പ്രളയത്തിന്റെ ദാര്‍ശനികത
‘പ്രളയം ഒരു പ്രകൃതിദുരന്തമാണ്; ദര്‍ശനമാകട്ടെ മനുഷ്യജീവിതത്തിന്റെ ഒരു മേഖലയും. മനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതിന് കോടിക്കണക്കിന് വര്‍ഷം മുമ്പു തന്നെ ഭൂമുഖത്ത് സംഹാരതാണ്ഡവമാടിത്തുടങ്ങിയിരുന്ന ഒരു പ്രകൃതിദുരന്തത്തെ മനുഷ്യപരിണാമത്തിന്റെ അന്തിമഘട്ടത്തില്‍ മാത്രം വികസിച്ച ദര്‍ശനവുമായി ബന്ധപ്പെടുത്തുന്നതില്‍ എന്തെങ്കിലും സാംഗത്യമുണ്ടോ?’
ഇതൊരു യഥാര്‍ത്ഥ സംശയമോ സാങ്കല്പികമായ ചോദ്യമോ ആവാം. രണ്ടായാലും, ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുവേണം വിഷയത്തിലേക്കു പ്രവേശിക്കുവാന്‍. ഒന്നാമതായി വ്യക്തമാക്കേണ്ടത് പ്രളയം ഒരു ‘ദുരന്ത’മല്ല, പ്രകൃതിയിലെ ഒരു ‘പ്രതിഭാസം’ മാത്രമാണെന്നുള്ളതാണ്. മനുഷ്യന്റെ ജീവനെയും സ്വത്തിനെയും ബാധിക്കുമ്പോള്‍ മാത്രമാണ് ഒരു പ്രതിഭാസം ദുരന്തമായി മാറുന്നത്. ഈ മാറ്റത്തില്‍ മനുഷ്യന്‍ രണ്ട് തരത്തില്‍ ഇടപെടാറുണ്ട്. ഒന്ന്, പ്രതിഭാസത്തെ ദുരന്തമായി മാറ്റുന്നതില്‍ മനുഷ്യന്റെ അജ്ഞതയും ധാര്‍ഷ്ട്യവും വഹിക്കുന്ന പങ്കാണ്. അതിനേറ്റവും നല്ല ഉദാഹരണമാണ് ഭൂകമ്പത്തിനും
ഉരുള്‍പൊട്ടലിനുമൊക്കെ സാദ്ധ്യതയുണ്ടെന്ന് ‘വിവരമുള്ളവര്‍’ പറയുന്നതിനെ പുച്ഛിച്ചുകൊണ്ട് ആ മേഖല കളില്‍ നടത്തുന്ന കെട്ടിടനിര്‍മ്മാണം. ആയിടങ്ങളില്‍ പ്രകൃതിയിലെ പ്രതിഭാസം, കെട്ടിടങ്ങള്‍ തകര്‍ന്ന് മനുഷ്യനെ ദുരിതത്തിലേക്ക് നയിക്കുന്ന മനുഷ്യനിര്‍മ്മിത ദുരന്തമായി (Man made disaster) മാറുന്നു.
