മാര്‍കേസ് എന്ന സിനിമാക്കാരന്‍
സി. വി. രമേശന്‍
മാര്‍കേസ്ആഘോഷങ്ങള്‍ക്കിടയില്‍, അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകള്‍
പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കപ്പെടുമ്പോള്‍, അവയ്ക്കിടയില്‍ ചലച്ചിത്രരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടുവോ?
ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ മാസ്മരിക എഴുത്തുകാരന്‍ ഗബ്രിയല്‍ ഗാര്‍ഷ്യാ മാര്‍കേസ് സൃഷ്ടിച്ച മാന്ത്രിക യാഥാര്‍ത്ഥ്യ ലോകത്തിലെ വിസ്മയകരങ്ങളായ അനുഭവങ്ങളിലൂടെ കടന്നു പോകാത്ത വായനക്കാര്‍ വിരളമാണ്. യാഥാര്‍ത്ഥ്യവും മിഥ്യയും സ്വപ്നങ്ങളും ഇടകലരുന്ന ആ അത്ഭുതലോകത്തില്‍ മല്‍സ്യങ്ങള്‍ പറന്നുനടക്കുകയും പെണ്‍കുട്ടികള്‍ക്ക് ചിറകുകള്‍ മുളക്കുകയും ചെയ്യുന്നത് സ്വാഭാവികതയോടെ അനുഭവിച്ചവരാണ് നാം. മാജിക്കല്‍ റിയലിസം ,
ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍കേസിന്റെ മറ്റൊരു പേരായാണ് ലോകം സ്വീകരിക്കുന്നത്. എഴുത്തിന്റെ അപൂര്‍വ്വവും അനന്യവുമായ ലോകം വായനക്കാര്‍ക്ക് ബാക്കിവെച്ചു കൊണ്ട്,
തന്റെ എണ്‍പത്തേഴാം വയസ്സില്‍ മാര്‍കേസ് ലോകത്തോട് വിടപറഞ്ഞപ്പോള്‍, ദേശഭാഷ വ്യതാസങ്ങള്‍ മറന്ന് അദ്ദേഹത്തിന്റെ വായനക്കാര്‍ ദു:ഖിച്ചു, അനശ്വരനായ എഴുത്തുകാരനായി അദ്ദേഹം ചരിത്രത്തില്‍ ഇടം പിടിച്ചു.
മാര്‍കേസ്ആഘോഷങ്ങള്‍ക്കിടയില്‍, അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകള്‍ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കപ്പെടുമ്പോള്‍, അവയ്ക്കിടയില്‍ ചലച്ചിത്രരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടുവോ?. മറ്റൊരു എഴുത്തുകാരനുമില്ലാത്ത രീതിയില്‍ സിനിമയുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നുവെന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍, എഴുത്തുകാരനാകാതെ, സിനിമാസംവിധായകനാകണമെന്ന് ആഗ്രഹിച്ച മാര്‍കേസ്, സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു പരീക്ഷണ ചിത്രം സംവിധാനം ചെയ്തിരുന്നു. മികച്ച ഒരു ചലച്ചിത്രനിരൂപകന്‍, പരീക്ഷണചിത്രങ്ങളേക്കുറിച്ച് പഠനം നടത്തിയ ചലച്ചിത്രവിദ്യാര്‍ത്ഥി, ഫിലിം ഇന്‍സ്റ്റിറ്റിയട്ട് ഡയറക്റ്റര്‍, ചലച്ചിത്ര അദ്ധ്യാപകന്‍, തിരക്കഥാകൃത്ത് തുടങ്ങി വ്യത്യസ്തങ്ങളായ പല രൂപങ്ങളിലും മാര്‍കേസ് ചലച്ചിത്രരംഗവുമായി അടുത്ത് ബന്ധപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമെ, അദ്ദേഹത്തിന്റെ പല കഥകള്‍ക്കും നോവലുകള്‍ക്കും ലോകപ്രസിദ്ധരായ സംവിധായകര്‍ ചലച്ചിത്രഭാഷ്യം നല്‍കിയിരുന്നു.
