DCBOOKS
Malayalam News Literature Website

‘ഫോക്സോ’; കെ.പി രാമനുണ്ണിയുടെ വികാരതീവ്രതയുള്ള രചനകള്‍

ഇടത്തരം മനുഷ്യരുടെ വൈയക്തിക ജീവിതാനുഭവങ്ങളും സമീപകാല സംഭവഗതികളും കൂട്ടിയിണക്കി ഒരുതരം വിധ്വംസകനര്‍മ്മത്തില്‍ പൊതിഞ്ഞ് ആവിഷ്‌കരിക്കുന്നവയാണ് കെ.പി രാമനുണ്ണിയുടെ കഥകള്‍. ‘ഫോക്‌സോ‘ എന്ന ഏറ്റവും പുതിയ കഥാസമാഹാരത്തിലെ പത്തു കഥകളും ഈ ഗണത്തില്‍ത്തന്നെ പെടുത്താവുന്ന രചനകളാണ്. അതില്‍ ആത്മസത്യവും ഉള്ളില്‍ത്തറയ്ക്കുന്ന വികാരതീവ്രതയുമുണ്ട്. കഥാസന്ദര്‍ഭങ്ങളെ നിര്‍മ്മമമായി നോക്കിക്കാണുന്ന ഒരു കേവലനിരീക്ഷകനിലുമപ്പുറത്തുനിന്ന് കഥയില്‍ കാര്യങ്ങളുടെ യഥാതഥബോധ്യം നിശിതമായ സാമൂഹികവിമര്‍ശനത്തിലൂടെ കഥാകാരന്‍ സന്നിവേശിപ്പിക്കുകയാണ്. ഒരു പാവം കാറോട്ടക്കാരി, ആദ്യത്തെ ഭാര്യ, ശ്മശാനപ്രേമി,സ്വര്‍ഗ്ഗസംഗമം, ഒരു സാമ്രാജ്യത്ത്വവിരുദ്ധ തമാശക്കഥ, ഫോക്‌സോ, പ്രകൃതിപക്ഷം, വെര്‍ച്വല്‍മകന്‍, ദ റിയല്‍ ഫ്‌ലൈറ്റ്, പാട്ടിയും അപ്പുട്ടേട്ടനും എന്നീ കഥകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം.

ഒരു പാവം കാറോട്ടക്കാരി എന്ന കഥയില്‍ കാലിഫോര്‍ണിയയിലെ ആദ്യ മലയാളി വനിതാ കാറോട്ടക്കാരിയായ പ്രിറ്റി ജോസിന്റെ തിരക്കുപിടിച്ച ജീവിതമാണ് ചിത്രീകരിക്കുന്നത്. പതിനാലു വര്‍ഷംമുമ്പ് കോട്ടയത്തെ വല്യമ്മച്ചിയുടെ ഒപ്പമുള്ള ജീവിതത്തില്‍നിന്ന് മമ്മയുടെയും പപ്പയുടെയും ആഗ്രഹമനുസരിച്ച് ടെക്‌സാസിലെ ജിമ്മി കാര്‍ട്ടറുടെ കെട്ട്യോളായി ചെന്നതും അതിനുമുമ്പ് അപ്രതീക്ഷിതമായി ഒരു കോണ്‍വെന്റ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പദ്മനാഭന്‍ സാറുമായി അടുത്തിടപെഴുകിയതും പ്രിറ്റി ഓര്‍ത്തെടുക്കുകയാണ് ഈ കഥയില്‍. പ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കിലും ജിമ്മിയില്‍നിന്നു കിട്ടാത്തതു പലതും സാറില്‍നിന്നു കിട്ടിയതോര്‍ത്തുകൊണ്ട് നഷ്ടപ്പെട്ടതെന്തോ തേടിക്കൊണ്ട് കേരളത്തിലേക്ക് തിരിച്ചു വരികയാണ് പ്രിറ്റി. അവളുടെ ജീവിതാഭിലാഷംപോലും താന്‍ മുമ്പ് ഉപേക്ഷിച്ചുകളഞ്ഞ തന്റെചോരയില്‍ കുരുത്തകുഞ്ഞിനെ കണ്ടെണ്ടത്തണമെന്നുതന്നെയായിരുന്നു, ഏറെ വൈകിപ്പോയിരുന്നെങ്കിലും. അതിന് ഉപോദ്ബലകമായത് മിഗുവേല്‍ദ് ഉനാമോവിന്റെ ട്രാജിക് സെന്‍സ് ഓഫ് ലൈഫ് എന്ന പുസ്തകമായിരുന്നു എന്നതാണ് വൈരുദ്ധ്യം നിറഞ്ഞ ചില ജീവിതങ്ങളില്‍ സംഭവിക്കുന്ന ട്രാജഡിയെന്ന് കാണിച്ചുതരുന്നു.

