DCBOOKS
Malayalam News Literature Website

ആദ്യ ബഷീര്‍ മ്യൂസിയം; ഉദ്ഘാടനം ഒക്ടോബര്‍ 23-ന്‌

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ ബഷീര്‍ മ്യൂസിയം & റീഡിംഗ് റൂം ”മതിലുകള്‍” ഒക്ടോബര്‍ 23-ന്  അടൂര്‍ ഗോപാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും. ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് മ്യൂസിയം.

ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപകഉപദേശകരിൽ ഒരാളായ ബഷീറിന്റെ കയ്യെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിന്റെ രേഖകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം എഴുത്തുകാരനെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്കാരികമേഖലയിലെ എഴുത്ത് (1940-1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു.

ഡോ. എം എം ബഷീറിന്റെ ശേഖരത്തിലുള്ള ബഷീര്‍ കയ്യെഴുത്ത് പ്രതികളില്‍ 1936-ല്‍ ആദ്യം ഇംഗ്ലീഷിലെഴുതിത്തുടങ്ങിയ ‘ബാല്യകാലസഖി’യുടെ ഇംഗ്ലീഷ് പേജുകള്‍, ”ഭാര്‍ഗവീ നിലയ”ത്തിന്റെ തിരക്കഥ, പിന്നീട് ‘അനുരാഗത്തിന്റെ ദിനങ്ങള്‍’ ‘കാമുകന്റെ ഡയറി’, ‘ഭൂമിയുടെ അവകാശികള്‍’, ‘മുച്ചീട്ടുകളിക്കാരന്റെ മകളുടെ’ പൂര്‍ത്തിയാകാത്ത നാടകം, അപ്രകാശിത കഥകള്‍, ഡോ. സുകുമാര്‍ അഴീക്കോടിനടക്കം എഴുതിയ കത്തുകള്‍ എന്നിവയാണുള്ളത്.

ബഷീർ എന്ന സ്വാതന്ത്ര്യസമര സേനാനി, കേരളനവോത്ഥാനവും ബഷീറും, ബഷീർ എന്ന സാമുദായിക പരിഷ്കരണവാദി, ബഷീറിലെ ആത്മീയതയും ധാർമികതയും എന്നീ തലങ്ങളിലാണ് ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജ് അധ്യാപകനായ എൻ പി ആഷ്‌ലി ക്യൂറേറ്റർ ആയ ഈ മ്യൂസിയം ഒരുങ്ങിയിരിക്കുന്നത്. മരങ്ങളും ചെടികളും കൂടി ഭാഗമാവുന്ന രീതിയിലാണ് രൂപവിധാനം. ബംഗളൂരിലെ ലിറ്റിൽ റിവർ ആർക്കിറ്റെക്സ്റ്റിലെ സീജോ സിറിയക് ആണ് മ്യൂസിയത്തിന്റെ കെട്ടിടവും ചുറ്റുപാടും രൂപകൽപന ചെയ്തത്. കെ.എൽ ലിയോണും സനം നാരായണനും ആണ് ആർട്ടിസ്റ്റിക് കൺസൾട്ടന്റുമാർ.

Comments are closed.