DCBOOKS
Malayalam News Literature Website

ജനാധിപത്യത്തിന്റെ ചലച്ചിത്രങ്ങള്‍

കമല്‍സ്വരൂപ് / പി.കെ. സുരേന്ദ്രന്‍

ക്ലാസ്സ് മുറിയില്‍ ഓം പാട്ടുപാടുന്ന രംഗം അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അവന്‍ പാടിയത് തവളയെ കുറിച്ചായിരുന്നു. പാട്ടിനിടയില്‍ അവന്‍ തന്റെ ലോക്കറ്റിനിടയില്‍ നിന്ന് വളരെ
ചെറിയ ഒരു പുസ്തകം പുറത്തെടുക്കുന്നുണ്ട്. അത് ഖുറാന്‍ ആണെന്നാണ് അവര്‍ വിചാരിച്ചത്. അതൊരു ഖുറാന്‍തന്നെയാണോ എന്ന് കണ്ടുപിടിക്കാനായി ഒരു മൗലവിയെ നിയോഗിച്ചു. മൗലവി ഭൂതക്കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ അതൊരു ഇംഗ്ലിഷ് നിഘണ്ടു ആയിരുന്നു. ഞാന്‍ അവരുടെ ബുദ്ധിയെ വെല്ലുവിളിക്കുന്നു എന്നാണ് അവര്‍ക്ക് തോന്നിയത്.

‘ഓം ദര്‍ബദര്‍’ (ഹിന്ദി-1988) എന്ന ഒരൊറ്റ ഫീച്ചര്‍ സിനിമ മാത്രമേ കമല്‍ സ്വരൂപ് സംവിധാനം ചെയ്തിട്ടുള്ളൂ. വളരെ വ്യത്യസ്തമായ ഒരു സിനിമയാണിത്. കാലാന്തരേണ ഈ സിനിമ ഇന്ത്യന്‍ സിനിമയിലെ ഒരു കള്‍ട്ട് സിനിമയായി മാറി.

കൗമാര പ്രായക്കാരനായ ഓം എന്ന കുട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വിരമിച്ച അവന്റെ പിതാവ് ഒരു ജ്യോതിഷിയുമാണ്. തന്റെ മകന്‍ പതിനെട്ടാം വയസ്സില്‍ മരിക്കും എന്ന് മനസ്സിലാക്കിയ പിതാവ് മകന് ഓം എന്ന പേര് വിളിക്കുന്നു. യമലോകത്തില്‍ ഓം എന്ന വാക്ക് ഇല്ല. ഇതിലൂടെ മകന് മരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയും എന്ന് അയാള്‍ വിശ്വസിച്ചു. വളരെ നേരം ശ്വാസം പിടിച്ച് വെള്ളത്തില്‍ മുങ്ങിയിരിക്കാനുള്ള ഓമിന്റെ സിദ്ധി അവനെ സ്‌കൂളില്‍ പ്രസിദ്ധനാക്കി. നീല്‍ ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനില്‍ കാലു കുത്തിയ ദിവസം ഓം ടെറസ്സില്‍ തന്റെ കൂട്ടുകാരന്റെ ജന്മദിനം ആഘോഷിക്കുന്നു. അവിടേക്ക് താമസം മാറി വന്ന
ജഗദീഷുമായി സ്‌നേഹത്തിലാവുന്നു അവന്റെ മൂത്ത സഹോദരി. ഇപ്പോള്‍ കൗമാരപ്രായക്കാരനായ ഓം സയന്‍സിലും അതേ സമയം മാജിക്കിലും മതത്തിലും തത്പരനാണ്.

അര്‍ത്ഥവത്തായ ഒരു ആഖ്യാനത്തിലേക്ക് എത്താനുള്ള എല്ലാ സാധ്യതകളെയും സംവിധായകന്‍ ഇല്ലാതാക്കുന്നു. ഏതെങ്കിലും ഒരു സന്ദര്‍ഭത്തിലേക്ക് സിനിമയെ കൊണ്ടെത്തിക്കുക അദ്ദേഹത്തിന്റെ ലക്ഷ്യവുമല്ല. അതുപോലെ ഒരു ആശയത്തെ വികസിപ്പിച്ച് പരിസമാപ്തിയില്‍ എത്തിക്കുന്നുമില്ല. പല ആശയങ്ങള്‍, പല ശൈലികള്‍, പല അടരുകള്‍ മിത്ത്, യാഥാര്‍ത്ഥ്യം, സര്‍റിയലിസം, ഫാന്റസി, അബ്‌സേര്‍ഡിസം ഇവയുടെ കുഴമറിയലാകുന്നു സിനിമ. സിനിമ പ്രേക്ഷകരെ പ്രകോപിപ്പിക്കുന്നു, അലോസരപ്പെടുത്തുന്നു, ചിന്താക്കുഴപ്പത്തിലാക്കുന്നു. അര്‍ത്ഥശൂന്യമായി തോന്നിപ്പിക്കുന്ന തരത്തിലുള്ള ഷോട്ടുകളുടെ പരമ്പര. അതേ സമയം രാജ്യത്തെ സംബന്ധിക്കുന്ന പല സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ഹാസ്യാത്മക സമീപനവും ആകുന്നു സിനിമ. എന്നാല്‍ ഹാസ്യം സാധാരണ രീതിയിലും അല്ല. ഹാസ്യം സ്വാഭാവികമല്ല. ബലം പ്രയോഗിച്ചുകൊണ്ട് സംവിധായകന്‍ എല്ലാത്തിനെയും ഹാസ്യാത്മകമാക്കുകയാണ്.

