DCBOOKS
Malayalam News Literature Website

വായിച്ചിട്ടും വായിച്ചിട്ടും തീരാതെ…

വി.ആര്‍.സുധീഷിന്റെ ‘ഗന്ധര്‍വ്വന്‍’ എന്ന കഥാസമാഹാരത്തിന് വിജയലക്ഷ്മി എഴുതിയ ആമുഖത്തില്‍ നിന്നും

വായനാസുഖം ഒരു കുറ്റമാണെങ്കില്‍ സുധീഷ് ഒരു കൊടുംകുറ്റവാളിയാണ്. കള്ളനാട്യങ്ങള്‍ കഥകളുടെ സമ്പത്തായി കണക്കാക്കിയാല്‍ സുധീഷ് പരമദരിദ്രനാണ്. വെയിലിന്റെ തങ്കനാണയങ്ങളായി ഭാഷയുടെ ഉള്‍ത്തളങ്ങളില്‍ വീണു പ്രകാശിച്ച ഈ കഥകള്‍ കുസൃതിക്കുട്ടികളായി എനിക്കു ചുറ്റും ഓടിക്കളിച്ചു. ചിന്തിക്കാന്‍ മാത്രമല്ല രസിക്കാനുംകൂടിയുള്ളതല്ലേ കഥകള്‍, എന്നു ചോദിച്ചു. കൊത്തങ്കല്ലാടുകയും ഓടിത്തൊടുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അവരുടെ വള്ളിനിക്കറിന്റെയും പെറ്റിക്കോട്ടിന്റെയും നീലകളും വെളുപ്പുകളും ഇളകിപ്പറന്നു. മണ്ണു പറ്റിയ കുപ്പായച്ചന്തം വെളിച്ചം തട്ടി മിനുങ്ങി. വായിച്ചിരിക്കെ അവര്‍ വളര്‍ന്നു വലുതായി, കൂടുവിട്ടു കൂടുമാറി. വാക്കുകള്‍ക്ക് ജീവനുണ്ടായിരുന്നു. രക്തമാംസങ്ങള്‍ പൊതിഞ്ഞ്, ബലമുള്ള അസ്ഥികളും. നാടന്‍ മലയാള ഭാഷയുടെ തുലാമഴയില്‍ കുതിര്‍ന്ന് സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യങ്ങളും കൂടിക്കലര്‍ന്നു. കഥാകാരനോട് ആദരവു തോന്നി. സമാന്തരപ്രപഞ്ചം, മാനസസഞ്ചാരങ്ങള്‍! അടച്ചും തുറന്നുമുള്ള വീട്ടിരുപ്പുകാലങ്ങളുടെ അഴലും നിഴലും വീണ കഥകളാണിവ, ‘സൂക്ഷ്മാണുവിന്റെ കോലങ്ങള്‍ സ്വപ്‌നത്തില്‍ പലമട്ടില്‍ തെയ്യാട്ട് തുള്ളി’ (ഗന്ധര്‍വ്വന്‍). കോവിഡ് ഒരു കഥാപാത്രംതന്നെയാണ്. ആ തൂക്കുപാലത്താല്‍ കിനാവിന്റെയും ഉണര്‍വ്വിന്റെയും കരകള്‍ പരസ്പരം തൊടുന്നു. അതിലൂടെ നടക്കുമ്പോള്‍ താഴോട്ടു നോക്കിയില്ല, തലചുറ്റും.

Textകഥാകാരന്‍ കൈവീശി സൃഷ്ടിച്ച, ശബ്ദിക്കുന്ന അഗാധതയാണവിടെ. ആ സങ്കടത്തിന്റെ നീരു കുടിച്ച് ഇരുകരകളിലും തളിരിട്ടു പടര്‍ന്ന് പൂവിടുന്ന, ആകാശം തേടുന്ന മര്‍ത്ത്യതയെ ഈ കഥകളില്‍ കാണാം. ഗന്ധര്‍വ്വന്‍, ജോസിലെറ്റിന്റെ കാമുകി, ചിങ്ങവെയിലിലെ മുറിവുകള്‍, മുനവര്‍ എന്ന തടവുകാരന്‍, ഒളിവുകാലം… എല്ലാറ്റിലും കോവിഡ് പതിയിരിക്കുന്നു. പലരിലൂടെ, പല പ്രായക്കാരിലൂടെ, പല സാഹചര്യങ്ങളിലൂടെ ശ്വാസം മുട്ടിപ്പിടയുന്ന
സ്നേഹം, നിലനില്‍ക്കാനും അതിജീവിക്കാനും ശ്രമിക്കുകയാണ് വ്യക്തിയിലും സമൂഹത്തിലും. രചയിതാവിന്റെ ആശയങ്ങളായി ജീവിക്കുകയും അയാളടിച്ചേല്പിച്ച ഭാഷയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നവര്‍ ഈ കഥാലോകത്തില്ല. ഹൃദയസ്പര്‍ശിയായ ജീവിതത്തിന്റെ സുതാര്യനിലാവ് അതില്‍ പരന്നുകിടക്കുന്നു. ‘സൂര്യവെളിച്ചം താമരപ്പൂക്കള്‍ക്കൊപ്പം ഒഴുകുന്നുണ്ടാകും. ഘടികാരസൂചിയെ ഓര്‍മ്മിപ്പിക്കുന്ന കിക്ക് കിക്ക് ശബ്ദവുമായി പവിഴക്കാലികള്‍ ചതുപ്പുകള്‍ക്കു മേലെ കൂട്ടത്തോടെ അതിവേഗത്തില്‍ പറക്കുന്നുണ്ടാകും. ദേശാടനപ്പക്ഷികളായ വയല്‍ക്കോതികള്‍ നിരനിരയായി വെള്ളത്തില്‍ ചിറകനക്കുന്നുണ്ടാവും. ഊതനിറമുള്ള താമരക്കോഴികള്‍ ഒരു വശത്ത്, കത്രികപ്പക്ഷികള്‍ മറുവശത്ത്, ദൂരെ കൊറ്റികളുടെ പാടം’ (ചന്ദ്രികാചര്‍ച്ചിതം). ‘കാരമുള്ളും കാശാവും താണ്ടി മണ്ഡലിയും പുല്ലാഞ്ഞിയും പുളയ്ക്കുന്ന കുളിപ്പാറയിലൂടെ’ (കിണ്ണം).

