്സാരീതികള്‍ എന്നിവയെല്ലാം കണ്ടെത്തി സ്വായത്തമാക്കാന്‍ ഗാന്ധി ശ്രമിച്ചത്. അക്രമരഹിതമായ പ്രതിരോധത്തിന് ഏറ്റവും ശ്രേഷ്ഠമായ ആയുധം ‘സത്യാഗ്രഹം’ ആണെന്ന ആശയം അദ്ദേഹത്തിന്റെ ബുദ്ധിയില്‍ ആദ്യമായി തെളിഞ്ഞുവന്നത് ഇവിടെവച്ചായിരുന്നു.
വ്യക്തിപരമായി ഗാന്ധിയുടെ സൗത്താഫ്രിക്കന്‍ ജീവിതം വളരെ പ്രാധാന്യമേറിയതായിരുന്നെങ്കിലും ചരിത്രപ്രാധാന്യമര്‍ഹിക്കുന്നത് അദ്ദേഹത്തിന്റെ ഇന്ത്യയിലെ ജീവിതമാണ്. സൗത്താഫ്രിക്കയില്‍ ഏതാണ്ട്
1,50,000-ത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ പ്രതിനിധിയായി മാറി, ഗാന്ധി. എന്നാല്‍ തന്റെ മാതൃരാജ്യത്തെ 300 ദശലക്ഷം ജനങ്ങളുടെ നേതാവാകാന്‍ മഹാത്മാഗാന്ധി പരിശ്രമിച്ചു. സൗത്താഫ്രിക്കയിലെ പട്ടണങ്ങളിലും നഗരങ്ങളിലും മാത്രമേ അദ്ദേഹം പ്രവൃത്തിയിലേര്‍പ്പെട്ടിരുന്നുള്ളൂ എങ്കിലും ഇന്ത്യയുടെ ഓരോ മുക്കിനും മൂലയ്ക്കും അദ്ദേഹമെത്തിയിരുന്നു; കാരണം ഭൂരിഭാഗം ഇന്ത്യന്‍ ജനതയും കര്‍ഷകരും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടിരുന്നവരായിരുന്നു. ഒരിടത്ത് കുടിയേറ്റക്കാരായ ഒരു ന്യൂനപക്ഷസമൂഹത്തിനെ ആണ് നയിച്ചിരുന്നതെങ്കില്‍ മറ്റൊരിടത്ത് ലോകത്തിലെ പ്രശസ്തമായ ഒരു സാമ്രാജ്യത്തിന്റെ അധീശത്വത്തിലായിരുന്ന വലിയ ഒരു കോളണിയിലെ ജനങ്ങളുടെ നടുനായകത്വമാണ് അദ്ദേഹം ഏറ്റെടുത്തിരുന്നത്.
1915-ല്‍ ഇന്ത്യയിലേക്ക് ഗാന്ധി മടങ്ങിവരുന്ന സമയത്ത് ഇവിടത്തെ രാഷ്ട്രീയ അന്തരീക്ഷം അത്ര ശാന്തമായിരുന്നില്ല. 1885-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെമിതവാദികള്‍, തങ്ങളുടെ മതിയായ അവകാശങ്ങള്‍ അനുവദിച്ചുതരണമെന്ന് ബ്രിട്ടനോട് ബഹുമാനപുരസ്സരം അപേക്ഷിച്ചപ്പോള്‍, രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യം തന്നേതീരൂ എന്ന് വാദിച്ച് മിതവാദികള്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ സൃഷ്ടിക്കുകയും ബ്രിട്ടീഷ് വസ്ത്രങ്ങള്‍ തീയിടുകയും മറ്റും ചെയ്തു. ജാതി, വര്‍ണ്ണ വ്യത്യാസമില്ലാതെ, ഇന്ത്യയിലെ സകലരെയും പ്രതിനിധീകരിക്കാനും അവര്‍ക്കുവേണ്ടി വാദിക്കാനും കോണ്‍ഗ്രസ്സ് മുന്നോട്ടുവന്നപ്പോള്‍ 1906-ല്‍ രൂപീകൃതമായ മുസ്‌ലിംലീഗ് ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ മാത്രം സംരക്ഷിക്കാനായി രംഗത്തെത്തി. ഇത് രണ്ടും കൂടാതെ ചില വിപ്ലവപാര്‍ട്ടികളും രംഗത്തുണ്ടായിരുന്നു. അവര്‍ ബോംബാക്രമണവും കൊലപാതകങ്ങളും നടത്തി ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചു. തീവ്രവാദപരവും വിപ്ലവകരവുമായ പ്രവണതകള്‍ നഗരവാസികളിലും മദ്ധ്യവര്‍ഗ്ഗങ്ങളിലുമാണ് കാണപ്പെട്ടിരുന്നത്. ഗ്രാമങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ എത്തിയിരുന്നില്ല. 1915-ല്‍ ഇന്ത്യയില്‍ മടങ്ങിവന്ന