‘ശ്മശാനപ്രേമി’ എന്ന കഥയിലാകട്ടെ എഴുപതു വയസ്സുള്ള അച്യുതന്‍ നായര്‍ പുതുതായി ശ്മശാനം ചുമതലക്കാരനായി നിയോഗിക്കപ്പെടുന്നതിന്റെ വിചിത്രാനുഭവമാണ്. മക്കള്‍ ഉയര്‍ന്നനിലയിലായിരിക്കെ അയാള്‍ തിരഞ്ഞെടുത്ത പുതിയ ജോലിയില്‍ എല്ലാവരും അതൃപ്തരാണെങ്കിലും അച്യുതന്‍ നായര്‍ ബഹുസന്തോഷത്തിലാണ്. ഒരു ശവം ചരമശുശ്രൂഷകഴിഞ്ഞ് ഏതെല്ലാം തരത്തിലുള്ള നടപടിക്കു വിധേയനായി ക്രിമിറ്റേറിയത്തില്‍ കത്തിയൊടുങ്ങുന്നുവെന്ന് അച്യുതന്‍നായര്‍ സ്വാനുഭവത്തില്‍ അനുഭവച്ചറിയുന്നിടത്താണ് ഈ കഥയുടെ ട്വിസ്റ്റ്. അഞ്ഞൂറോളം പേജു വരുന്ന പല്ലശ്ശനവിനയന്റെ ‘പല്ലശ്ശന പുരാണം എന്ന നോവല്‍ അഭൂതപൂര്‍വ്വമായ വിധത്തിലാണ് വായനാസമൂഹം ഏറ്റെടുക്കുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ ആറ് പതിപ്പിറങ്ങിയ പ്രസ്തുത നോവലില്‍ പോസ്റ്റ് ഡീ കണ്‍സ്ട്രക്ഷനിസ്റ്റും റീ കണ്‍സ്ട്രക്ഷന്‍ എന്ന പുതുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ ബ്രിട്ടീഷ് ഇന്റലക്ച്വല്‍ വില്യം കൂപ്പറിന്റെ തിയറികള്‍ എങ്ങിനെ കടന്നുകൂടി എന്ന നിരൂപകരുടെ വിമര്‍ശനം കേട്ട് തളര്‍ന്ന പല്ലശ്ശന വിനയന്‍ ലണ്ടനില്‍ചെന്ന് സാക്ഷാല്‍ വില്യം കൂപ്പറെ നേരിടുന്നതാണ് കഥയുടെ സന്ദര്‍ഭം. ഇതിലെല്ലാം ഇതള്‍വിരിയുന്ന നര്‍മ്മഭാവനകഥയുടെ രസച്ചരടു മുറിക്കാതെ വായനക്കാരെ മുന്നോട്ടു നടത്തിക്കാന്‍ സഹായിക്കുന്നുണ്ട്. ഒരാളെ പിടിച്ചിരുത്തി പുസ്തകം വായിപ്പിക്കേണ്ടണ്ട ഒരു വിപര്യയ കാലത്ത് ‘ഫോക്‌സോ’ പോലുള്ള സമാഹാരങ്ങളിലെ വ്യത്യസ്തവൈകാരിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന കഥകള്‍ നല്കുന്ന രസകരമായ വായനാനുഭവം എടുത്തു പറയേണ്ടണ്ട ഒന്നാണെന്ന് തോന്നുന്നു.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോക്സോ എന്ന കഥാസമാഹാരം ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

 

Comments are closed.