സിനിമ നിരര്‍ത്ഥകമായി അനുഭവപ്പെടുമെങ്കിലും ചില ഭാഗങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ സിനിമ കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും തെളിഞ്ഞു വരും. നമ്മുടെ സിനിമകളില്‍ പൊതുവെ സ്ത്രീകളെ പുരുഷന് വഴങ്ങുന്നവരായാണല്ലോ ചിത്രീകരിക്കുന്നത്. എന്നാല്‍ ഈ സങ്കല്‍പ്പങ്ങള്‍ക്ക് എതിരെയാണ് ഗായത്രിയുടെ കഥാപാത്രം. അവള്‍ സ്വയത്തെ പുരുഷന് തുല്യമായി കരുതുന്നു. സിനിമാ തിയറ്ററില്‍ അവള്‍ പുരുഷന്മാര്‍ക്കുള്ള സീറ്റില്‍ ഇരിക്കുന്നു. സൈക്കിള്‍ ഓടിക്കുന്നു. ഒരു സന്ദര്‍ഭത്തില്‍ ശാരീരികമായി ബന്ധപ്പെടാന്‍ അവള്‍
ജഗദീഷിനെ നിര്‍ബന്ധിക്കുന്നുണ്ട്. അയാള്‍ തന്റെ അടിവസ്ത്രത്തിന്റെ നാട അഴിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ അവള്‍ കത്രിക കൊണ്ട് നാട മുറിക്കുകയാണ്. വിവാഹിതയാവാതെ അവള്‍ ഒരു കുട്ടിക്ക് ജന്മം കൊടുക്കുകയും ആ കുട്ടിയെ വളര്‍ത്തുകയും ചെയ്യുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ ഗായത്രിയും ജഗദീഷും ഒരു കിഴുക്കാംതൂക്കായ പാറയ്ക്ക് മുകളില്‍ ചെന്ന് വിഷം കഴിച്ചു മരിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ജഗദീഷ് വിഷം കഴിച്ച് മരിക്കുന്നു. മനസ്സുമാറിയ ഗായത്രി അവിടെ നിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് തിരികെ പോവുന്നു.

തുടര്‍ന്ന് കമല്‍ സ്വരൂപ് ഡോക്യുമെന്ററി സിനിമാ സംവിധാനത്തില്‍ വ്യാപൃതനായി. ബാറ്റില്‍
ഓഫ് ബനാറസ് എന്ന സിനിമ 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ വാരണാസി സീറ്റിനു വേണ്ടിയുള്ള അന്നത്തെ നിയുക്ത പ്രധാനമന്ത്രി മോദിയുടെയും കെജരിവാളിന്റെയും മത്സരമാണ്. നോബല്‍ പുരസ്‌കാര ജേതാവായ ഏലിയാസ് കനേറ്റിയുടെക്രൗഡ്‌സ് ആന്‍ഡ് പവര്‍ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ. ജനങ്ങള്‍ ആള്‍ക്കൂട്ടം ആവുന്നതിനെ കുറിച്ചും അധികാരത്തിനുവേണ്ടിയുള്ള കൗശലത്തെ കുറിച്ചും ജനങ്ങളുടെ അടിയറവിനെ കുറിച്ചും ഉള്ള കനേറ്റിയുടെ ചിന്തകളെ പുണ്യ സ്ഥലമായ വാരണാസിയിലെ ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തമായ ആവേശത്തിമര്‍പ്പിലൂടെ, ശബ്ദയുദ്ധത്തിലൂടെ സിനിമ ആവിഷ്‌കരിക്കുന്നു.

‘പുഷ്‌കര്‍ പുരാണ്‍’ എന്ന സിനിമ വര്‍ഷത്തില്‍ ഒരിക്കല്‍ രാജസ്ഥാനിലെ പുഷ്‌കര്‍ എന്ന സ്ഥലത്തു നടക്കുന്ന മേളയെ കുറിച്ചാണ്. ഈ സമയത്ത് അതൊരു ഉത്സവഭൂമിയായി മാറുന്നു. ഈ മേള ഇന്നൊരു വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുന്നു. അതോടെ സര്‍ക്കാര്‍ ഇതിനെ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ സംഘടിപ്പിക്കുന്ന ദൃശ്യ വിസ്മയമാക്കി മാറ്റി. ‘രംഗ് ഭൂമി’ എന്ന സിനിമയിലൂടെ സ്വരൂപ് ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹെബ് ഫാല്‍ക്കെയുടെ വാരണാസിയിലെ ജീവിതം തേടുകയാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെ ഫാല്‍കെ ഈ രംഗത്തുനിന്ന് ഉള്‍വലിഞ്ഞ് തന്റെ കുടുംബവും ഒത്ത് വാരണാസിയില്‍ താമസമാക്കി. ഇതിനെ ‘സിനിമാറ്റിക് സന്യാസ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വാരണാസിയില്‍ വച്ച് രംഗ് ഭൂമി (മറാത്തി) എന്ന ആത്മകഥാപരമായ ഒരു നാടകം അദ്ദേഹം എഴുതി. ഈ നാടകം അദ്ദേഹം തന്നെ മുംബൈയില്‍ അവതരിപ്പിക്കുകയുണ്ടായി.

സ്വരൂപിന്റെ സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡില്‍നിന്ന് പല രീതിയിലുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.

ഈ പശ്ചാത്തലത്തില്‍ കമല്‍ സ്വരൂപ് സെന്‍സര്‍ ബോര്‍ഡിനെ കുറിച്ചും ഫാല്‍ക്കെയെ കുറിച്ചും ഡിജിറ്റല്‍ കാലത്തെ സിനിമയെ കുറിച്ചും തന്റെ സിനിമകളെ കുറിച്ചും സംസാരിക്കുന്നു

സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ മാര്‍ച്ച്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

Comments are closed.