DCBOOKS
Malayalam News Literature Website

വീട്ടിലിരുന്ന് വായിക്കാൻ 5 പുസ്‌തകങ്ങൾ നിർദ്ദേശിച്ചു ബെന്യാമിൻ

അപ്രതീക്ഷിതമായി എത്തിയ മഹാമാരിയും അതിനെ പ്രതിരോധിക്കുന്നതിനായുള്ള ലോക്ഡൗണുമൊക്കെ പലരുടെയും മനസിനെ അസ്വസ്ഥമാക്കുന്നുണ്ടാകാം. ഈ സമയം പലരും പുസ്തകങ്ങളിലേക്ക് ചേക്കേറുകയാണ്. ഇപ്പോൾ ഇതാ ഈ ലോക്ഡൗൺ സമയത്തു വായനക്കാർക്കായി വ്യത്യസ്ത പശ്ചാത്തലങ്ങളിൽ ഒരുങ്ങിയ അഞ്ച് പുസ്തകങ്ങൾ നിർദ്ദേശിക്കുകയാണ് പ്രിയ എഴുത്തുകാരൻ ബെന്യാമിൻ.

മൺ പാത്രത്തിലെ നിധി – ഫുൾട്ടൻ ജെ. ഷീൻ

ഫുൾട്ടൺ ജെ. ഷീൻ- ന്റെ ആത്മകഥയാണ് ‘ട്രെഷർ ഇൻ ക്ലേ’. അമേരിക്കൻ കത്തോലിക്കാസഭയിലെ പ്രമുഖ അധ്യാപകനും പ്രസംഗകനും പാസ്റ്ററുമായിരുന്നു ഫുൾട്ടൺ ജെ ഷീൻ. ഇരുപതാം നൂറ്റാണ്ടിലെ കത്തോലിക്കാസഭയിലെ ഏറ്റവും പ്രിയങ്കരനും സ്വാധീനശക്തിയുമുള്ള വ്യക്തികളിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ ആത്മകഥ പുതിയ തലമുറയ്ക്ക് വ്യത്യസ്ത അനുഭവമാകും. ഫാ. ജോസഫ് കാച്ചിരാമറ്റമാണ് ആത്മകഥയുടെ മലയാള വിവർത്തനം.

ഏതിലയും മധുരിക്കുന്ന കാടുകളിൽ – കൽപ്പറ്റ നാരായണൻ

കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്റെ ‘ഏതിലയും മധുരിക്കുന്ന കാടുകളിൽ’.

Kalppatta Narayanan-Eathilayum Madhurikkunna Kadukalil“ഇതാ പലതരക്കാരായ എന്റെ ലേഖനങ്ങളിൽ നിന്ന് ഞാൻ തിരഞ്ഞെടുത്ത പ്രിയപ്പെട്ട ലേഖനങ്ങൾ. കവിതയോ കഥയോ എഴുതുന്ന വിറയാർന്ന കൈകൊണ്ട് ഞാനെഴുതിയവ. പ്രബന്ധം എന്നോ ഉപന്യാസമെന്നോ പറഞ്ഞാൽ അവ മുഖം വീർപ്പിക്കും. ലേഖനം എന്നു മതി. പ്രേമോപന്യാസമെന്നോ പ്രേമ പ്രബന്ധമെന്നോ പറയാറില്ലല്ലോ. പ്രേമലേഖനം എന്നല്ലേ പറയൂ. പ്രേമലേഖനമെന്ന് ബഷീറും പ്രണയ ലേഖനമെന്ന് വയലാറും എഴുതിയതോർമ്മയില്ലേ? തത്തയുടെ അടിവയറുപോലെ പതുപതുത്ത താമരയിലയിൽ അല്പം മാത്രം വളർന്ന നഖം കൊണ്ട് ആത്മാർപ്പണം ചെയ്തതല്ലേ; ലേഖനം മതി. അങ്ങനെ ഇതാ എന്റെ പ്രിയ ലേഖനങ്ങൾ, ആലേഖനങ്ങൾ.”

– കൽപ്പറ്റ നാരായണൻ
( പുസ്തകത്തിനെഴുതിയ ആമുഖത്തിൽ നിന്ന്)

തെരുവിന്റെ മക്കൾ – നജീബ് മഹ്ഫൂസ്

സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഈജിപ്ഷ്യൻ നോവലിസ്റ്റായിരുന്നു നജീബ് മഹ്ഫൂസ്. അറബ് നോവല്‍ ചരിത്രത്തില്‍ Image of Book തെരുവിന്റെ മക്കൾഏറെ വിവാദമുയര്‍ത്തിയ അദ്ദേഹത്തിന്റെ നോവലാണ് തെരുവിന്റെ മക്കൾ. സെമിറ്റിക് മതങ്ങളുടെ ചരിത്രത്തിലെ മഹത്തായ മുഹൂര്‍ത്തങ്ങളെ പുനരാവിഷ്‌കരിക്കുന്നു. തലമുറകളുടെ വര്‍ഗസമരത്തിന്റെ അനന്തമായ പോരാട്ടങ്ങള്‍. പിതാമഹനായ ജബലാവിയുടെ സന്തതിപരമ്പരകളുടെ കഥകള്‍. മഹത്തായ മൂല്യങ്ങളെ സ്വപ്നം കാണുന്ന തെരുവിന്റെ സന്തതികളുടെ പോരാട്ടങ്ങള്‍. അറബിയില്‍നിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം.

മുള്ളരഞ്ഞാണം – വിനോയ് തോമസ്

Vinoy Thomas-Mullaranjanamപുതിയ കഥാകൃത്തുക്കളില്‍ പ്രമേയസ്വീകരണത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തപുലര്‍ത്തുന്ന എഴുത്തുകാരന്‍ വിനോയ് തോമസിന്റെ ചെറുകഥാസമാഹാരം. ആനന്ദബ്രാന്റന്‍, ചൂടന്‍ ഇങ്കന്റെ ശവമടക്ക്, മുള്ളരഞ്ഞാണം, നായ്ക്കുരണ, തുഞ്ചന്‍ ഡയറ്റ് തുടങ്ങി ഏഴ് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ആഴത്തിലുള്ള പഠനവും വ്യാഖ്യാനവും ആവശ്യപ്പെടുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും.

I COULD NOT BE HINDU – BHANWAR MEGHWANSHI

സജീവ അംബേദ്കറൈറ്റ് പ്രവർത്തകനും എഴുത്തുകാരനുമാണ് ബൻവർ മേഘവൻശി. ദലിതനെന്ന നിലയിൽ ആർ.എസ്.എസിനുള്ളിൽ അനുഭവിക്കേണ്ടിവന്ന വ്യഥകളെക്കുറിച്ച് ആക്ടിവിസ്റ്റ് കൂടിയായ ഭൻവാർ മേഘവൻശി എഴുതിയ പുസ്തകം. ഹിന്ദിയിൽ എഴുതപ്പെട്ട പുസ്തകം ജെ.എൻ.യു. അധ്യാപിക നിവേദിത മേനോനാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. രാജ്യം ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങളിലേക്ക്‌ വെളിച്ചംവീശുന്ന വെളിപ്പെടുത്തലുകൾ ഏറെയുള്ള പുസ്തകം. 

Comments are closed.