ഇകിഗായ് എഴുത്തുകാരന്‍ ഫ്രാന്‍സിസ് മിറാലിസ് കെ.എല്‍.എഫ് വേദിയില്‍
ജീവിതത്തിന്റെയും അഭിലാഷങ്ങളുടെയും പൊരുള്‍ കണ്ടെത്തുക എന്നത് ഭാരതീയ തത്വചിന്തയില്‍ മാത്രമല്ല, മറ്റു പല സംസ്‌കാരങ്ങളുടെയും നാഴികക്കല്ലാണ്. ജാപ്പനീസ് തത്വചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആശയമാണ് ഇകിഗായ്. ജീവിതത്തിന്റെ പൊരുള്‍, ജീവിക്കാനുള്ള കാരണം എന്നൊക്കെ ഈ വാക്കിന് അര്‍ത്ഥം പറയാം. ഓരോ പുലരിയും പൊട്ടിവിടരുമ്പോള്‍, നിദ്രയില്‍ നിന്നുണരുമ്പോള്‍ എന്തിനാണ് ഞാന്‍ ഉണരുന്നത് എന്ന ചോദ്യത്തിനുത്തരമാണ് ഇകിഗായ് നല്‍കുന്നതെന്ന് ജാപ്പനീസ് ജനത പറയുന്നു.
ജീവിതത്തിന് നവോന്മേഷം പകരുന്ന ഈ ചിന്താപദ്ധതിയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഇകിഗായ് എന്ന പുസ്തകവും ഏറെ പ്രശസ്തമാണ്. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ ഹെക്ടര്‍ ഗാഴ്‌സിയയും ഫ്രാന്‍സിസ് മിറാലിസും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ഇന്ത്യന്‍ തത്വചിന്തയോടും പാരമ്പര്യത്തോടും സംസ്‌കാരത്തോടും ഏറെ ആഭിമുഖ്യം പുലര്‍ത്തുന്ന ഫ്രാന്‍സിസ് മിറാലിസ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി എത്തുന്നുണ്ട്. സ്പാനിഷ് എഴുത്തുകാരനും കോളമിസ്റ്റും വിവര്‍ത്തകനുമായ ഫ്രാന്‍സിസ് മിറാലിസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലെത്തുമ്പോള്‍ സഹൃദയര്‍ക്ക് തീര്‍ച്ചയായും ഒരു നവ്യാനുഭവമായിരിക്കും പകരുക.
കലയും സംസ്‌കാരവും സാഹിത്യവും സമ്മേളിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നും വിവിധ ഭാഷകളില്‍നിന്നും അഞ്ഞൂറിലധികം വിശിഷ്ടാതിഥികള്‍ കെ.എല്‍.എഫിന്റെ ഭാഗമാകുന്നു.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.