ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്; മാന്ത്രികനായ എഴുത്തുകാരൻ!
1982-ലെ നൊബേല്‍ പുരസ്‌കാര ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതികായനാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ ലാറ്റിനമേരിക്കയുടെ സാഹിത്യചരിത്രം തന്നെ മാറ്റിയെഴുതി. അദ്ദേഹത്തിന്റെ 94-ാം ജന്മവാര്‍ഷികദിനമാണ് ഇന്ന്. ഒറ്റപ്പെട്ട ഒരു വന്‍കരയിലെ ജനങ്ങളുടെ യഥാര്‍ത്ഥജീവിതം അവ വരച്ചുകാട്ടുകയായിരുന്നു. കൊളംബിയയിലെ നാടോടിക്കഥകളും മിത്തുകളും ഐതിഹ്യങ്ങളുമായിരുന്നു അവയുടെ അടിസ്ഥാനം. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഗാര്‍സിയ മാര്‍ക്വിസിനെ ഭയപ്പെടുത്തിയ മുത്തശ്ശിക്കഥകള്‍ പുതിയ ഒരു ശക്തിയോടും ചാരുതയോടും കൂടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ കൃതിയും. അവ ഏകാന്തതയുടെ രാവണന്‍കോട്ടകളില്‍ അകപ്പെട്ട നിസ്സഹായരായ മനുഷ്യരുടെ കഥകളാണ്. അവരുടെ തേങ്ങലുകള്‍ക്കായി ലോകം കാതോര്‍ത്തുനിന്നു.
അസാധാരണമായതിന് സാധാരണ സംഭവിക്കുന്നത് എന്ന രീതിയിലേക്കു മാറ്റുന്നതാണ് ഗാര്‍സിയ മാര്‍ക്വിസിന്റെ കഥാകഥനരീതി. മാന്ത്രിക യഥാതഥ്യ ശൈലി അഥവാ മാജിക്കല്‍ റിയലിസം എന്നും ആരാധകരും വിമര്‍ശകരും അതിനെ വിശേഷിപ്പിക്കുന്നു. തന്റെ ഓരോ നോവലിലും ഗാര്‍സിയ മാര്‍ക്വിസ് ജീവിതമാകുന്ന അത്ഭുതവും അതിന്റെ ധാരാളിത്തവും നിറയ്ക്കുന്നു. ദയയോടുകൂടി അതിന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു നോവല്‍ അവസാനിക്കുന്നത് ഒരു തിരിച്ചറിവോടുകൂടിയാണ്. വലിയൊരു കലാസൃഷ്ടിക്കു മാത്രം സാധിക്കുന്ന ജീവിതത്തെപ്പറ്റിയുള്ള ഒരു പുതിയ കാഴ്ചപ്പാട് ഓരോ ഗാര്‍സിയ മാര്‍ക്വിസ് നോവലും ജനിപ്പിക്കുന്നു. ജീവനുള്ള എല്ലാ സംരംഭങ്ങളുടെയും ആദിയെയും അന്ത്യത്തെയും കുറിച്ചു നമ്മള്‍ ചിന്തിക്കുന്നു. ഈ പ്രതിസന്ധികളെ അതിജീവിച്ചു മനുഷ്യനായി ജീവിച്ചിരിക്കുന്നതില്‍ നമ്മള്‍ സന്തോഷിക്കുന്നു. തത്ഫലമായി ദീനാനുകമ്പയും സഹതാപവും നമ്മില്‍ നിറയുന്നു. കൂടുതല്‍ നല്ല മനുഷ്യരാകുവാന്‍ നമ്മള്‍ സ്വയം തീരുമാനിക്കുന്നു. നിര്‍വ്വചിക്കാനാവാത്ത ഒരു സന്തോഷം നമ്മില്‍ നിറയുന്നു.
ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് വടക്കന്‍ കൊളംബിയയിലെ അരക്കറ്റാക്കയില്‍ 1927 മാര്‍ച്ച് 6നാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബിയയില്‍ നിയമത്തിലും, ജേര്‍ണ്ണലിസത്തിലും ഉപരിപഠനം നടത്തി. തുടര്‍ന്ന് റോം, പാരീസ്, ബാര്‍സിലോണിയ, ന്യൂയോര്‍ക്ക്, മെക്‌സിക്കോ എന്നീ നഗരങ്ങളില്‍ പത്ര പ്രവര്‍ത്തകനായി.
1955ല്‍ പുറത്തുവന്ന ദി സ്‌റ്റോറി ഓഫ് എ ഷിപ്പ്‌വെര്‍ക്ഡ് സെയിലര്‍ (കപ്പല്‍ച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ് മാര്‍ക്വിസ് സാഹിത്യ ലോകത്തു വരവറിയിക്കുന്നത്. 1970ല്‍ ഈ കൃതി പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി. 1967ല്‍ പ്രസിദ്ധീകരിച്ച വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ് (ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍) എന്ന നോവലാണ് മാര്‍ക്വേസിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്.
1971ല്‍ കൊളംബിയ സര്‍വകലാശാല മാര്‍കേസിന് ഓണററി ഡോക്ടര്‍ ബിരുദം നല്കി. 1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി. ലൗവ് ഇന്‍ ദി ടൈം ഓഫ് കൊളെറ (കോളറക്കാലത്തെ പ്രണയം), ഓട്ടം ഓഫ് ദ് പേട്രിയാര്‍ക്ക്, ലീഫ് സ്‌റ്റോം, ഇന്‍ എവിള്‍ അവര്‍, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ്, സ്‌റ്റോറി ഓഫ് എ ഷിപ്‌റെക്ക്ഡ് സെയിലര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍. മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോര്‍സ് ആയിരുന്നു ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. 2014 ഏപ്രില്‍ 17 ന് അദ്ദേഹം അന്തരിച്ചു.
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.