ഗാന്ധി, നഗരാധിഷ്ഠിതവും വരേണ്യവര്‍ഗ്ഗത്തിന്റെ കൈപ്പിടിയിലൊതുങ്ങിനിന്നതുമായ ബ്രിട്ടീഷ് ഭരണത്തോടുള്ള കടുത്ത എതിര്‍പ്പ് ഉള്‍ക്കൊള്ളുകയും ചെറിയ ഒരു കൂട്ടായ്മയിലൊതുങ്ങാതെ, അതിനെ ഒരു ബഹുജനപ്രക്ഷോഭത്തിലേക്ക് നയിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ ദശലക്ഷക്കണക്കിനുവരുന്ന കര്‍ഷകരെയും ജോലിക്കാരെയും കരകൗശലത്തൊഴിലാളികളെയും സ്ത്രീകളെയും നേരില്‍ക്കണ്ട് സന്ദേശം നല്കാന്‍ നടപടി സ്വീകരിച്ചു. ദേശവ്യാപകമായ യാത്രകള്‍ നടത്തിയും സകലരെയും നേരില്‍ക്കണ്ട് സൗഹൃദമുറപ്പിക്കുകയും ചെയ്ത് ഈ പരിവര്‍ത്തനസന്ദേശത്തിലെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നു എന്ന തന്ത്രമാണ് ഗാന്ധി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ദേശസ്‌നേഹിയുടെ ഈ ജീവചരിത്രം, അനിവാര്യമായും അക്കാലത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും ചരിത്രമാണ്.
ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് മോചിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല ഗാന്ധിയുടെ ഒരേയൊരു ലക്ഷ്യം. പലപ്പോഴും തര്‍ക്കങ്ങളിലേര്‍പ്പെട്ടുകൊണ്ടിരുന്ന വിവിധ മതസമൂഹങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയുള്ള
നല്ല സൗഹൃദം സൃഷ്ടിക്കുകയെന്നതും ഗാന്ധിയുടെ രണ്ടാമത്തെ ലക്ഷ്യമായിരുന്നു. സ്വന്തം ഹിന്ദുസമൂഹത്തില്‍ വിനാശകരമായി നിന്നിരുന്ന തൊട്ടുകൂടായ്മയെന്ന ആചാരം അവസാനിപ്പിക്കണമെന്നതായിരുന്നു
മൂന്നാമത്തെ ആഗ്രഹം. നാലാമത്തെ ആഗ്രഹം, ഇന്ത്യയ്ക്ക് സാമ്പത്തികസ്വാശ്രയവും ഇന്ത്യക്കാര്‍ക്ക് ധാര്‍മ്മികസ്വാശ്രയവും ലഭിക്കാനുള്ള പ്രേരണ സംജാതമാക്കുക എന്നതായിരുന്നു. തന്റെ ലക്ഷ്യങ്ങളെല്ലാം സമാന്തരമായിത്തന്നെ ഗാന്ധി പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നിരുന്നു. എല്ലാം അദ്ദേഹത്തിന് തുല്യ
പ്രാധാന്യമുള്ള വസ്തുതകളായിരുന്നു. 1933-ല്‍ അദ്ദേഹം തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെഴുതി: ”അവിഭാജ്യമായ ഒന്നാണ് എന്റെ ജീവിതം. തൊട്ടുകൂടായ്മയുടെ മാത്രം കാര്യമാക്കി ഹിന്ദു–മുസ്‌ലിം
ഒത്തൊരുമയും സ്വരാജും അവഗണിക്കാന്‍ പറയാന്‍ എന്നെക്കൊണ്ടാവില്ല. എല്ലാം ഒന്നൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു; ഒന്ന് മറ്റൊന്നിനെ ആശ്രയിക്കുന്നു. എന്റെ ജീവിതം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും, ഒരുസമയത്ത് ഒരു കാര്യത്തിനും മറ്റൊരു സമയത്ത് മറ്റൊരു കാര്യത്തിനും ഞാന്‍ പ്രാധാന്യം കല്പിക്കുന്നുണ്ടെന്ന്. പക്ഷേ, അതൊരു പിയാനോ വായനക്കാരന്റെ രീതിയാണ്. അതു വായിക്കുമ്പോള്‍ ഒരു നോട്ടില്‍ നിന്ന് മറ്റൊരു നോട്ടിലേക്ക് പോയെങ്കിലേ ആസ്വാദ്യത കൈവരികയുള്ളൂ.
Comments are closed.