ബാല്യകാലത്ത് തുടങ്ങിയ സിനിമയുമായുള്ള അടുത്ത ബന്ധം തന്റെ അവസാന കാലം വരെ മാര്‍കേസ് നിലനിര്‍ത്തി. 1927-ല്‍ ഉത്തര കൊളംബിയയിലെ അര്‍ക്കാറ്റാക്കയില്‍ ജനിച്ച മാര്‍കേസ്, മുത്തച്ഛനൊപ്പം താമസിക്കുമ്പോള്‍ ബാല്യകാലത്ത് തുടങ്ങിയ ചലച്ചിത്രങ്ങളുമായുള്ള ബന്ധം, പില്‍ക്കാലത്ത് ഗൗരവമായ ഒരു കലാരൂപമായി സിനിമയെ കാണാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കയായിരുന്നു. അക്കാലത്ത്, കൊച്ചു ഗോബിറ്റയെ, മുത്തഛന്‍ കേണല്‍ നിക്കോളാസ് മാര്‍കേസ് നഗരം കാണിക്കാനായി കൊണ്ടുപോകുക പതിവായിരുന്നു. അതിനിടയില്‍ അവിടത്തെ പ്രധാന തിയേറ്ററായ ‘ഒളിമ്പ്യ മൂവി ഹൗസി’ല്‍പോയി അവര്‍ സിനിമ കാണാറുണ്ട്. സിനിമ കണ്ടുമടങ്ങുന്ന വഴിയില്‍ അതിന്റെ കഥ പറയാന്‍ കേണല്‍ ഗാബിറ്റയോട് ആവശ്യപ്പെടുക പതിവായിരുന്നു. അതുവഴി, കഥപറച്ചിലെന്ന കല പരിശീലിക്കാനും അതോടൊപ്പം സിനിമകള്‍ ആഴത്തില്‍ പഠിക്കാനും മാര്‍കേസിനു കഴിഞ്ഞു. സന്തോഷകരമായ ആ ബാല്യകാലംമാര്‍കേസ് ഇങ്ങിനെ ഓര്‍മ്മിക്കുന്നു: ”നേന്ത്രപ്പഴം കൃഷിചെയ്യുന്ന പ്രദേശമായിരുന്നതിനാല്‍ കൊളംബിയയില്‍ ആദ്യമായി സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്ഥലങ്ങളില്‍ അര്‍ക്കാറ്റാക്കയും ഉള്‍പ്പെട്ടിരുന്നു. അങ്ങിനെ, അമേരിക്കയില്‍ എത്തുന്ന പുതിയഏതു കാര്യവും, യുനൈട്ടഡ് ഫ്രൂട്ട് കമ്പനി വഴി അര്‍ക്കാറ്റാക്കയില്‍ ലഭിക്കുമായിരുന്നു. അങ്ങിനെയാണ് രാജ്യത്ത് മറ്റെവെടിയുമില്ലാതിരുന്ന സിനിമാ തിയേറ്ററുകള്‍ അര്‍ക്കാറ്റാക്കയില്‍ സ്ഥാപിക്കപ്പെടുന്നത്. അക്കാലത്ത് മുത്തച്ഛന്‍ എന്നെ എല്ലാ സിനിമകള്‍ക്കും കൊണ്ടു പോകാറുണ്ട്. Tom Mix, Tim Mc-Coy (അമേരിക്കന്‍ നടന്മാര്‍) എന്നിവരെ അന്ന് കണ്ടിരുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഡ്രാക്കുളയുടെമെക്‌സിക്കന്‍ ചലച്ചിത്രരൂപം തിയേറ്ററില്‍ കണ്ട ഓര്‍മ്മയും എനിക്കുണ്ട്. വീടിനടുത്തുള്ള തിയേറ്ററില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുമ്പോള്‍ ഞങ്ങളൊരുമിച്ച് പറയും:’ഓ! അതൊരു അമേരിക്കന്‍ സിനിമയാണല്ലോ!’.
അന്ന് ഞങ്ങള്‍ക്ക് കൂടുതലിഷ്ടം കൗബോയ് സിനിമകളായിരുന്നു. അവിടത്തെ തിയേറ്ററിനു മേല്‍ക്കൂരയില്ലാതിരുന്നതിനാല്‍, മഴപെയ്യുമ്പോള്‍ ഞങ്ങള്‍ ഇറങ്ങിയോടും!”.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്
Comments are closed.