DCBOOKS
Malayalam News Literature Website

ഇന്ന് ഗാന്ധിജയന്തി

Gandhi Jayanti
Gandhi Jayanti

ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151-ാമത് ജന്‍‌മദിനമാണ്. ഇന്ത്യയില്‍ ജനിച്ച് ലോകം മുഴുവന്‍ പ്രകാശം പരത്തിയ മഹത് വ്യക്തിത്വം. ഓരോ ഭാരതീയനും അഭിമാനംകൊണ്ട് പുളകിതനാകുന്ന നാമമാണ് ഗാന്ധിജിയുടേത്.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്.ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി തന്റെ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം തുടങ്ങി. 1906-ല്‍ ഗാന്ധിജി തന്റെ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമന്‍ഡ്‌മെന്റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി.

അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍‌പുലരിയിലേക്ക് നയിച്ച ഗാന്ധി പിന്നീട് ഗാന്ധിജിയെന്ന പേരില്‍ അറിയപ്പെട്ടു. ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.

സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം, 1948 ജനുവരി 30 ന് ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്.ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ കീഴില്‍ ലഭിച്ചതാണെന്ന് ഓര്‍ക്കുമ്പോള്‍ ഗാന്ധിജിയുടെ മഹത്വം നാം തിരിച്ചറിയുന്നു.  ആ മഹാത്മാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നമുക്ക് പ്രണാമം അര്‍പ്പിക്കാം.

Comments are closed.