മുമ്പേ പറന്ന പക്ഷി
സെപ്റ്റംബർ ലക്കം ‘പച്ചക്കുതിര’ യില്‍
സോക്രട്ടീസ് കെ വാലത്ത്
തികച്ചും വ്യത്യസ്തമായ ആശയം എടുക്കുക. അത് ശക്തമായ ദൃശ്യങ്ങളിലൂടെ സിനിമയാക്കുക. ഇതിനിടയിൽ കഥയുടെ കാര്യകാരണബന്ധം വിട്ടു പോകാതിരിക്കാൻ ഇടയ്ക്കു തിരക്കഥയിലൂടെ ഒന്നു കണ്ണോടിക്കുക. ഇതായിരുന്നു മേനോൻ സ്റ്റൈൽ. അടിസ്ഥാനപരമായും മേനോൻ ഒരു ചിത്രകാരനായിരുന്നല്ലോ. അതുകൊണ്ടു തന്നെ സിനിമ ചിത്രങ്ങളായിട്ട് അഥവാ സീക്വൻസുകളായിട്ടാണ് അദ്ദേഹം മനസ്സിൽ രൂപപ്പെടുത്തിയിരുന്നത്. ഇതിന് തുണയായത് സിനിമ ഒരു വികാരമായി കൊണ്ടു നടന്നിരുന്ന കാലത്ത് കണ്ട ഡിസിക്കാ ചിത്രങ്ങളാണ് എന്ന് മേനോൻ തന്നെ പറഞ്ഞിട്ടുണ്ട്. ചലച്ചിത്രകാരൻ പി.എൻ. മേനോന്റെ സിനിമയും ജീവിതവും.
പി എൻ മേനോൻ എന്ന മലയാള സിനിമ കണ്ട ധീരനായ ചലച്ചിത്രകാരന് 2008 സെപ്റ്റംബറിലെ ഒൻപതാം ദിവസം കടന്നു മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. അതിനും നാലു വർഷം മുൻപു വരെ സജീവമായിരുന്ന ആ പ്രതിഭയുടെ വിരഹത്തിന്റെ ഈ പതിനഞ്ചാം വർഷത്തിൽ അദ്ദേഹത്തെ ഓർമ്മിക്കാതെ ഒരു ചലച്ചിത്രാസ്വാദകന് സെപ്തംബർ ഒൻപത് കടന്നു പോകാനും കഴിയില്ല.
മലയാള സിനിമയിലേക്ക് ഭരതൻ ആനയിച്ച ദൃശ്യസൗന്ദര്യത്തിന്റെ വസന്തകാലത്തിന് പണ്ടേ വിത്തു പാകിയ സംവിധായകനായിരുന്നു പാലിശ്ശേരി നാരായണൻകുട്ടി എന്ന പി. എൻ. മേനോൻ. ഭരതന്റെ ചെറിയച്ഛൻ. 1965 മുതൽ 2004 വരെയുള്ള 39 വർഷങ്ങളിലൂടെ മലയാള സിനിമ തൊടാൻ ധൈര്യപ്പെടാതിരുന്ന ആശയങ്ങൾക്ക് അഭ്രരൂപം നൽകി. അറുപതുകളിലും എഴുപതുകളിലും സ്വന്തം സിനിമകളെ മുൻനിർത്തി ഉയർന്ന വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും മുന്നിൽ മേനോൻ തലതാഴ്ത്തിയില്ല. അന്നേവരെ ആരും കാണാത്ത ഒരു ദൃശ്യസംസ്കാരത്തിന് അദ്ദേഹം തുടക്കമിട്ട കാലമായിരുന്നു അത്. -മലയാള സിനിമയിൽ യാതൊരു മുൻ മാതൃകയുമില്ലാതെ തന്നെ വേറിട്ട ഒരു ദൃശ്യബോധത്തിൽ നിന്നുയർന്ന ഒരു നിലപാട്. അടൂരിനും അരവിന്ദനും ജോൺ എബ്രഹാമിനും ബക്കറിനും ടി വി ചന്ദ്രനും കെ ജി ജോർജിനും ഭരതനും പത്മരാജനും ഒക്കെ നവീനമായൊരു സിനിമാസങ്കൽപ്പം ഉള്ളിലുണരാൻ അത് അടിത്തറയായെന്നു തന്നെ പറയാം.
പൂര്‍ണ്ണരൂപം 2023 സെപ്റ്റംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബർ ലക്കം ലഭ്യമാണ്
Comments are closed.