ചലച്ചിത്രനിര്‍മ്മാതാവ് രാജു മാത്യു അന്തരിച്ചു
കോട്ടയം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സെഞ്ചുറി ഫിലിംസ് ഉടമയുമായ മാളിയേക്കല്‍ രാജു മാത്യു(82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് ആയിരുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാണവും വിതരണവും നിര്‍വ്വഹിച്ച രാജു മാത്യു ട്രാവന്‍കൂര്‍ ഫോര്‍വേഡ് ബാങ്ക് സ്ഥാപകന്‍ എം.സി.മാത്യുവിന്റെ മകനാണ്. സെഞ്ചുറിയുടെ ബാനറില്‍ 45 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 121 ചിത്രങ്ങള്‍ തീയറ്ററിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ബാലചന്ദ്രമേനോനും മോഹന്‍ലാലും അഭിനയിച്ച കേള്‍ക്കാത്ത ശബ്ദം ആണ് ആദ്യ ചിത്രം. സംഘര്‍ഷം, പിന്‍നിലാവ്, അവിടത്തെപോലെ ഇവിടെയും, അടിമകള്‍ ഉടമകള്‍, മുക്തി, ഒറ്റയാള്‍ പട്ടാളം, ആനവാല്‍ മോതിരം, തന്മാത്ര, മണിരത്‌നം തുടങ്ങിയവ സെഞ്ചുറിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങളാണ്. ഫഹദ് ഫാസില്‍ നായകനായെത്തിയ അതിരന്‍ ആയിരുന്നു ഒടുവില്‍ നിര്‍മ്മിച്ച ചിത്രം. മനോഹരം, വികൃതി എന്നിവയാണ് അവസാനം തീയറ്ററില്‍ വിതരണത്തിന് എത്തിച്ച ചിത്രങ്ങള്‍.
പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. മക്കള്‍: അഞ്ജന ജേക്കബ്, രഞ്ജന മാത്യു. സംസ്‌കാരം വെള്ളിയാഴ്ച തെള്ളകം പുത്തന്‍പള്ളി സെമിത്തേരിയില്‍ നടക്കും.
Comments are closed.