പ്രിയപ്പെട്ട ഹുവാന്‍ റുല്‍ഫോ: ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
മെയ് ലക്കം പച്ചക്കുതിരയില്‍
വിവര്‍ത്തനം- ജോസഫ് കെ ജോബ്
അന്നു രാത്രി ആ പുസ്തകം രണ്ടുവട്ടം വായിക്കുന്നതുവരെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഏകദേശം പത്തു വര്‍ഷം മുമ്പ് ബൊഗോട്ടയിലെ ഒരു സാധാരണ ബോര്‍ഡിങ് ഹൗസില്‍വെച്ച് കാഫ്കയുടെ ‘മെറ്റാമോര്‍ഫോസിസ്’ വായിച്ച് ഉറങ്ങാന്‍ കഴിയാതെപോയ ഒരു രാത്രിയുണ്ടായിരുന്നു. അതിനുശേഷം, ഇതുപോലെ എന്നെ ആകര്‍ഷിച്ച അത്ഭുതകരമായ മറ്റൊരു പുസ്തകവും ഉണ്ടായിട്ടില്ല. ആ വര്‍ഷം മുഴുവന്‍ എനിക്ക് മറ്റൊരു എഴുത്തുകാരനെയും വായിക്കാന്‍ കഴിഞ്ഞില്ല. കാരണം അവരെല്ലാം റൂള്‍ഫോയെക്കാള്‍ താഴ്ന്നവരായി എനിക്കു തോന്നി: ‘പെഡ്രോ പരാമോ’യുടെ എഴുപതാം വര്‍ഷത്തില്‍, മാര്‍ക്കേസിന്റെ പ്രസിദ്ധമായ മുഖവുരയുടെ മൊഴിമാറ്റം.
ഫ്രാന്‍സ് കാഫ്കയെ ഞാന്‍ കണ്ടെത്തിയതുപോലെ ഹുവാന്‍ റുള്‍ഫോയെ കണ്ടെത്തിയതും എന്റെ ഓര്‍മ്മക്കുറിപ്പുകളിലെ പ്രധാനപ്പെട്ട ഒരദ്ധ്യായമായിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. 1961 ജൂണ്‍ 2-ന് ഏണസ്റ്റ് ഹെമിങ്വേ കാഞ്ചി വലിച്ച് മരണം വരിച്ച അതേ ദിവസമാണ് ഞാന്‍ മെക്‌സിക്കോയില്‍ വന്നെത്തിയത്. ഈ കാലത്തൊന്നും ഹുവാന്‍ റുല്‍ഫോയുടെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നില്ല. അങ്ങനെയൊരാളെപ്പറ്റി ഞാനന്നു കേട്ടിട്ടുകൂടിയില്ല. ഈ പറഞ്ഞത് നിങ്ങള്‍ക്ക് ചിലപ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഞാനങ്ങനെ പറയുന്നത്. ഒന്നാമത്, സാഹിത്യലോകവുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു തന്നെയാണ് അക്കാലത്തൊക്കെയും ഞാന്‍ ജീവിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ നോവലുകളുടെ കാര്യത്തില്‍ പ്രത്യേക താത്പര്യവുമുണ്ടായിരുന്നു താനും. മെക്‌സിക്കോയിലേക്ക് വന്നുചേര്‍ന്നപ്പോള്‍ ആദ്യമായി സമ്പര്‍ക്കം പുലര്‍ത്തിയത് കോര്‍ഡോബ സ്ട്രീറ്റിലെ ഡ്രാക്കുളക്കോട്ടയില്‍ മാനുവല്‍ ബാര്‍ബച്ചാനോ പോന്‍സിനൊപ്പം പ്രവര്‍ത്തിച്ച എഴുത്തുകാരോടും ഫെര്‍ണാണ്ടോ ബെനിറ്റസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നോവേഡേഡസ് എന്ന സാഹിത്യമാസികയുടെ എഡിറ്റര്‍മാരോടുമാണ് എന്നതാണ് രണ്ടാമത്തെ കാര്യം. അവര്‍ക്കെല്ലാം സ്വാഭാവികമായി ഹുവാന്‍ റുല്‍ഫോയെ നന്നായി അറിയാമായിരുന്നു. എന്നിട്ടും ഒരു ആറുമാസത്തേക്കെങ്കിലും അദ്ദേഹത്തെ ക്കുറിച്ച് ആരുമൊന്നും എന്നോട് സംസാരിച്ചിട്ടില്ല. വലിയ എഴുത്തുകാരുടെ കാര്യത്തില്‍ പലപ്പോഴും സംഭവിക്കാറുള്ളതുപോലെ ഒരുപക്ഷേ, അധികം വായിക്കപ്പെട്ടെങ്കിലും വേണ്ടതുപോലെ പരാമര്‍ശിക്കപ്പെടാതെ പോയ ഒരു എഴുത്തുകാരനാണ് ഹുവാന്‍ റുല്‍ഫോയെന്ന് കരുതണം.
മെക്‌സിക്കോ സിറ്റിയിലെ അന്‍സുറസിന് സമീപത്തായുള്ള കോള്‍റെനനില്‍ ലിഫ്റ്റ് ഇല്ലാത്ത ഒരു അപ്പാര്‍ട്ട്മെന്റിലാണ് ഞാനന്നു താമസിച്ചിരുന്നത്. മെഴ്‌സിഡസിനും റോഡ്രിഗോയ്ക്കും അന്ന് രണ്ട് വയസ്സിനു താഴെ മാത്രമേ പ്രായമുള്ളൂ. മാസ്റ്റര്‍ ബെഡ്‌റൂമിന്റെ തറയില്‍ ഒരു ഡബിള്‍ ബെഡ്, അടുത്ത മുറിയില്‍ ഒരു തൊട്ടില്‍, എഴുത്ത് മേശയായിക്കൂടി ഉപയോഗിക്കാനാവുന്ന ഒരു കിച്ചന്‍ ടേബിള്‍, എന്താവശ്യത്തിനും മാറിമാറി ഉപയോഗിക്കാവുന്ന രണ്ട് കസേരകള്‍ ഇതൊക്കെയാണ് ആകെക്കൂടിയുള്ള ഗൃഹോപകരണങ്ങള്‍.
മനുഷ്യപ്പറ്റുള്ള ഈ നഗരത്തില്‍ താമസിക്കാന്‍ ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നതാണ്. ഇളംകാറ്റിന്റെ കുളിരുള്ള നഗരം, മനോഹര വര്‍ണ്ണപുഷ്പങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന വഴിയോരങ്ങള്‍. എല്ലാം ആകര്‍ഷകമായിരുന്നു. പക്ഷേ, ഞങ്ങളുടെ ആ സന്തോഷത്തില്‍ പങ്കുചേരാന്‍ ഇമിഗ്രേഷന്‍ അധികാരികള്‍ തീരെ താത്പര്യം കാണിച്ചില്ല. ചലനരഹിതമായ നീണ്ട ക്യൂകളിലും പെരുമഴയത്തും നില്‍ക്കാനോ ആഭ്യന്തര സെക്രട്ടേറിയറ്റിന്റെ ഇടനാഴികളില്‍ പരിഹാരപ്രദിക്ഷണം ചെയ്യാനോ ഒക്കെയുള്ളതായിരുന്നു ഞങ്ങളുടെ പാതിജീവിതം.
പൂര്‍ണ്ണരൂപം 2024 മെയ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്
Comments are closed.