രണ്ടാമത്തേത്, ദുരന്തനിവാരണത്തിനുവേണ്ടിയുള്ള മനുഷ്യനിര്‍മ്മിത സംവിധാനങ്ങള്‍, പിടിപ്പുകേടുകൊണ്ടോ കെടുകാര്യസ്ഥതകൊണ്ടോ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താതിരിക്കുകയോ വിപരീത രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. അങ്ങനെ വരുമ്പോള്‍ ദുരന്ത
ത്തിന്റെ ആഘാതം കുറയ്ക്കാനുള്ള സംവിധാനങ്ങള്‍തന്നെ ദുരന്തത്തിന് ആക്കം കൂട്ടുന്നതിന് കാരണമാകുന്നു. ഉദാഹരണം ഡാമുകളാണ്. ഡാമിന്റെ നിര്‍വ്വചനത്തില്‍ത്തന്നെ പറയുന്നുണ്ട് ഡാം നിര്‍മ്മിക്കുന്നതിന്റെ ഉദേശ്യങ്ങളില്‍ ഒന്ന് പ്രളയനിവാരണമാണെന്ന്. അപ്പോള്‍ പ്രളയനിവാരണത്തിനുവേണ്ടി കോടിക്കണക്കിന് രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍തന്നെ സ്വാഭാവികമായുണ്ടാകുമായിരുന്ന പ്രളയദുരന്തം ലഘൂകരിക്കുന്നതിനുതകുന്നില്ല എന്നുമാത്രമല്ല പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയും കൂടി ചെയ്യുകയാണെങ്കില്‍ അതിന് ഉത്തരവാദി സ്വയം വിവേചനമില്ലാത്ത ഡാമാകുന്നില്ല, ഡാമിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്ന, വിവേചനബുദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന മഹത് വ്യക്തികളാണ്. പ്രളയം കൂടി
ഉള്‍പ്പെടുന്ന ഒരു വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്ടര്‍ ബിരുദം നേടിയ ഒരാളെന്ന നിലയില്‍
കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ഈ വിവേചനമില്ലായ്മ ഒരു പ്രധാന ഘടകമായിരുന്നോ എന്ന് ബലമായി സംശയിക്കുവാന്‍ വേണ്ട യുക്തിഭദ്രമായ സൂചനകള്‍ നല്കാന്‍ ഇതെഴുതുന്ന യാള്‍ക്ക് കഴിയുമെങ്കിലും, അത് മറ്റൊരു വിഷയമായതുകൊണ്ട് അതിലേക്ക് കടക്കാതെ, പ്രളയത്തെ ദാര്‍ശനിക വീക്ഷണത്തില്‍ കാണുമ്പോള്‍ രണ്ടാമതായി വ്യക്തമാക്കേണ്ട ചോദ്യത്തിലേക്കു വരാം. ‘എന്തിന്?’ എന്ന ചോദ്യമാണിത്.
അജ്ഞതയും ധാര്‍ഷ്ട്യവും വിവേചനബുദ്ധിയുമെല്ലാം മനുഷ്യസ്വഭാവവുമായി ബന്ധപ്പെട്ട സവിശേഷതകളാണ്. ഏത് പ്രശ്‌നത്തെ സമീപിക്കുമ്പോഴും ‘എങ്ങനെ’ എന്നും ‘എന്തിന്’ എന്നും ബോധപൂര്‍വ്വമല്ലാതെതന്നെ ചോദിക്കുന്നതും മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ്. ഉദാഹരണത്തിന് വീട് വയ്ക്കുന്ന കാര്യമെടുക്കാം. ‘എങ്ങനെ’ വീടു പണിയാം എന്നുള്ളത് സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളാണ്. എന്നാല്‍ ഈ ചോദ്യം ചോദിക്കുന്നതിനു മുമ്പായി ‘എന്തിന്’ വീട് വയ്ക്കണം എന്ന് ബോധപൂര്‍വ്വമല്ലാതെ ചോദിക്കുകയും ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സുഖമായി താമസിക്കാനുള്ള സൗകര്യം വേണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടു മാത്രമേ ‘എങ്ങനെ’ വീടു പണിയണം എന്ന് ആലോചിക്കുന്നുള്ളു എന്നതാണ് വാസ്തവം. അതുപോലെയാണ് ഒരു ടെലിവിഷന്‍ വാങ്ങുന്നതും. അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനല്ല പ്രാധാന്യം; അതിലൂടെ വരുന്ന പരിപാടികള്‍ എത്രമാത്രം ആസ്വദിക്കാം എന്നതിനാണ്. ‘എന്തിന്’ ടി.