DCBOOKS
Malayalam News Literature Website

വായനയുടെ ഉത്സവങ്ങള്‍: ബെന്യാമിന്‍ എഴുതുന്നു

ജനുവരി ലക്കം പച്ചക്കുതിരയില്‍

ഇത്രയും ആഘോഷവും ബഹളവുമൊക്കെ സാഹിത്യത്തിനു ചുറ്റും വേണോ എന്നാണ് നിങ്ങള്‍ക്ക് സംശയമെങ്കില്‍ നിങ്ങള്‍ക്ക് വല്ലാതെ പ്രായമായിരിക്കുന്നു എന്ന് സ്വയം സഹതപിക്കാനേ കഴിയൂ. പുതിയകാലത്തിനനുസരിച്ചും ആവശ്യങ്ങള്‍ക്കനുസരിച്ചും പുതുക്കപ്പെടാന്‍ കഴിയുന്നില്ല എങ്കില്‍ എന്തും നശിച്ചുപോകുകയേയുള്ളൂ. ശോകഗാനങ്ങളുടെ അകമ്പടിയില്‍ നയിക്കപ്പെടേണ്ടതാണ് ജീവിതമെന്ന കാഴ്ചപ്പാടൊന്നും ചെറുപ്പക്കാര്‍ക്കില്ല. അവര്‍ക്ക് ജീവിതം ആഘോഷംതന്നെയാണ്. അവര്‍ ആടുകയും പാടുകയും കൂട്ടുകൂടുകയും ചെയ്യുന്നു. അതിന്റെ തുടര്‍ച്ചപോലെയാണ് അവര്‍ സാഹിത്യവും ആസ്വദിക്കുന്നത്.

ഇക്കഴിഞ്ഞ സ്വിസ്‌യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ പ്രശസ്ത ഫിന്നിഷ് എഴുത്തുകാരന്‍ ഷോണ്‍ പറഞ്ഞ ഒരു കാര്യമുണ്ട്, ലോകത്തെമ്പാടും പല രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സാഹിത്യ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കേരളത്തിലെ പോലെ ആവേശത്തോടെ സാഹിത്യത്തെ സ്‌നേഹിക്കുകയും അതില്‍ ഇടപെടുകയും ചെയ്യുന്ന ചെറുപ്പക്കാരെ അധികമൊന്നും മറ്റെവിടെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന്.

മറ്റു പലയിടത്തും ഇന്ന് സാഹിത്യം വളരെ മുതിര്‍ന്നവരുടെമാത്രം ഇടപാടായി മാറിക്കഴിഞ്ഞെങ്കില്‍, യുവാക്കള്‍ Pachakuthira Digital Editionവളരെ വേഗം അതില്‍ നിന്ന് ഒഴിഞ്ഞുപോകുന്നുവെങ്കില്‍ കേരളത്തില്‍ യുവാക്കള്‍ കൂടുതലായി അതിനോട് അടുത്തുകൊണ്ടിരിക്കുന്നു എന്ന് ഏത് കണക്കുകള്‍വച്ചും തെളിയിക്കാന്‍ കഴിയും. എവിടെനിന്നാണ് പുതിയ കാലത്തെ ചെറുപ്പക്കാരില്‍ ഈ സാഹിത്യാവേശവും അഭിനിവേശവും കൂടുതലായി വന്നുചേര്‍ന്നത് എന്നു ചോദിച്ചാല്‍ നിശ്ചയമായും അതിനൊരുത്തരമേയുള്ളൂ. കേരളത്തില്‍ നടക്കുന്ന സാഹിത്യോത്സവങ്ങള്‍.

നമ്മുടെ സാംസ്‌കാരിക സന്ധ്യകളും വായനക്കൂട്ടങ്ങളും പുസ്തകാസ്വാദനച്ചടങ്ങുകളും പരിശോധിച്ചാല്‍ അവിടെ വന്നുകൂടുന്നവരില്‍ ബഹുഭൂരിപക്ഷവും മദ്ധ്യവയസ് പിന്നിട്ടവരും പ്രായമായവരും ആയിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അപൂര്‍വ്വം ചെറുപ്പക്കാര്‍ ആരുടെയെങ്കിലുമൊക്കെ നിര്‍ബന്ധത്തില്‍ഒട്ടുമേ താത്പര്യമില്ലാതെ അവിടെ ഒന്ന് വന്നിരുന്നാലായി. അവര്‍ വേഗം സ്ഥലം കാലിയാക്കുകയും ചെയ്യും.

