മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കെ.പി.സിസി മുന്‍ ട്രഷററും ഡി.സി.സി പ്രസിഡന്റുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (85) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
തൃശ്ശൂര്‍, പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പാറുവമ്മയുടെയും മകനായി 1934 നവംബര്‍ 18-നായിരുന്നു സി.എന്‍ ബാലകൃഷ്ണന്റെ ജനനം. വിനോബഭാവെയുടെ ഭൂദാന്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തെത്തുകയായിരുന്നു. 1952-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ച്ചയായി 17 വര്‍ഷം തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കെ.പി.സി.സിയുടെ ട്രഷറര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഖാദിഗ്രാമ വ്യവസായവികസന അസോസിയേഷന്റെയും 30 വര്‍ഷത്തിലേറെ സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡന്റായിരുന്നു. ഗ്രന്ഥശാലാ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. സഹകാരി രത്‌ന പുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള കെ.കെ. ബാലകൃഷ്ണന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
2011-ലെ തെരഞ്ഞെടുപ്പിലാണ് സി.എന്‍ ബാലകൃഷ്ണന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് ജയിച്ച അദ്ദേഹം യു.ഡി.എഫ് മന്ത്രിസഭയില്‍ സഹകരണവകുപ്പ് മന്ത്രിയായി.
മുന്‍ അധ്യാപികയും ഖാദി പ്രവര്‍ത്തകയുമായ തങ്കമണിയാണ് ഭാര്യ. മക്കള്‍: ഗീത വിജയന്‍, മിനി ബലറാം.
Comments are closed.