DCBOOKS
Malayalam News Literature Website

മറ്റൊരു ബംഗാള്‍ മറ്റൊരു ലോകം

ജനുവരി ലക്കം പച്ചക്കുതിരയില്‍

എ.പി. കുഞ്ഞാമു

പരിമള്‍ ഭട്ടാചാര്യയുടെ Field Notes from a Waterborne Land എന്ന കൃതി നാം പരിചയിച്ച വംഗനാടിന്നും മൂല്യങ്ങള്‍ക്കും അപ്പുറത്ത് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ മാന്ത്രിക വിസ്മയങ്ങള്‍ കൃത്യമായി വരച്ചിടുന്ന ഒരു കൃതിയാണ്. ഇതൊരു യാത്രാ വിവരണമാണോ എന്നു ചോദിച്ചാല്‍ അതെ. എഴുത്തുകാരന്‍ തന്റെ ഭദ്ര ലോക ജീവിതത്തിന്ന് പുറത്തേക്ക് കടക്കുകയും അതിന്റെ സുരക്ഷിത മണ്ഡലങ്ങളും മുന്‍വിധികളും ഉപേക്ഷിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും പരിമളിന്റേത് ഒരു യാത്രാ വിവരണമാണ്. ലോകത്തിലെ ഏറ്റവും വലിയ ചതുപ്പുനിലക്കാടായ സുന്ദര്‍ബന്‍സിലേക്കുള്ള യാത്ര മാത്രമല്ല അത്.

നമ്മുടെയൊക്കെ മനസ്സില്‍ ഇടം പിടിച്ച ബംഗാളിന്റെ ഒരു ചിത്രമുണ്ട്- ഇന്ത്യയിലുണ്ടായ എല്ലാ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌ക്കാരിക മുന്നേറ്റങ്ങളുടേയും ചുക്കാന്‍ പിടിച്ച സുവര്‍ണ്ണ ബംഗാളിന്റെ ചിത്രം. ഇന്ത്യയിലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച രാജാറാം മോഹന്‍ റായിയും ബംഗാളി ഭാഷയിലെ ഗദ്യസാഹിത്യത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാ സാഗറും കൊളോണിയല്‍ വിപ്ലവത്തിന്റെ നിത്യ പ്രതീകമായ സുഭാഷ് ചന്ദ്രബോസും ആത്മീയാന്വേഷണങ്ങളുടെ pachakuthiraവഴിയില്‍ ഇന്ത്യയെ മുന്നോട്ടു നയിച്ച പരമഹംസരും വിവേകാനന്ദനും വിശ്വമഹാകവി ടാഗോറുമെല്ലാം ഈ ചിത്രത്തില്‍ തിളക്കമാര്‍ന്നു നില്‍ക്കുന്നവരാണ്. ടാഗോര്‍ മാത്രമല്ല നമുക്ക് ചിരപരിചിതന്‍. ബിഭൂതിഭൂഷണും ബങ്കിം ചന്ദ്രനും താരാശങ്കര്‍ ബാനര്‍ജിയും ശങ്കറും ജരാസന്ധനും ശരത്ചന്ദ്രനും ബിമല്‍ മിത്രയും തൊട്ട് ഇങ്ങേയറ്റത്ത് മഹാശ്വേതാദേവി വരേയുള്ളവര്‍ പ്രസരിപ്പിച്ച ഊര്‍ജ്ജം നമ്മുടെ സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല.

സത്യജിത് റായിയുടേയും മൃണാള്‍ സെന്നിന്റേയും ഋത്വിക് ഘട്ടക്കിന്റേയും ഋതുപര്‍ണ്ണ ഘോഷിന്റേയും മണ്ണാണ് ബംഗാള്‍. കൊല്‍ക്കൊത്തയിലെ കളിക്കളങ്ങളിലെ തര്‍ക്കങ്ങളും അഡ്ഡകളിലെ ചൂട്ചായയും ജാല്‍മൂരിയും നമ്മുടെ ചര്‍ച്ചകളേയും, ബംഗാളില്‍ നിന്നു കേട്ട വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ നമ്മുടെ കലാലയങ്ങളേയും ചൂട് പിടിപ്പിച്ചു-ഇന്ന് ബംഗാള്‍ ചിന്തിക്കുന്നതെങ്ങനെയാണോ ആ വഴിയിലൂടെ നാളെ ഇന്ത്യ നടക്കുന്നത് എന്ന ചൊല്ലിനെ സത്യമാക്കാന്‍ ഏറ്റവുമധികം പാടുപെട്ടവരാണ് നാം. പൊതു ലോകത്തിന്റെ മുമ്പാകെയുള്ള ഈ സവിശേഷമായ ഐഡിന്‍ഡിറ്റി ബംഗാളിന്നു നല്‍കിയതാര് എന്ന ചോദ്യത്തിന്നു എളുപ്പത്തില്‍ കിട്ടാവുന്ന ഒരു ഉത്തരമുണ്ട് – ഭദ്ര ലോക്, ഉയര്‍ന്ന ജാതിക്കാര്‍, ഉന്നത വിദ്യാഭ്യാസം നേടിയവര്‍, എഴുത്തും വായനയും കലയും കളിയുമൊക്കെ ജീവിതത്തോട് ചേര്‍ത്തു വെക്കുന്നവര്‍, അഥവാ ബാബുമാര്‍…

എന്നാല്‍ ഈ ഭദ്രലോകത്തിന്നു പുറത്തും നാം അറിയുന്ന ഒരു വംഗദേശമുണ്ട്. അടുത്ത കാലത്താണ് നാം ഈ ദേശത്തേയും അവിടെയുള്ള മനുഷ്യരേയും തിരിച്ചറിഞ്ഞത്. ജീവിതമാര്‍ഗ്ഗം തേടി കോണ്‍ട്രാക്ടര്‍മാരാല്‍ ആട്ടിത്തെളിക്കപ്പെട്ട് ആലുവയിലും പെരുമ്പാവൂരിലുമെത്തി പിന്നീട് നാട് നീളെയുള്ള തൊഴിലിടങ്ങളില്‍ പടര്‍ന്നവര്‍. ബംഗാളിലെ ഗോത്രവര്‍ഗ/മുസ്ലിം പ്രദേശങ്ങളായ ബങ്കുറ, ബീര്‍ഭൂം, മിഡ്‌നാപൂര്‍, മുര്‍ഷിദാബാദ് തുടങ്ങിയ ഇടങ്ങളില്‍ നിന്നായിരുന്നു പ്രധാനമായും തൊഴില്‍ തേടിക്കൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണം. അവരോടൊപ്പവും പിന്നാലെയുമൊക്കെയായി ബീഹാര്‍, ഒഡിഷ, ത്സാര്‍ഖണ്ട്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം തൊഴിലാളികള്‍ വന്നു. ഈ അന്യദേശത്തൊഴിലാളികളേയും നാം ബംഗാളിയെന്നു തന്നെ വിളിച്ചു. അന്യദേശത്തൊഴിലാളികള്‍ക്ക് നാം ചാര്‍ത്തിക്കൊടുത്ത സംജ്ഞയാണ് ബംഗാളിയെന്നത്. നമ്മുടെ ചിന്തയിലും സങ്കല്പത്തിലുമുള്ള ബംഗാളില്‍ നിന്ന് ഏറെ അകലെയായി വര്‍ത്തിച്ചിരുന്ന മറ്റേതോ അദൃശ്യലോകങ്ങളില്‍ നിന്നാണ് ഈ ബംഗാളികള്‍ എത്തിയത്.

പൂര്‍ണ്ണരൂപം 2023 ജനുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

Comments are closed.