തങ്ങളുടെ അഭിരുചികളുമായും താത്പര്യങ്ങളുമായി ഒത്തുപോകുന്ന ഒന്നും അവിടെനിന്ന് ലഭിക്കുന്നില്ല എന്ന തോന്നലില്‍നിന്നാവണം അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. അര്‍ത്ഥരഹിതങ്ങളായ സ്വാഗതപ്രസംഗങ്ങളും നാട്ടിലെ പ്രമുഖന് സ്ഥാനം കൊടുക്കാന്‍വേണ്ടി വച്ചിരിക്കുന്ന അധ്യക്ഷസ്ഥാനങ്ങളും ഏകപക്ഷീയമായി മണിക്കൂറുകള്‍ നീളുന്ന പ്രസംഗങ്ങളും അറുബോറന്‍ പുകഴ്ത്തലുകളും നിറയുന്ന അത്തരം വേദികളില്‍നിന്ന് ഇന്നത്തെ ചെറുപ്പക്കാര്‍ ഓടിയൊളിച്ചില്ലെങ്കിലേ അവരെ സംശയിക്കേണ്ടതള്ളൂ. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ഓരോ സാഹിത്യോത്സവവും കണ്ണ് തുറന്ന് കാണുന്ന ആര്‍ക്കും മനസ്സിലാവുന്ന കാര്യമുണ്ട്. അവിടങ്ങളിലെല്ലാം ‘പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും’ കാംക്ഷിക്കുന്ന പ്രായമായവരെ തള്ളിമാറ്റിക്കൊണ്ട് സാധാരണക്കാരായ ചെറുപ്പക്കാരും മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്നവരും പുതുമ ഇഷ്ടപ്പെടുന്നവരും ആവേശത്തോടെ വന്നുനിറയുന്നു. ആവേശത്തോടെ സംവാദങ്ങളില്‍ പങ്കെടുക്കുന്നു. എഴുത്തുകാരെ ചോദ്യങ്ങള്‍കൊണ്ട് നിറുത്തി പൊരിക്കുന്നു. അവരുടെ ഓരോ വരികളെയും ഇഴകീറി പരിശോധിച്ച് അവരുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും ചോദ്യം ചെയ്യുന്നു. ഇവര്‍ ആരെയും ആരും ആട്ടിത്തെളിച്ചുകൊണ്ടു വരുന്നവരല്ല. മറ്റ് പരിപാടികള്‍ എല്ലാം മാറ്റിവച്ച് സ്വന്തം താത്പര്യപ്രകാരം വന്നു
ചേരുന്നവരാണ് അവരെല്ലാം. അപ്പോള്‍ ചെറുപ്പക്കാര്‍ ഓടിയൊളിച്ചത് സാഹിത്യത്തില്‍നിന്നോ സാംസ്‌കാരിക പരിസരങ്ങളില്‍നിന്നോ അല്ല,അറുപഴഞ്ചന്‍ സദസ്സുകളില്‍നിന്നാണ്. അവര്‍ക്കിഷ്ടമാവുന്ന തരത്തില്‍
അതിനെ രൂപപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ ഒളിവിടങ്ങള്‍ വിട്ട് പുറത്തുവരികയാണ് ചെയ്തത്.

എന്താണ് പുതിയകാലത്തെ സാഹിത്യോത്സവങ്ങളുടെ സവിശേഷത? ഒന്ന്, നേരത്തേ സൂചിപ്പിച്ചതു പോലെ സ്വാഗതം, അധ്യക്ഷം, ആശംസ, കൃതജ്ഞത തുടങ്ങിയ അറുബോറന്‍ പ്രസംഗങ്ങളില്ല. അവിടെ
പുകഴ്ത്തലുകളും പ്രശംസകളുമില്ലാതെ നേരിട്ട് വിഷയത്തിലേക്കു കടക്കുന്നു.

