വേട്ടയിലെ പെണ്‍വഴക്കങ്ങള്‍
ഡിസംബര്‍ ലക്കം പച്ചക്കുതിരയിൽ
പി എസ് നവാസ്
വേട്ടയെ ആണ്‍മേധാവിത്ത സങ്കല്‍പ്പമായി കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പ്രചോദന ഘടകങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. ഉപജീവന ഉപാധിയായുള്ള വേട്ടയും ആചാര പ്രാമുഖ്യ വേട്ടയും സ്‌പോര്‍ട്ട് വേട്ടയുമെല്ലാം എത്രമാത്രം ആണ്‍ കേന്ദ്രീകൃത വ്യവഹാരങ്ങളായാണ് വിവിധ സമൂഹങ്ങളില്‍ പ്രവര്‍ത്തിച്ചതെന്ന കാഴ്ചയില്‍ നിന്നും വിലയിരുത്തല്‍ നടത്തുമ്പോഴാണ് വേട്ടയുടെ വികാസങ്ങളില്‍ സ്ത്രീ എങ്ങനെയാണ് പുറത്തു നിറുത്തപ്പെടുന്നതെന്ന് മനസ്സിലാക്കാനാകൂ.
2022-ല്‍ പുറത്തിറങ്ങിയ ‘പ്രേ’ (prey) എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ‘നരു’ എന്ന നായികാ കഥാപാത്രം വേട്ടയിലെ ആണ്‍കോയ്മാ വക്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥരാക്കിയത്. സോഷ്യല്‍ മീഡിയയിലടക്കം വന്ന വിമര്‍ശനങ്ങളില്‍ വേട്ടയിലെ പെണ്‍വഴക്കത്തെ കുറിച്ചുള്ള ആവലാതികള്‍ കടന്നു വന്നു. ഈ സിനിമയെ പ്രെഡേറ്റര്‍ ഫ്രാഞ്ചൈസി സീരിസിലെ അവസാനം ഇറങ്ങിയ സിനിമയെന്ന രീതിയില്‍ കണ്ടാല്‍ മതിയെങ്കിലും ‘നരു’വെന്ന കഥാപാത്രം തൊടുക്കുന്ന അസ്ത്രങ്ങള്‍ കൊള്ളേണ്ടിടത്ത് കൃത്യമായി തറക്കുന്നുണ്ടെന്നതില്‍ സംശയമൊന്നുമില്ല.
ഒരു പെണ്‍ കഥാപാത്രം തന്റെ വംശത്തെ രക്ഷിച്ചെടുക്കുന്നത് കണ്ടു നില്‍ക്കാന്‍ പ്രാപ്തിയില്ലാത്ത ആണ്‍ബോധത്തെ വെല്ലുവിളിക്കാന്‍ പര്യാപ്തമാണ് കാരാആക്കാബേക്കിന്റേയും സാറാ ലേസിയുടേയും സയന്റിഫിക് അമേരിക്കനിലെ പഠനം. ഈ പഠനം ചരിത്രാതീത
കാലത്തെ കുറിച്ച് നമ്മള്‍ തയ്യാറാക്കിയ ആണ്‍ പെണ്‍ തൊഴില്‍ ബന്ധങ്ങളെ കുറിച്ചുള്ള ധാരണകളെ പുനര്‍വായിക്കാന്‍ പര്യാപ്തമാണ്. പെണ്ണും വേട്ടക്കാരിയായിരുന്നുവെന്ന് പറയുമ്പോള്‍ ആണധികാരത്തിന്റെ സൂചകമായി നായാട്ടിനെ ആഘോഷിച്ച സംസ്‌കാര തുടര്‍ച്ചയില്‍ നിലവില്‍ വിശ്വസങ്ങളെ തിരുത്തുക എന്നത് ഒട്ടൊന്നുമല്ല പ്രയാസകരമാകുന്നത്. അതുകൊണ്ടുതന്നെ ലാസിയും ഓക്കോബോക്കും വെട്ടിത്തുറക്കുന്ന ചര്‍ച്ച വരുംദിവസങ്ങളില്‍ ചൂടുപിടിക്കും എന്നത് തീര്‍ച്ചയാണ്. ആണ്‍ പെണ്‍ ജൈവശാസ്ത്ര സവിശേഷതകളും കോഗ്‌നിറ്റീവ് ആന്ത്രപ്പോളജി പരിപ്രേഷ്യങ്ങളും പാലിയോ ആന്ത്രപ്പോളജിയുടെ സാധ്യതകളും ആര്‍ക്കിയോളജി തെളിവുകളുമായി ചേര്‍ത്തുവെച്ച് പരിശോധിച്ചാല്‍ അവര്‍ മുന്നോട്ട് വെച്ച വാദഗതികളുടെ ശാസ്ത്രീയത മനസ്സിലാക്കാം.