‘കാര, പാര, കോര, പരവ, ചാള, അയല, താട, തേട്…’ (തുടങ്ങി മുപ്പത്തഞ്ചോളം മീനിനങ്ങളുടെ പേര് അണിനിരക്കുന്ന മാര്‍ജാരനുംമൂര്‍ഖനും) കരിങ്കുറിഞ്ഞി, ശീമക്കൊങ്ങിണി, കിലുകിലുക്കി, മേന്തോന്നി, തഴുതാമ… ‘ഗന്ധര്‍വ്വന്‍’ എന്ന കഥയില്‍ ഇവമാത്രമല്ല മുരിക്ക്, വേപ്പ്, കാഞ്ഞിരം, പാരിജാതം, ഇലഞ്ഞി, ചെമ്പകം തുടങ്ങി എത്രയെത്ര മരങ്ങളാണുള്ളത്. ചലിക്കുന്നവ, സംസാരിക്കുന്നവ.

‘കൃഷ്ണകിരീടക്കാട്ടില്‍ ബുദ്ധമയൂരികള്‍ കൂട്ടത്തോടെ നീലാകാശച്ചിറകിളക്കി’യതും ഇതിലാണ്.
കാക്കകള്‍ക്കും പൂച്ചകള്‍ക്കും ഇടമുള്ള ജീവജാലസമൃദ്ധമായ ഭൂമിയാണ് ഈ കഥാലോകത്തുള്ളത്. പ്രകൃതിസ്നേഹത്താല്‍ പ്രസംഗമായി വന്നതല്ല ഇതൊന്നും. കഥകളും കഥാപാത്രങ്ങളും ജൈവവൈവിദ്ധ്യങ്ങളുടെ പശ്ചാത്തലത്തിലാണ്. പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍. അച്ഛന്‍, അമ്മ, അമ്മമ്മ. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം. ഗ്രാമം, നഗരം,കുന്ന്, പാറ, വയല്‍, വരമ്പ്, പാത, വീട്, നാട്. സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചങ്ങള്‍. പൂക്കള്‍, പൂമണങ്ങള്‍. ഓരോ കഥയിലും മനുഷ്യരും സമൂഹവും പ്രകൃതിയും ഇണങ്ങുന്നു, ഇടയുന്നു, വിലയം പ്രാപിക്കുന്നു. ഈ കഥാകൃത്തിന്റെ ആന്തരികതയില്‍, ‘തോരാത്ത ചന്ദ്രവെളിച്ചം തലപ്പാവിട്ട’ കുന്നും പുഴയും വയലും കാടും പാറയും കടലും തീരവുമൊക്കെച്ചേര്‍ന്ന നിത്യനിര്‍മ്മല നീലബിന്ദുവായി ഭൂമി ഉദിച്ചു നില്‍ക്കുന്നു. കാള്‍ സാഗന്‍ പറഞ്ഞപോലെ, ‘ഇതാണ് വീട്, സൂര്യരശ്മിയിലെ ഈ ഇളംനീല ബിന്ദു… നമുക്ക് മറ്റൊരിടമില്ല.’ എല്ലാ നിറവുകളോടും കൂടിയ ഈ ഭൂമിയെ കെട്ടിപ്പുണരാനും സ്നേഹിക്കാനും ഒരിക്കല്‍ക്കൂടി ജനിച്ചുജീവിക്കാനും തോന്നിച്ചവയാണ് ഈ കഥകള്‍. സ്വതേ പലപ്പോഴും ഖിന്നയായിപ്പോകാറുള്ള എന്നെ സംബന്ധിച്ച്, ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവും ആഹ്ലാദാഘോഷവുമായിരുന്നു ഇവയുടെ വായന. ജീവിതത്തെ സ്നേഹിക്കുക, ജീവിക്കാനാഗ്രഹിപ്പിക്കുക, ജീവിതാഭിമുഖ്യമുണ്ടാക്കുക… ഈ കഥകളുടെ ഉള്‍ത്തുടിപ്പുകള്‍ സ്വയമറിയാതെ ചെയ്യുന്നത് അതാണ്. ചന്ദ്രികാചര്‍ച്ചിതം എന്ന കഥയിലൂടെ ആസകലം നിലാവുമൂടിയാണ് കടന്നുപോയത്. ഇതില്‍ ഇഷ്ടപ്പെട്ട ഒരു സമസ്തപദം കണ്ടെണ്ടത്തി ‘തിങ്കള്‍ത്തരികള്‍’. എത്രയോ വട്ടം എത്രയോ നിലാവുകളെക്കുറിച്ചെഴുതീട്ടും ഈ വാക്ക് എനിക്കു വീണുകിട്ടിയില്ലല്ലോ എന്നു തോന്നി. അവ ഓരോന്നായി വിരല്‍ത്തുമ്പാലൊപ്പി തണുപ്പും നനവും ആസ്വദിക്കുമ്പോള്‍, ഈ കഥാലോകത്തെ ഒറ്റവാക്കില്‍ നിര്‍വ്വചിക്കാന്‍ ആ പദംതന്നെ എനിക്ക് കടമെടുക്കണം.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.