രണ്ട്, കൃത്യമായ വിഷയത്തില്‍ ഊന്നിയ ചര്‍ച്ചകള്‍. എന്താണ് പറയാന്‍ പോകുന്ന വിഷയം എന്ന് കേള്‍വിക്കാരന് വ്യക്തമായ ധാരണ കിട്ടുന്നു. മാത്രമല്ല, ഒരാള്‍ സുദീര്‍ഘമായി സംസാരിക്കുന്നതിനു പകരം, പാനലിസ്റ്റുകള്‍ മാറി മാറി സംസാരിക്കുകയും മോഡറേറ്റര്‍ അതിന്റെ ഗതി നിയന്ത്രിക്കുകയും ചെയ്യുന്നു. മൂന്ന്, സമയബന്ധിതമായി നടത്തപ്പെടുന്ന പരിപാടികള്‍, കൃത്യസമയത്ത് തുടങ്ങുന്നു എന്നുമാത്രമല്ല ഒരു മണിക്കൂറാണ് അനുവദിച്ചിരിക്കുന്നതെങ്കില്‍ എത്ര പ്രശസ്തനാണെങ്കിലും ഒരു മിനിറ്റുപോലും അധികമെടുക്കാന്‍ സമ്മതിക്കില്ല. അതുകൊണ്ട് പറയേണ്ട കാര്യങ്ങള്‍ ഒതുക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.

നാല്, തിരഞ്ഞെടുപ്പിനുള്ള സാധ്യത. വിഷയങ്ങളും പാനലിസ്റ്റുകളെയും നേരത്തേ അറിയുന്നതുകൊണ്ട്, ഒരേസമയം പല വേദികളില്‍ സംവാദങ്ങള്‍ നടക്കുന്നു എന്നതുകൊണ്ട്, അവരവര്‍ക്ക് താത്പര്യമുള്ള
വേദികളില്‍ പോകാനും കേള്‍ക്കാനുമുള്ള അവസരം.

അഞ്ച്, സംവാദത്തിനുള്ള അവസരം. പാനലിസ്റ്റുകള്‍ വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് പ?ാകുകയല്ല. അവര്‍ പറഞ്ഞ കാര്യങ്ങളെ വിചാരണചെയ്യാനും കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കാനും കേള്‍വിക്കാര്‍ക്ക് കിട്ടുന്ന അവസരം.

ആറ്, വിഷയങ്ങളുടെ വൈവിധ്യം. സാഹിത്യം എന്ന പരിമിതമായ ഇടത്തില്‍ നിന്നുകൊണ്ടുമാത്രമല്ല അവിടെ ചര്‍ച്ചകള്‍ നടക്കുന്നത്. മനുഷ്യനെയും സമൂഹത്തെയും ബാധിക്കുന്ന അനേകം വിഷയങ്ങളിന്മേല്‍ അതാത് മേഖലകളില്‍നിന്നുള്ള പ്രഗല്ഭര്‍ വന്ന് പങ്കെടുക്കുന്നതിലൂടെ ലഭ്യമാകുന്ന ഒരു അറിവിന്റെ തുറവിയുണ്ട്. അത് മറ്റെവിടെനിന്നും കിട്ടുന്നതല്ല.

ഏഴ്, സ്വാതന്ത്ര്യവും സമത്വവും. സെമിനാറുകളുടെയും ക്ലാസുകളുടെയും കടുംപിടുത്തമില്ലാതെ ഏത് വേദിയില്‍നിന്നും ഏത് സമയത്തും ഇറങ്ങിപ്പോകാനും മറ്റൊരിടത്ത് ചെന്നുകയറാനുമുള്ള സ്വാതന്ത്ര്യം. താന്‍ എന്താണ് കേള്‍ക്കേണ്ടത് എന്ന് കേള്‍വിക്കാരനാണ് തിരഞ്ഞെടുക്കുന്നത്. അതുപോലെ സദസ്സില്‍ സീറ്റുകള്‍ ആര്‍ക്കുംവേണ്ടി റിസര്‍വ് ചെയ്യുന്നില്ല. എല്ലാവര്‍ക്കും അവിടെ തുല്യസ്ഥാനമാണുള്ളത്. ആദ്യം എത്തുന്നവര്‍ക്ക് ആദ്യ പരിഗണന. ചിലപ്പോള്‍ നിങ്ങളുടെ അടുത്ത് ഏറ്റവുംപിന്‍നിരയില്‍ ഇരിക്കുന്നത് ലോക പ്രശസ്തനായ ഒരെഴുത്തുകാരന്‍ ആയെന്നുവരാം.