വേട്ട ആണിനും പരിപാലനം പെണ്ണിനുമെന്ന സങ്കല്‍പ്പം ആഴത്തില്‍ ഉറച്ചുപോയ സാമൂഹ്യ ചുറ്റുപാടുകളുമായാണ് നമ്മള്‍ പാകപ്പെട്ടതെന്ന ആമുഖത്തോടെ നരവംശശാസ്ത്ര മനസ്സിനെ അതില്‍ നിന്നും വേര്‍തിരിച്ച് ലേസിയും ആക്കബേക്കും വാദഗതികള്‍ അവതരിപ്പിക്കുമ്പോള്‍ നവീനശിലായുഗം വരെയുള്ള ലിംഗസമത്വ കാലത്തെ വേട്ടയിലെ പെണ്‍വഴക്കങ്ങളെ കുറിച്ച് മതിയായ തെളിവുകള്‍ നിരത്താന്‍ ശ്രമിക്കുന്നതായി തന്നെ കാണാം. ശേഷം വരുന്ന കാര്‍ഷീക ജീവികാസമ്പാദന പ്രാമുഖ്യമുള്ള സാമ്പത്തീകക്രമമാണ് ആണ്‍പെണ്‍ തൊഴില്‍ വിഭജനമെന്ന സാമൂഹ്യക്രമം സാധ്യമാക്കിയത്. ആണധികാര ലോകക്രമത്തെ നിശ്ചയിക്കാന്‍ മറ്റു ചില സൂചകങ്ങളെ പോലെതന്നെ കായിക ശേഷിയെ കുറിച്ചുള്ള മുന്‍വിധികള്‍ അടിച്ചേല്‍പ്പിക്കുകയും അതിന്റെ തുടര്‍ച്ചയായി ഗവേഷണലോകംവരെ ചലിപ്പിക്കപ്പെടുകയും ചെയ്തു എന്നും അവര്‍ സമര്‍ത്ഥിക്കുന്നുണ്ട് (Ocoboch and Lacy, November 2023). നവമാധ്യമ ലോകത്തും അല്ലാതേയും ‘നരു’വിന്റെ പ്രകടനത്തില്‍ നമുക്ക് സംശയം വരുന്നത് നവീനശിലായുഗത്തിനു ശേഷം പരിണമിച്ച ലിംഗകേന്ദ്രീകൃത തൊഴില്‍ വിഭജനത്തിലൂടെ സാധ്യമാക്കിയ ആണ്‍മേധാവിത്ത ബുദ്ധി വികാസത്തിന്റെ തിയററ്റിക്കല്‍ഘട്ട പാകപ്പെടലിലൂടെയാണ്. വേട്ടയിലെ ലിംഗ മുന്‍വിധികളെ തിരുത്താനും, ജോലിയുടെ വിഭജനത്തിലൂടെ സാധ്യമായ
പരിണാമമെന്ന മാന്‍ ദി ഹണ്ടര്‍ പരിപ്രേഷ്യത്തെ പുനര്‍ വായിക്കാനും സയന്റിഫിക് അമേരിക്കയിലെ ഈ വെളിപ്പെടുത്തല്‍ കാരണമാകും.
പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.