DCBOOKS
Malayalam News Literature Website

ഘാതകനിലെ ഗാന്ധിയും ഗോഡ്സെയും

"ജീവിതമായാല്‍ ഒരു ഘാതകന്‍ വേണം.എന്റെ ഘാതകന്‍ ഒരു ദുഷ്ടനായിരുന്നു"

‘ഘാതകനിലെ ഗാന്ധിയും ഗോഡ്സെയും’ വി കെ ബാബു എഴുതിയ ലേഖനം , ട്രൂ കോപ്പിയില്‍ പ്രസിദ്ധീകരിച്ചത്.

ഈ കാലഘട്ടത്തില് അനിവാര്യമായും പിറക്കേണ്ടുന്ന ഒരു നോവല്. നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ എന്ന ഞെട്ടിക്കുന്ന ചോദ്യത്തോടെയുള്ള ആരംഭം. ഘാതകൻ എന്ന കെ ആര് മീരയുടെ നോവല് അവിശ്വനീയമാം വിധം സങ്കീർണ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകാന് വിധിക്കപ്പെട്ട ഒരു ഇന്ത്യന് സ്ത്രീയുടെ ജീവിതം പറയുന്നതിലൂടെ സമകാലിക ഇന്ത്യയെ എഴുതുന്നു. ഇതില് മനുഷ്യജീവിതത്തിന്റെ സങ്കീര്ണമായ അനുഭവതലങ്ങളുണ്ട്. സ്ത്രീയവസ്ഥയുടെ പച്ചയായ ആവിഷ്കാരമുണ്ട്. സമകാലിക ഇന്ത്യന് സാമൂഹ്യാവസ്ഥയുണ്ട്. ഇവയെ എല്ലാം സര്ഗാത്മകമായി ഇണക്കിച്ചേര്ത്ത ഗംഭീരമായ ആഖ്യാനമുണ്ട്. ഗോഡ്സേയുടെ ചിന്തയും രാഷ്ട്രീയവും ഭരണാശയമായി മാറിക്കഴിഞ്ഞ ഇന്ത്യയില് ജീവിക്കുന്ന മനുഷ്യരുടെ മഹാസങ്കടങ്ങളെ ഉള്ളുലയ്ക്കും വിധം ഉള്ളടക്കിയിട്ടുണ്ടിതില്. നിസ്വരായ ആ മനുഷ്യരുടെ അതിജീവനശ്രമങ്ങളുടെ നീറ്റലുകളെ അനുഭവിപ്പിക്കാന്പോന്ന ഏറ്റവും ഉതകുന്ന ഒരു ആഖ്യാനരീതിയാണ് നോവലിന്റേത്. ഘാതകന് എന്ന ബൃഹത്തായ നോവലിനെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനമോ നിരൂപണമോ അല്ല ഈ കുറിപ്പ്. ഇവിടെ ഇക്കാലത്ത് ജീവിക്കുന്ന ഒരു രാഷ്ട്രീയജീവിയുടെ വായനാനുഭവം മാത്രമാണ്. ഘാതകനെ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന് എന്ന് പറയാന് ഇതിന്റെ വായനാനുഭവമാണ് പ്രേരണ.
2016 നവംബർ 8ന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ രാജ്യത്ത് നിരോധിക്കപ്പെട്ടതിന്റെ എട്ടാം ദിവസം ഒരു വധശ്രമത്തിൽനിന്ന് കഥാഖ്യാതാവായ സത്യപ്രിയ Textതലനാരിഴയ്ക്ക് രക്ഷപ്പെടുന്നിടത്തു നിന്നാണ് നോവൽ ആരംഭിക്കുന്നത്. അവളുടെ അന്വേഷണം ആരംഭിക്കുന്നതും വളരുന്നതും മനുഷ്യര് നോട്ടിനുവേണ്ടി ക്യൂ നിന്ന് തളരുന്ന കാലയളവിലും. ഇന്ത്യനവസ്ഥയുടെ സമീപകാലഗതിവിഗതികളെ വിശകലനം ചെയ്യുന്ന നോവലിന്റെ രാഷ്ട്രീയതലം ഗാന്ധിയേയും ഗോഡ്സെയേയും പല മട്ടില് ആവിഷ്കരിക്കുന്നു. അവരുടെ ലഗസികളിലേയ്ക്ക് വായനക്കാരെ കൊണ്ടുപോവുന്നു. നമ്മുടെ ജീവിതപരിസരത്തുള്ള അവരുടെ പിന്മുറക്കാരെ ചൂണ്ടിക്കാട്ടിത്തരുന്നു. ഗാന്ധിയിലേയ്ക്കും