എട്ട്, പ്രിയപ്പെട്ടവരെ ഒരേയിടത്തില്‍ കണ്ടുമുട്ടാനുള്ള അവസരം. നിങ്ങള്‍ക്കിഷ്ടപ്പെട്ട എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം സാഹിത്യോത്സവങ്ങളില്‍ കണ്ടുമുട്ടാം. അതുമാത്രമല്ല, കൂട്ടുകാര്‍, സഹപാഠികള്‍, മുന്‍പരിചയക്കാര്‍ എന്നിവര്‍ക്കെല്ലാം ഒരേപോലെ വന്നുകൂടാനും സൗഹൃദം പുലര്‍ത്താനും ആഘോഷിക്കാനും അവസരം ലഭിക്കുന്നു. ഒന്‍പത്, പ്രിയപ്പെട്ട എഴുത്തുകാരുടെ ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും അവരുടെ പുസ്തകങ്ങളില്‍കൈയൊപ്പ് വാങ്ങാനും കിട്ടുന്ന അവസരം.

പത്ത്, എല്ലാത്തിനും ഒടുവില്‍സന്ധ്യകളില്‍ ഒരുക്കപ്പെടുന്ന കലാവിരുന്നുകള്‍ ആസ്വദിക്കാനുള്ള അവസരം.

ഇങ്ങനെ പറഞ്ഞുപോയാല്‍ എന്തുകൊണ്ട് ചെറുപ്പക്കാര്‍ സാഹിത്യോത്സവങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നതിന് ഇനിയും ധാരാളം കാരണങ്ങള്‍ ഓരോരുത്തര്‍ക്കുംപറയാനുണ്ടാവും.

ഇത്രയും ആഘോഷവും ബഹളവുമൊക്കെ സാഹിത്യത്തിനു ചുറ്റുംവേണോ എന്നാണ് നിങ്ങള്‍ക്ക് സംശയമെങ്കില്‍ നിങ്ങള്‍ക്ക് വല്ലാതെ പ്രായമായിരിക്കുന്നു എന്ന് സ്വയം സഹതപിക്കാനേ കഴിയൂ. പുതിയകാലത്തിനനുസരിച്ചും ആവശ്യങ്ങള്‍ക്കനുസരിച്ചും പുതുക്കപ്പെടാന്‍ കഴിയുന്നില്ല എങ്കില്‍ എന്തും നശിച്ചുപോകുകയേയുള്ളൂ. ശോകഗാനങ്ങളുടെ അകമ്പടിയില്‍ നയിക്കപ്പെടേണ്ടതാണ് ജീവിതമെന്ന കാഴ്ചപ്പാടൊന്നും ചെറുപ്പക്കാര്‍ക്കില്ല. അവര്‍ക്ക് ജീവിതം ആഘോഷംതന്നെയാണ്. അവര്‍ ആടുകയും പാടുകയും കൂട്ടുകൂടുകയും ചെയ്യുന്നു. അതിന്റെ തുടര്‍ച്ചപോലെയാണ് അവര്‍ സാഹിത്യവും ആസ്വദിക്കുന്നത്.

സാഹിത്യവും അതിന്മേലുള്ള ചര്‍ച്ചാരീതികളും നവീകരിക്കപ്പെട്ടതിന്റെ ഫലമാണ് ഇന്ന് കാണുന്ന സാഹിത്യോത്സവങ്ങള്‍. നമ്മുടെ പഴയ ചിന്താഗതികള്‍ വച്ച് അതിനോട് പുറംതിരിഞ്ഞു നിന്നാല്‍ നമുക്ക് മനോഹരമായ ഒരവസരം നഷ്ടമായി എന്നുമാത്രമാണര്‍ത്ഥം. പുതിയ കുട്ടികള്‍ അതാസ്വദിച്ച് പുസ്തകം വായിച്ച്‌സ്വയം നവീകരിച്ച് മുന്നോട്ട് പോവുകതന്നെ ചെയ്യും. ഒറ്റപ്പെട്ട മുറിയില്‍ ഒളിച്ചിരുന്ന് വായിക്കേണ്ടതാണ് സാഹിത്യം എന്ന ചിന്തയെ റദ്ദാക്കിക്കൊണ്ട് അത് ആഘോഷിക്കാന്‍കൂടിയുള്ളതാണെന്ന് പുതിയ കാലം സമൂഹത്തിനോട് പറയുന്നു.

