മാർക്കേസിന്റെ ഒറ്റവാക്യം
ഡോ മായ ലീല
Linguist, and Speech Pathologist.
മുക്കാല്‍ പേജോളം വലിപ്പമുണ്ട് മാര്‍ക്കേസിന്റെ ചില വാക്യങ്ങള്‍ക്ക്. ആ ഒരൊറ്റ വാക്യം തന്നെ ഒരു കഥയാണ്. സംഭാഷണവും ആഖ്യാനവും ആത്മഗതവും എന്നിങ്ങനെ ഭാഷയുടെ എഴുതപ്പെടാന്‍ പറ്റുന്ന സകല വകഭേദങ്ങളും ഉള്‍പ്പെട്ട ഒറ്റവാക്യം. പേജുകളോളം വലിപ്പമുള്ള അത്തരം ഒറ്റവാക്യങ്ങള്‍ നിറഞ്ഞതാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരനായ മുങ്ങിമരിച്ചവന്‍’ എന്ന കഥ. തങ്ങളുടെ കടല്‍ത്തീരത്ത് വന്നടിഞ്ഞ ഒരു ശവശരീരത്തെ ആ പട്ടണത്തിന്റെ മുഖച്ഛായ തന്നെ മാറ്റും വിധം അവിടുത്തുകാര്‍ സ്വാംശീകരിക്കുന്ന കഥയാണ്.
ചിന്തിക്കാനും വായനയുടെ മറുലോകങ്ങള്‍ തേടിപ്പോകാനും താത്പര്യമുള്ളവര്‍ക്കായി പ്രപഞ്ചങ്ങള്‍ തന്നെ തുറന്നിടുന്നു മാര്‍ക്കേസ്. അതിലേയ്ക്ക് ഓരോ വാക്കിലും ചുവട് വെച്ച് മെല്ലെ ഇറങ്ങിപ്പോകാത്ത വായനക്കാര്‍ കുറവായിരിക്കും മാര്‍ക്കേസ് കഥകള്‍ക്ക്. മലയാളത്തില്‍ ‘പിന്നെ’, ‘അങ്ങനെ’, ‘അതുപോലെ’, എന്നൊക്കെ സന്ദര്‍ഭോചിതമായി അര്‍ഥം വരുന്ന ‘y’ (ഈ) എന്ന സ്പാനിഷ് വാക്കാണ് മാര്‍ക്കേസ് ഒറ്റ വാക്യത്തില്‍ ആയിരം ആശയങ്ങളെ കൂട്ടിയിണക്കാന്‍ പ്രയോഗിക്കുന്ന മന്ത്രോച്ചാരണം.
എങ്ങനെയാവും ഇടമുറിയാതെ വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും ഇങ്ങനെ പ്രവഹിക്കാന്‍ കഴിയുന്നത് ഒരാളുടെ ഉള്ളില്‍ നിന്നും എന്നത് അത്ഭുതകരമാണ്. മരണം, ജീവിതം, അനുഭവം, പെരുമാറ്റം, ഭൂത ഭാവി വര്‍ത്തമാന കാലങ്ങള്‍, അങ്ങനെ പൂര്‍ണ്ണവിരാമത്തില്‍ വിഭജിക്കപ്പെട്ടു നില്‍ക്കേണ്ട ആശയങ്ങളെയെല്ലാം മാര്‍ക്കേസ് ഒരു ‘y’ ല്‍ കൊരുത്തി കൊരുത്തി നമ്മുക്ക് തരും. നിര്‍ത്താതെ സംസാരിക്കാന്‍ കഴിവുള്ള ഒരാള്‍ക്ക് പോലും ഇവ്വിധം വൈവിധ്യമാര്‍ന്ന ആശയങ്ങളെ കോര്‍ത്തിണക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. മാര്‍ക്കേസിന്റെ ഒറ്റ വാക്യങ്ങള്‍ വായിച്ചു തന്നെ അനുഭവിക്കേണ്ട വിസ്മയമാണ്. കഥയില്‍ നിന്ന് ചെറിയ ഒരൊറ്റവാക്യം താഴെ :
“അയാളുടെ ജീവിതം അവര്‍ ഒരുനോക്ക് കണ്ടു, കടക്കുന്ന വാതിലുകളിലൂടെയെല്ലാം ചരിഞ്ഞു മാത്രം കയറാനും തടിയഴികളില്‍ സദാ തലയിടിക്കാനും വിധിക്കപ്പെട്ട ജീവിതം, പിന്നെ വിരുന്നു പോകുന്നയിടത്തെല്ലാം നില്‍ക്കേണ്ടി വരികയും, അയാളുടെ ഇളം റോസ് നിറത്തിലെ കടല്‍ ഞണ്ടുകളെ പോലുള്ള തരളമായ കൈകള്‍ എന്ത് ചെയ്യണം എന്നറിയാതെ തൂക്കിയും കെട്ടിയും നില്‍ക്കുമ്പോള്‍ വീട്ടുകാരി അവരുടെ ഏറ്റവും ഈടുള്ള കസേര തപ്പി, ഭയന്ന് വിറച്ച് ‘ഒരു സഹായം ചെയ്യൂ ഇവിടിരിക്കൂ എസ്തെബാന്‍’ എന്ന് പറയുമ്പോള്‍, അയാള്‍ ചിരിച്ചുകൊണ്ട് ‘സാരമില്ല ശ്രീമതി, ഞാന്‍ ഇവിടെ നിന്നോളാം’ എന്ന് പറഞ്ഞ് ഭിത്തിയില്‍ ചാരി നിന്ന് ഉപ്പൂറ്റി കഴയ്ക്കുന്നത് അറിയുകയും, അങ്ങനെ വിരുന്നു പോയിടത്തെല്ലാം അതുതന്നെ ആവര്‍ത്തിച്ച് മുതുക് തഴമ്പിക്കുകയും, ഒടുക്കം ഇരിക്കുന്ന കസേര ഒടിയുകയെന്ന നാണക്കേടില്‍ നിന്നൊഴിവാകാന്‍ ‘സാരമില്ല ശ്രീമതി ഞാനിവിടെ നിന്നോളാം’ എന്ന് വീണ്ടും വീണ്ടും പറയുമ്പോള്‍ വളരെ വിഷമിച്ച് ‘ഇപ്പോള്‍ പോകാതെ എസ്തെബാന്‍, കാപ്പി തിളയ്ക്കുന്നത് വരെയെങ്കിലും നില്‍ക്കൂ എസ്തെബാന്‍’ എന്ന് പറഞ്ഞവര്‍ തന്നെ അയാള്‍ പൊയ്ക്കഴിയുമ്പോള്‍ ‘ഓ അവസാനം ആ സുന്ദരവിഡ്ഢി പോയിക്കിട്ടി’, എന്നും ‘പെരുകായന്‍ മന്ദന്‍ പോയി സമാധാനമായി’ എന്നുമൊക്കെ തങ്ങളില്‍ അടക്കം പറഞ്ഞിരുന്നത് ഒരിക്കലും അറിയാന്‍ ഇടയാകാത്ത വിധിക്കപ്പെട്ട ജീവിതം ജീവിക്കുന്ന അയാളെ അവര്‍ കണ്ടു”.
Comments are closed.