ഗോഡ്സെയിലേയ്ക്കും അനവധി തവണ തിരിച്ചുപോകുകയും ഓരോ വരവിലും സമകാലത്തില് നിലയുറപ്പിക്കുകയും ചെയ്യുന്നു. (ഘാതകന് എന്ന പേരുതന്നെ ഗോഡ്സെയെ ഓര്മിപ്പിക്കുമല്ലോ). ‘തന്റെ തന്നെ അപരനാല് വെടിവച്ചുവീഴ്ത്തപ്പെട്ട’ രാഷ്ട്രപിതാവിനെ സച്ചിദാനന്ദനും ‘ഗാന്ധിയായി വേഷം കെട്ടാനെളുപ്പമാണ്, ഉള്ള വേഷങ്ങള് അഴിച്ചുവച്ചാല് മതി’ എന്നു കല്പ്പറ്റ നാരായണനും ഗാന്ധിയേയും ഗോഡ്സെയേയും വായിച്ചിട്ടുണ്ട്. ക്യൂവില് തിക്കിതിരക്കിനില്ക്കുന്ന ഗാന്ധിയേയും കാറില് വന്നിറങ്ങുന്ന ഗോഡ്സെയേയും എന് വി കൃഷ്മവാരിയര് കാണിച്ചുതന്നിട്ടുണ്ട്. ഈ അപരത്തെ അകമേ പേറുന്നവരാണ് ഒരുപക്ഷേ നാമെല്ലാവരും. അതിനാല്തന്നെ നമ്മുടെ അനുഭവങ്ങളും കഥകളും. എന്നാല് അപരനെ നാം വേണ്ടത്ര കാണാറില്ല. വേഷം അഴിച്ചുവച്ച് നോക്കാറില്ല. ഈ വേഷങ്ങളാണ് ഹിന്ദുത്വയുടെ ആവിഷ്കാരങ്ങള്ക്ക് അതിന്റെ വഴികള് സുഗമമാക്കിയത്. അവ നമ്മുടെ ജീവിതവുമായി അഗാധമായി ബന്ധിതമായിരിക്കുന്ന ഒന്നാണ്. ഹിന്ദുത്വ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുന്ന ഒന്നാണെന്നും അതു ഭരണകൂടാശയപദ്ധതി മാത്രമല്ലെന്നും ഒരുപക്ഷേ മനസ്സിലാക്കിയ ഒരാള് ഗാന്ധി ആയിരുന്നു. അതിനെ അഭിമുഖീകരിക്കാന് രാഷ്ട്രീയസമരങ്ങള് പോരാതെവരുമെന്നും ധാര്മികസമരങ്ങള് പുറത്തും അകത്തും വേണ്ടിവരുമെന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കണം. ഈ അഭിമുഖീകരണത്തിന് അപാരമായ ധാര്മികധൈര്യം വേണം. നോവലിലെ കഥാഖ്യാതാവായ സത്യപ്രിയയ്ക്ക് അതുണ്ട്. അതിനാല് അവര് എപ്പോഴും ഘാതകനെ മുഖാമുഖം കാണാനിഷ്ടപ്പെടുന്നു. ഘാതകനെ ആത്മാര്ത്ഥമായി സ്നേഹിക്കുകപോലും ചെയ്യുന്നു. ഘാതകനാവുക എന്നതൊരു മനുഷ്യാവസ്ഥയായി അലിവോടെ കാണുന്നു. “ജീവിതമായാല് ഒരു ഘാതകന് വേണം.എന്റെ ഘാതകന് ഒരു ദുഷ്ടനായിരുന്നു” (നിങ്ങളുടെ ഘാതകനെപ്പറ്റി നിങ്ങളാണ് പറയേണ്ടത് ).
സത്യം നേർക്കുനേർ വിളിച്ചുപറയാൻ ധൈര്യപ്പെടുന്നവരെ വകവരുത്താൻ ഒരാളുണ്ടാവും എപ്പോഴും. ഒരു ഘാതകന്. കൊല്ലാന് പ്രതിജ്ഞാബദ്ധനായ ഘാതകനും മരിക്കാന് തയ്യാറാണെങ്കിലും കൊല എന്തിന് എന്നറിയാന് ദൃഢപ്രതിജ്ഞയെടുത്ത സത്യപ്രിയയും ആണ് നോവലിനെ മുന്നോട്ട് നടത്തുന്നത്. “അനിയാ, ഇന്നെങ്കിലും വല്ലതും നടക്കുമോ?