ഇന്ത്യന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഗാന്ധിയുടെ രാഷ്ട്രീയത്തെയും കൊന്നു: ബി രാജീവന്‍
പ്രശസ്ത എഴുത്തുകാരനും വിമര്‍ശകനുമായ ബി രാജീവന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യാസ്വാദകരുമായി സംവദിച്ചു. പി വി സജീവ് പരിചയപ്പെടുത്തിയ വേദിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിമര്‍ശനാത്മകമായി ബി രാജീവന്‍ അവതരിപ്പിച്ചു. ഗാന്ധിയെയും അദ്ദേഹത്തിന്റെ രീതികളെയുംപറ്റി സംസാരിക്കുന്നതിനൊപ്പം ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയം, ബ്രിട്ടീഷുകാര്‍ നടത്തിയ സ്വകാര്യവല്‍ക്കരണം, ഇന്ത്യയെ ഹിന്ദുരാജ്യമാക്കാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ശ്രമം എന്നിവയെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസത്തില്‍ കീഴാളര്‍ക്കുവേണ്ടി സമരം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകാര്‍ ഗാന്ധിയെ ശത്രുവായി കാണുന്നുവെന്നും ബി രാജീവന്‍ അഭിപ്രായപ്പെട്ടു. ആഗോളതലത്തിലുള്ള തൊഴിലാളി മുതലാളി വിവേചനത്തെപറ്റി സംസാരിക്കുന്നതിനിടയില്‍ മിച്ചമൂല്യം ലഭിക്കുന്ന നഴ്‌സുമാരെപറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. ഒരു സമുദായത്തിന്റ പൊതുസ്വത്തായ കൃഷിയെ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് നയത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി.
തുണി, കപ്പല്‍ വ്യവസായം എന്നീ ഇന്ത്യയുടെ കേന്ദ്ര വ്യവസായങ്ങളില്‍ ബ്രിട്ടീഷ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയതായും അവര്‍ക്ക് നമ്മുടെ വളര്‍ച്ചയില്‍ അസൂയ ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. ഗാന്ധിയെ ഗോഡ്‌സെ കൊന്നു. ഇന്ത്യന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഗാന്ധിയുടെ രാഷ്ട്രീയത്തെയും കൊന്നുവെന്ന് ബി രാജീവന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ഇന്ത്യയെ ഒരു ഹിന്ദുരാജ്യമായി മാറ്റാനുള്ള ബ്രിട്ടീഷ് ശ്രമത്തിനെതിരെ ഹിന്ദുക്കളേയും മുസ്ലീംങ്ങളെയും ഒന്നിച്ചുനിര്‍ത്തിക്കൊണ്ട് ഗാന്ധി പോരാടിയ ഇന്ത്യയില്‍ ഇന്ന് ബി ജെ പിയും സംഘപരിവാറും ശ്രമിക്കുന്നതും അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.