മുംബൈയില്‍ ദീപിക പദുക്കോണ്‍ താമസിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തം
മുംബൈ: മഹാരാഷ്ട്രയിലെ വോര്‍ലിയില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി. തെക്കന്‍ മുംബൈയിലെ പത്മാവതിയിലുള്ള ബ്യൂമൗണ്ട് കെട്ടിടത്തിലാണ് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തീപിടുത്തം ഉണ്ടായത്. ദീപികയെ കൂടാതെ നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്ന കെട്ടിട സമുച്ചയമാണിത്.
തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ താമസിച്ചിരുന്ന 90 കുടുംബങ്ങളെ സുരക്ഷിതമായി താഴെയെത്തിച്ചതായി മുംബൈ പൊലീസ് പറഞ്ഞു. അഗ്നിശമനസേനയും കെട്ടിടത്തിലെ ജീവനക്കാരും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ടാണ് തീയണച്ചത്.
കെട്ടിടത്തിന്റെ മുപ്പത്തിമൂന്നാം നിലക്കാണ് തീ പിടിച്ചത്. രണ്ട് നിലക്ക് സാരമായി കേടുപാടുകള്‍ ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സംഭവസമയത്ത് ദീപിക പദുക്കോണ്‍ കെട്ടിടത്തിലുണ്ടായിരുന്നില്ല. 26-ാം നിലയിലാണ് ദീപിക താമസിക്കുന്നത്.
Comments are closed.