‘ഗാന്ധി എന്ന പാഠശാല’; ഗാന്ധിപ്രഭാഷണങ്ങളെ പുസ്തകമാക്കി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്.
ഗാന്ധിപ്രഭാഷണങ്ങളെ പുസ്തകമാക്കി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ‘ഗാന്ധി എന്ന പാഠശാല’ എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം കവി പി.എന്‍. ഗോപീകൃഷ്ണന്‍ പ്രകാശനം ചെയ്തു. 2021-ലെ വായനദിനംമുതല്‍ ഗാന്ധിജയന്തിവരെയുള്ള തുടര്‍ച്ചയായ 106 ദിവസം നീണ്ടുനിന്ന സര്‍ഗാത്മക പ്രഭാഷണപരമ്പരകളാണ് ‘ഗാന്ധി എന്ന പാഠശാല’ എന്നപേരില്‍ പുസ്തകമാക്കിയിരിക്കുന്നത്. ഈ പ്രവര്‍ത്തനത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഗാന്ധിചെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സംസ്ഥാനത്തെ സ്‌കൂള്‍ മികവ് പ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളിലൊന്നായി എസ്.സി.ഇ.ആര്‍.ടി. തിരഞ്ഞെടുക്കുകയും ചെയ്തു.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ കെ. സച്ചിദാനന്ദന്റെ ‘ഗാന്ധിയും കവിതയും’, എം.എന്‍. കാരശ്ശേരിയുടെ ‘ഗാന്ധി എന്ന മനുഷ്യന്‍’, പ്രമുഖ ഗാന്ധിയന്‍ ചിന്തകന്‍ കൂടിയായ കെ. അരവിന്ദാക്ഷന്റെ ‘സമകാലിക ലോകവും ഗാന്ധിയും സത്യവും’, കല്പറ്റ നാരായണന്റെ ‘ഗാന്ധിയും ബഷീറും’, പി. ഹരീന്ദ്രനാഥിന്റെ ‘ഗാന്ധിയുടെ ഹിന്ദ്സ്വരാജ്’, പി. പവിത്രന്റെ ‘സ്വരാജിനായുള്ള ഭാഷാനയം’, പി.പി. പ്രകാശന്റെ ‘ഗാന്ധി എന്ന അധ്യാപകന്‍’ തുടങ്ങി പുസ്തകത്തിലെ പതിനഞ്ച് പ്രഭാഷണങ്ങള്‍ വിവിധ മേഖലകളിലായി ഗാന്ധിസാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന പ്രധാന സംഭാവനകളാണ്. ആനന്ദന്‍ പൊക്കുടന്റെ ‘അയ്യങ്കാളി – ഗാന്ധി കൂടിക്കാഴ്ചയും കേരളീയ നവോത്ഥാനവും’, സി.പി. അബൂബക്കറുടെ ‘ഗാന്ധി ഇന്ത്യയിലെ ആദ്യത്തെ ആധുനിക രാഷ്ട്രീയ നേതാവ്’, ഡോ. പി. സുരേഷിന്റെ ‘മലയാള കവിതയിലെ ഗാന്ധി’, പി. പ്രേമചന്ദ്രന്റെ ‘ഗാന്ധിയും സിനിമയും’, എസ്. ഗോപുവിന്റെ ‘ഗാന്ധിയന്‍ മൂല്യബോധവും വിദ്യാര്‍ത്ഥികളും’, വി.കെ. ബാബുവിന്റെ ‘ഘാതകനിലെ ഗാന്ധിയും ഗോഡ്സെയും’ തുടങ്ങിയ പ്രഭാഷണങ്ങളിലും വ്യത്യസ്ത ഗാന്ധിച്ചിത്രങ്ങള്‍ തെളിയുന്നുണ്ട്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.