എത്ര നാളായി മനുഷ്യനെ മെനക്കെടുത്തുന്നു?” എന്നു സ്വന്തം ഘാതകനോട് ചോദിക്കുന്ന ആളാണ് സത്യപ്രിയ. ഒരാള് മറ്റൊരാളുടെ ഏതെങ്കിലും തരത്തിലുള്ള ഘാതകനാകുന്നത് എങ്ങനെയായിരിക്കും എന്ന് സത്യപ്രിയയ്ക്ക് ചിന്തിക്കേണ്ടതുണ്ട്. സത്യാഗ്രഹത്തിന്റെ അര്ത്ഥകല്പനകളില് ഈ സത്യപ്രിയത്വം ആണുള്ളത്. വിമർശിക്കാൻ ധൈര്യപ്പെടുന്ന ഏതു ഇന്ത്യൻ സ്ത്രീയും നേരിടേണ്ടിവരുന്ന ഒന്നായിരുന്നു സത്യപ്രിയയുടെ ജീവിതസത്യാന്വേഷണം. സത്യപ്രിയയുടെ അന്വേഷണങ്ങള് ‘എന്റെ സത്യാന്വേഷണപരീക്ഷണ’ങ്ങളെ സമകാലികമാക്കി മുന്നേറുന്ന ഒന്നായി വായിക്കാവുന്നതാണ്.
അന്വേഷണത്തിന്റെ ഒരോ ഘട്ടത്തിലും സത്യപ്രിയ തിരിച്ചറിയുന്ന ഭൂതവും വര്ത്തമാനവും ചരിത്രത്തെ സമഗ്രമാക്കുകയും പൂരിപ്പിക്കുകയും ചെയ്യുന്നു. ഫിക്ഷന് കേവലചരിത്രാഖ്യാനത്തെ പൂരിപ്പിക്കുന്നത് അങ്ങനെയുമാണല്ലോ. സങ്കീര്ണയാഥാര്ത്ഥ്യം തേടിക്കൊണ്ട് അതു സൗന്ദര്യാനുഭൂതി സൃഷ്ടിക്കുന്നു. ആഖ്യാനത്തിലെ സവിശേഷതയാണ് ഈ നോവലിനെ മികച്ച വായനാനുഭവമാക്കിത്തീര്ക്കുന്നതില് പ്രധാന പങ്കു വഹിച്ചിട്ടുള്ളത്. കുറ്റാന്വേഷണകഥനരീതിയാണ് മീര ഈ നോവലില് അവലംബിച്ചിരിക്കുന്നത്. കുറ്റാന്വേഷണം ഒരു തരം സന്യാസമാണെന്നും അതില് രാഗദ്വേഷങ്ങള്ക്ക് സ്ഥാനമില്ലെന്നും സത്യപ്രിയ തിരിച്ചറിയുന്നുണ്ട്. സത്യപ്രിയയ്ക്ക് നേരെയുള്ള വധശ്രമം കവിത ലങ്കേഷിനു നേരെ നടന്ന വധത്തെ ഓര്മിപ്പിക്കാതിരിക്കില്ല (കവിത ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിനാണ് മീര കൃതി സമര്പ്പിച്ചിരിക്കുന്നത്) . ചരിത്രത്തിലൂടെ, ഓര്മകളിലൂടെ ആഖ്യാനം പടരവേ വായനക്കാര് ഗാന്ധിയേയും അദ്ദേഹത്തിന്റെ ഘാതകനേയും ഓര്ക്കാതിരിക്കില്ല. ചരിത്രബോധത്തിനും ഓര്മകള്കള്ക്കും ഇടര്ച്ച സംഭവിച്ചിട്ടില്ലാത്ത ഒരാള് ഗോഡ്സെയുടെ പ്രവൃത്തിയിലൂടെ അനാവൃതമായ ആ ഘാതകത്വത്തെ കാണും. പന്സാരെയേയും കല്ബുര്ഗിയേയും മറ്റനേകം മനുഷ്യരേയും ഓര്ത്തുപോവും. ഈ സത്യാന്വേഷകര്ക്ക് ജീവിതത്തില് സംഭവിച്ചത് മനസ്സിലേയ്ക്ക് വരും. അവര് നക്ഷത്രങ്ങളായി ജ്വലിച്ചുനില്ക്കുന്നതായി അനുഭവപ്പെടും. അഹിംസാപൂര്വമായ സത്യാഗ്രഹപ്രവൃത്തികളായിരുന്നു അവരുടേത്. വസ്തുതകളെ കൃത്യമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു അവര് വിഗ്രഹങ്ങളെ ആശയപരമായി തകര്ത്തത്. അവരെ ഓര്ക്കുമ്പോള് നാം അവരുടെ ഘാതകരേയും ഓര്ക്കും. സത്യപ്രിയയും എതിരാളികള്ക്കും ഘാതകനുനേരെപ്പോലും വസ്തുതകള് നേരിട്ട് സൗമ്യമായി നിരത്തിവയ്ക്കാനാണ് ആഗ്രഹിക്കുന്നത്. അതിനായി അവരെ മുഖാമുഖം കാണാനാണ് അഭിലഷിയ്ക്കുന്നത്.
കടപ്പാട്-ട്രൂകോപ്പി

Comments are closed.