‘മാതൃഭൂമി’ നടത്തുന്ന ‘ക’, ഡി. വൈ.എഫ്.ഐ. നടത്തിയ യുവധാര യൂത്ത് ലിറ്റ് ഫെസ്റ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ലിറ്റ് ഫെസ്റ്റ്, വയനാട് ലിറ്റ് ഫെസ്റ്റ്, മലബാര്‍ ലിറ്റ് ഫെസ്റ്റ്, കടത്തനാട് ഫെസ്റ്റിവല്‍, പയ്യന്നൂര്‍ ഫെസ്റ്റിവല്‍, പട്ടാമ്പി കവിത കാര്‍ണിവല്‍ എന്നിങ്ങനെ ചെറുതും വലുതുമായ ഒട്ടനവധി സാഹിത്യോത്സവങ്ങള്‍ ഇന്ന് കേരളത്തില്‍ നടത്തപ്പെടുന്നുണ്ട്. എല്ലാത്തിനും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഇനി കേരളസാഹിത്യ അക്കാദമിയുടെവക അന്തര്‍ദേശീയ ഫെസ്റ്റിവല്‍ വരാന്‍പോകുന്നു. എല്ലാത്തിനും അതിന്റേതായ ലക്ഷ്യങ്ങളും ആശയാടിത്തറയുമുണ്ട്. അത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളും പാനലിസ്റ്റുകളുമാണ് ഓരോ ഇടങ്ങളിലും ഉണ്ടാവുക. അതുകൊണ്ട് ഒറ്റനോട്ടത്തില്‍ എല്ലാം ഒരേപോലെ എന്ന് തോന്നുമെങ്കിലും ആഴത്തില്‍ പരിശോധിച്ചാല്‍ ഓരോന്നിന്റെയും ഫോക്കസ് വ്യത്യസ്തമാണെന്ന് നമുക്ക് കാണാന്‍ കഴിയും.

ഇതിനെല്ലാം പ്രേരണയും ഊര്‍ജ്ജവുമായത് കഴിഞ്ഞഎട്ടു വര്‍ഷമായി കോഴിക്കോട് ബീച്ചില്‍ നടന്നുവരുന്ന ഡി സി ബുക്‌സിന്റെ കേരളലിറ്റ്റേച്ചര്‍ ഫെസ്റ്റിവലിന്റെ (KLF) വന്‍വിജയം തന്നെയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കുറഞ്ഞ കാലംകൊണ്ട് മലയാളി അവരുടെ സ്വന്തമായി അതിനെ സ്വീകരിക്കുകയായിരുന്നു. അതിനു മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഹേ ഫെസ്റ്റിവലും കോവളം ലിറ്റ് ഫെസ്റ്റും തീര്‍ത്തും പരാജയമായിരുന്നതിനാല്‍ കേരളത്തില്‍ സാഹിത്യോത്സവങ്ങള്‍ പച്ചപിടിക്കില്ല എന്നു കരുതിയിടത്താണ് കെ എല്‍ എഫ് പുതുരീതിയില്‍ അവതരിപ്പിക്കുന്നതും കഴിഞ്ഞ ആറ് എഡീഷനുകള്‍കൊണ്ട് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ ആയി മാറുന്നതും. ഇതിനു മുന്‍പ് ആ സ്ഥാനം അലങ്കരിച്ചിരുന്നത് ജെയ്പൂര്‍ ലിറ്റ്റേച്ചര്‍ ഫെസ്റ്റിവല്‍തന്നെയാണ്. നമ്മുടെ രാജ്യത്ത് ലിറ്റ് ഫെസ്റ്റിന് ഒരു മാതൃകയൊരുക്കിയത് അവരാണെന്ന് പറയാം.
നോബല്‍, ബുക്കര്‍, പുലിസ്റ്റര്‍ സമ്മാനജേതാക്കള്‍ നിരന്തരം പങ്കെടുക്കുന്നു എന്നൊരു ആകര്‍ഷണീയത അതിനുണ്ടായിരുന്നു. എന്നാല്‍ അമിതമായ ഫീസ്, കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍, പരസ്യങ്ങളുടെ അതിപ്രസരം, തീവ്ര വലതുപക്ഷത്തേക്കുള്ള ചായ്വ്, ഭരണകൂടത്തെ തൃപ്തിപ്പെടുത്തുന്നതായി ഒരുക്കുന്ന സെഷനുകള്‍ എന്നിവകാരണം അതിന്റെ ശോഭയും ജനപങ്കാളിത്തവും മങ്ങിയിരിക്കുകയാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, പാകിസ്ഥാനിലെ കറാച്ചി, ബംഗ്ലാദേശിലെ ധാക്ക എന്നിവിടങ്ങളിലൊക്കെ സാഹിത്യോത്സവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിനൊന്നും കെ എല്‍ എഫിന്റെ പരിസരത്തുപോലും എത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് എല്ലായിടത്തും പോയി പങ്കെടുത്തിട്ടുള്ള ഒരാളെന്ന നിലയില്‍ ഉറപ്പിച്ചു പറയാന്‍ സാധിക്കും. മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന സാഹിത്യത്തോടുള്ള ഇഷ്ടം അവര്‍ കോഴിക്കോടെത്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