വി. വാങ്ങുന്നു എന്ന അബോധമായ ചോദ്യത്തിനുത്തരമാണ് ‘പരിപാടികള്‍ ആസ്വദിക്കാന്‍’ എന്നുള്ളത്.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും ‘എങ്ങനെ’, ‘എന്തിന്’ എന്നീ രണ്ട് ചോദ്യങ്ങള്‍ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ചോദ്യങ്ങളും പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിലും ചോദിക്കുന്നത് അന്ധവിശ്വാസമാകുന്നില്ല. പ്രളയം ‘എങ്ങനെ’ ഉണ്ടായി എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണെന്നുള്ളതില്‍ സംശയമില്ല. മഴയാണോ, ഡാം തുറക്കലാണോ പ്രളയകാരണം തുടങ്ങിയ അന്വേഷണം ഈ ചോദ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അവിടെ തത്ത്വചിന്തയ്ക്കല്ല, വസ്തുനിഷ്ഠതയ്ക്കും തെളിവുകള്‍ക്കുമാണ് പ്രാധാന്യം. എന്നാല്‍ പ്രളയം ‘എന്തിനുണ്ടായി’ എന്ന ചോദ്യത്തിനുത്തരം തേടേണ്ടത് ശാസ്ത്രത്തിന്റെയോ സാങ്കേതിക വിദ്യയുടെയോ മേഖലയിലല്ല, തത്ത്വചിന്തയുടെ മേഖലയിലാണ്. ഇങ്ങനെയൊരു ചോദ്യം സംഗതമാണെന്ന് അംഗീകരിച്ചാല്‍ പ്രളയത്തെ ദാര്‍ശനിക വീക്ഷണത്തില്‍ കാണാന്‍ നാം സജ്ജരായി. മറിച്ചാണെ
ങ്കില്‍, ഈ ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ വായിക്കുന്നതുകൊണ്ട് സമയനഷ്ടം അല്ലാതെ ലാഭമൊന്നും ഉണ്ടാകാന്‍ ഇടയില്ല എന്നൊരു മുന്നറിയിപ്പും വിനയപൂര്‍വ്വം നല്കിക്കൊണ്ട് വിഷയാവതരണത്തിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ ദാര്‍ശനികമായി സമീപിക്കുന്നതിന്റെ ഒരു ചരിത്രപശ്ചാത്തലം കൂടി നോക്കാം.
പ്രകൃതിദുരന്തങ്ങളെ താത്ത്വികമായി വിശദീകരിക്കാനുള്ള ശ്രമം ലോകോത്തര ചിന്തകന്മാര്‍ നടത്തിയിട്ടുള്ളതിന് രേഖകളുണ്ട്. ഈ ജ്ഞാനികളെ സംബന്ധിച്ച്, ചില സന്ദേശങ്ങള്‍ നല്‍കാനുള്ള പ്രതീകങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍. സന്ദേശങ്ങളെ വ്യാഖ്യാനിക്കേണ്ടത് മനുഷ്യനാണ്.
മനുഷ്യന്റെ ധാര്‍മ്മികതയെയും പ്രകൃതിനിയമങ്ങളെയും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം എന്ന
അന്വേഷണത്തില്‍ തത്ത്വചിന്തകന്മാര്‍ തങ്ങളുടെ മനസ്സും ബുദ്ധിയും ആദ്യമായി പ്രയോഗിച്ചത് 1755-ല്‍, പോര്‍ച്ചുഗലിന്റെ സംസ്ഥാന നഗരമായ ലിസ്ബണില്‍ (Lisbon) ഉണ്ടായ ഭൂകമ്പത്തിലായിരിക്കണം. ഭൂമിയുടെ ആഴത്തില്‍നിന്നുള്ള പ്രകമ്പനം ലിസ്ബണെ വിറപ്പിച്ചത് നവംബര്‍ ഒന്നാം തീയതി ഞായറാഴ്ചയാണ്. ബഹുഭൂരിപക്ഷം നഗരവാസികളും പള്ളികളില്‍ കുര്‍ബാന കൈക്കൊള്ളുന്ന സമയം. എഴുപതിനായിരത്തോളം ആളുകളാണ് ദുരന്തത്തിനിരയായത്. ഇരുപതി നായിരത്തോളം കെട്ടിടങ്ങള്‍ ഉണ്ടായിരുന്നതില്‍ രണ്ടായിരം മാത്രം അവശേഷിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ തീപിടുത്തവും സുനാമിയും കൂടി ഉണ്ടായതോടെ മഹാനഗരം പൂര്‍ണ്ണമായും പൊലിഞ്ഞു.
