DCBOOKS
Malayalam News Literature Website

ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മാട്ടുപ്പെട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. ബംഗാള്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാം. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

നീരൊഴുക്ക് ശക്തമായതിനാല്‍ അണക്കെട്ടുകള്‍ തുറന്ന നിലയില്‍ തുടരുകയാണ്. മാട്ടുപ്പെട്ടി അണക്കെട്ടില്‍ ജലനിരപ്പ് കൂടിയ പശ്ചാത്തലത്തില്‍ രാവിലെ ഒന്‍പത് മണിയോടെ ഒരു ഷട്ടര്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 1599.20 മീറ്റര്‍ എത്തിയതോടെയാണ് ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് വിടുന്നത്. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ മേഖലയിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ചെറുതോണിയിലെ രണ്ട് ഷട്ടറുകള്‍ ഇന്നലെ വൈകിട്ട് അടച്ചു. ബാക്കി മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം താഴ്ത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന തോത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments are closed.