മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍.ശേഷന്‍ അന്തരിച്ചു
ചെന്നൈ: മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി.എന്‍.ശേഷന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ഇന്നലെ വൈകിട്ട് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
1990 മുതല്‍ 1996 വരെ രാജ്യത്തിന്റെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ടി.എന്‍.ശേഷന്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയും ചെയ്ത ടി.എന്‍.ശേഷനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കരുത്തും ശേഷിയും രാജ്യത്തിന് കാട്ടിക്കൊടുത്തത്.
1932-ല്‍ പാലക്കാട് ജില്ലയിലെ തിരുനെല്ലായി ഗ്രാമത്തില്‍ പ്രഗത്ഭ അഭിഭാഷകനായിരുന്ന നാരായണ അയ്യരുടെയും സീതാലക്ഷ്മിയുടെയും മകനായിരുന്നു ജനനം. എസ്.എസ്.എല്‍.സി, ഇന്റര്‍മീഡിയറ്റ്, ഡിഗ്രി, സിവില്‍ സര്‍വ്വീസ് പരീക്ഷകളിലെല്ലാം ഒന്നാം റാങ്കുകാരന്‍ എന്ന അത്യപൂര്‍വ്വ ബഹുമതിക്ക് ഉടമയായ ശേഷന്‍ 1955-ലാണ് രണ്ടാം റാങ്കോടെ സിവില്‍ സര്‍വ്വീസിലെത്തുന്നത്. തമിഴ്‌നാട് കേഡറിലായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആസൂത്രണ കമ്മീഷന്‍ അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1997-ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കെ.ആര്‍.നാരായണനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഭാര്യ പരേതയായ ജയലക്ഷ്മി.
ടി.എന്‍.ശേഷന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
Comments are closed.