പ്രകൃതിദുരന്തമായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ആയി മാറിയ ലിസ്ബണ്‍, ‘ഇന്‍ക്വിസിഷന്‍’ എന്ന പേരില്‍ കത്തോലിക്ക സഭ നടപ്പാക്കിയിരുന്ന, മനുഷ്യനിര്‍മ്മിത ദുരന്തമെന്നുപോലും വിശേഷിപ്പിക്കാവുന്ന, ക്രൂരമായ മനുഷ്യാവകാശ ലംഘന ങ്ങളുടെ പ്രഭവകേന്ദ്രം കൂടിയായിരുന്നു. വിവിധ ക്രൈസ്തവ സഭകള്‍ ഭൂകമ്പത്തിലൂടെ ലഭിച്ച ‘ദൈവസന്ദേശ’ത്തെ അവരവരുടേതായ നിലപാടില്‍ നിന്നുകൊണ്ട് വ്യാഖ്യാനിച്ചു. പോര്‍ട്ടുഗലില്‍ ഇന്‍ക്വിസിഷന്‍ തുടരുന്നതില്‍ കുപിതനായ ദൈവത്തിന്റെ ഉഗ്രകോപമാണ് ഭൂകമ്പത്തിലൂടെ പ്രകടിപ്പിച്ചതെന്നായിരുന്നു പ്രോട്ടസ്റ്റന്റ് സഭയുടെ വ്യാഖ്യാനം.
ഭൂകമ്പ സ്പന്ദനങ്ങളുടെ സ്വാധീനം മതാധിഷ്ഠിത വ്യാഖ്യാനങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. ഫ്രാന്‍സിലെ ചിന്തകരായ വോള്‍ട്ടയറിന്റെയും റൂസ്സോയുടെയും ജര്‍മ്മന്‍ തത്ത്വചിന്തകനായ ഇമ്മാനുവല്‍ കാന്റിന്റെയും മേധകളില്‍ അവ ചലനങ്ങള്‍ സൃഷ്ടിച്ചു. ‘ലിസ്ബണ്‍ ദുരന്തത്തെക്കുറിച്ച്’ (On The Libson Disaster) എന്ന കവിത വോള്‍ട്ടയര്‍ എഴുതി. 1759-ല്‍ പ്രസിദ്ധീകരിച്ച ‘കാന്‍ഡിഡ്’ (Candide) എന്ന നോവലിലും ഈ ഭൂകമ്പം പശ്ചാത്തലമായി. ”മനുഷ്യന്‍ സ്വയം തന്നെത്തന്നെ ദുരന്തങ്ങള്‍ക്ക് പര്യാപ്തമാക്കുകയാണ്” എന്നെഴുതിയ റൂസ്സോ, അംബരചുംബികള്‍ നിര്‍മ്മിക്കാതെ, പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്നെങ്കില്‍ ഭൂകമ്പം ഇത്ര വിനാശകാരിയാകു മായിരുന്നില്ല എന്നും രേഖപ്പടുത്തി. പ്രകൃതിദുരന്ത പഠനങ്ങളില്‍ തത്ത്വചിന്തയ്ക്കും സ്ഥാനമുണ്ടെന്ന് പ്രഖ്യാപിക്കുന്നതുമാതിരി ഭൂകമ്പത്തെ ശാസ്ത്രീയമായി വിശദീകരിച്ചുകൊണ്ടും താത്ത്വികമായി വിശകലനം ചെയ്തുകൊണ്ടും മൂന്ന് പ്രബന്ധങ്ങള്‍ കാന്റ് പ്രസിദ്ധീകരിച്ചു.
പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ പ്രകൃതിദുരന്തത്തെ പാശ്ചാത്യ ചിന്തകര്‍ താത്ത്വികമായി സമീപിച്ചതുമാത്രമല്ല കേരളത്തിലെ പ്രളയത്തെ അത്തരത്തില്‍ വിലയിരുത്താനുള്ള പ്രേരണ. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയിലും ഇതിനുദാഹരണമുണ്ട്. 1934 ജനുവരി പതിനഞ്ചിന് ബീഹാറിലുണ്ടായ ഭൂകമ്പത്തിലാണ് ഇത്തമൊരു വ്യാഖ്യാനമുണ്ടായത്. അങ്ങനെ ചെയ്തത് തത്ത്വചിന്തകര്‍ ആരും ആയിരുന്നില്ല, പിന്നീട് രാഷ്ട്രപിതാവായി മാറിയ സാക്ഷാല്‍ ഗാന്ധിയാണ്. ഭൂകമ്പത്തില്‍ മുപ്പതിനായിരം പേര്‍ മരിച്ചു. ഭൂകമ്പം അങ്ങ് നേപ്പാള്‍വരെ നീളുന്ന വലിയൊരു പ്രദേശത്ത് നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്തു.
അതേപ്പറ്റി ഗാന്ധിയുടെ പ്രതികരണം, ലേഖനത്തിന്റെ സൂചികയില്‍ നിന്ന് ഉദ്ധരിക്കാം: ”ഗാന്ധി ദുരന്തസ്ഥലം സന്ദര്‍ശിച്ചു. അയിത്തം ആചരിക്കുന്നതിന്റെ ദൈവശിക്ഷയാണ് ഭൂകമ്പം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഈ അഭിപ്രായത്തിലൂടെ ധാര്‍മ്മികമായ പരാജയത്തെ പ്രകൃതിദുരന്തവുമായി ഗാന്ധി ബന്ധിപ്പിച്ചു.” സ്വാതന്ത്ര്യത്തിന്റെ മുറവിളിയുടെ പശ്ചാത്തലത്തില്‍ ഗാന്ധി ഇന്ത്യയില്‍ നിറഞ്ഞു നില്ക്കുന്ന സമയമാണത്. എന്നിട്ടും ഗാന്ധിയുടെ പരാമര്‍ശത്തിന്റെ യുക്തി യുക്തതയെയും ശാസ്ത്രീയതയെയും രവീന്ദ്രനാഥ ടാഗോര്‍ ഉള്‍പ്പെടെ പലരും വിമര്‍ശിക്കാന്‍ തയ്യാറായി. പക്ഷേ, തന്റെ നിലപാടില്‍നിന്ന് പുറകോട്ടുപോകാന്‍ ഗാന്ധി ഒരുക്കമല്ലായിരുന്നു. വിമര്‍ശനങ്ങള്‍ക്കു മറുപടിയായി അദ്ദേഹം ‘ഹരിജന്‍’ല്‍ എഴുതി: ”വരള്‍ച്ച, പ്രളയം, ഭൂകമ്പം മുതലായവയെല്ലാം ഉണ്ടാകുന്നത് ഭൗതികമായ കാരണങ്ങളാലാണെന്നു തോന്നുമെങ്കിലും എന്നെ സംബന്ധിച്ച് അവയെല്ലാം ഏതെങ്കിലും തരത്തില്‍ മനുഷ്യന്റെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ടിരിക്കുന്നു.”
പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളെയും സുനിശ്ചിതത്ത്വത്തോടെ വിശദീകരിക്കാന്‍ കഴിയുമെന്ന് ആധുനിക ശാസ്ത്രം ഉറച്ചു വിശ്വസിക്കുകയും കുറെയൊക്കെ അഹങ്കരിക്കുകയും ചെയ്യുന്ന കാലത്താണ് ഗാന്ധി ഇങ്ങനെ പറയുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സുനിശ്ചിതത്ത്വത്തിന്റെ വിപരീതമായ ‘അനിശ്ചിതത്ത്വത്തെ’ ഒരു വസ്തുതയായി ശാസ്ത്രത്തിന് അംഗീകരിക്കേണ്ടി വന്നു. തന്നെയല്ല, പ്രപഞ്ചരഹസ്യത്തിന്റെ അഞ്ച് ശതമാനം മാത്രമേ ശാസ്ത്രത്തിന്റെ കൈപ്പിടിയില്‍ ഇപ്പോഴും ഒതുങ്ങുന്നുള്ളൂ എന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്…
ഡോ.പി.കെ.സാബു എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍
Comments are closed.