സാഹിത്യോത്സവങ്ങളും പുസ്തകോത്സവങ്ങളും തമ്മില്‍ തെറ്റിദ്ധരിക്കുന്നവര്‍ ധാരാളമുണ്ട്. ഷാര്‍ജയില്‍, കൊല്‍ക്കത്തയില്‍, കൊച്ചിയില്‍ ഒക്കെ വലിയ പുസ്തകോത്സവങ്ങള്‍ നടക്കുന്നുണ്ട്. അവിടെ പുസ്തകവില്പനയാണ് പ്രധാന പരിപാടി. അനേകം പ്രസാധകര്‍ അവിടെ വന്നുകൂടും. അതിന്റെ ഭാഗമായി സാഹിത്യപരിപാടികള്‍ നടക്കുന്നു എന്നുമാത്രം. സാഹിത്യോത്സവങ്ങളുടെ ഫോക്കസ് അതല്ല. ഇടതടവില്ലാതെ നടക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും തന്നെയാണ് അതിന്റെ ഫോക്കസ്. പുതിയ ആശയനിര്‍മ്മിതിയും സാംസ്‌കാരികനിര്‍മ്മിതിയും തന്നെയാണ് അത് ലക്ഷ്യംവയ്ക്കുന്നത്.

ജനകീയത, കോഴിക്കോട് കടപ്പുറത്തിന്റെ മനോഹാരിത, എത്തിച്ചേരുന്ന അതിഥികളുടെ മൂല്യം, വിഷയങ്ങളുടെ വൈവിധ്യം എന്നിവയൊക്കെയാണ് കെ എല്‍ എഫിനെ ചെറുപ്പക്കാരുടെ പ്രിയ ഇടമാക്കിമാറ്റുന്നത്. സാഹിത്യസ്‌നേഹികളുടെ വാര്‍ഷികകലണ്ടറില്‍ കെ എല്‍ എഫ് അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത കാര്യമാണ്.

ഇതുകൊണ്ടൊക്കെ സാഹിത്യത്തിന് എന്തു ഗുണം എന്ന് ചോദിക്കുന്നവരുണ്ട്. വര്‍ഷാവര്‍ഷം തിരുവനന്തപുരത്ത് നടത്തുന്ന ഐ എഫ് എഫ് കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ സിനിമാസങ്കല്പങ്ങളെയും ധാരണകളെയും പുതുക്കി നിശ്ചയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ലോകസിനിമയില്‍ ഇപ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതിന്റെ ഉത്ത രമാണ് ഐ എഫ് എഫ് കെ എങ്കില്‍ ലോകസാഹിത്യത്തിലെയും ഇന്ത്യന്‍
സാഹിത്യത്തിലെയും മലയാളസാഹിത്യത്തിലെയും പുതുചലനങ്ങള്‍ വേഗം പരിചയപ്പെടാനുള്ള വേദിയായി കെ എല്‍ എഫ് മാറുന്നു എന്നതാണ് സത്യം. അത് ചെറുപ്പക്കാരെ സാഹിത്യത്തിലേക്കും വായനയിലേക്കും തിരികെ കൊണ്ടുവരുന്നതില്‍ വഹിക്കുന്ന പങ്ക് ഊഹാതീതമാണ്.

ഇതിനോടെല്ലാം മുഖം തിരിഞ്ഞുനില്‍ക്കുന്നവര്‍ക്ക് അങ്ങനെതന്നെ തുടരാം. പക്ഷേ, കാലവും സമൂഹവും നിങ്ങളെ കവച്ചുവച്ച് മുന്നോട്ട് പോവുകതന്നെ ചെയ്യും. യുവാക്കള്‍ ആരെയും നോക്കിനില്‍ക്കാറില്ല എന്നുമാത്രം ഓര്‍ക്കുക.

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

ബെന്യാമിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

Comments are closed.