സംവാദങ്ങളുടെ സഹയാത്രികന്‍
മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
സിവിക് ചന്ദ്രന്‍
ഗംഗാധരന്‍മാഷ് ആരുമായിട്ടാണ് വഴക്കിടാതിരുന്നിട്ടുള്ളത്? ആ വഴക്കുകള്‍, കലഹങ്ങളില്‍ നിന്നായിരുന്നു പുതിയ ആശയങ്ങളിലേക്കദ്ദേഹം എത്തിയത്. അതുകൊണ്ട് വെറും അക്കാദമിഷ്യനായിരിക്കുക എന്ന വിധിയില്‍ നിന്നദ്ദേഹം രക്ഷപ്പെട്ടു. ചരിത്രകാരനും സാഹിത്യ- സാംസ്കാരിക വിമര്‍ശകനും ആക്റ്റിവിസ്റ്റ് സഹയാത്രികനുമായിരിക്കാനുള്ള വിധി തെരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം ചരിത്രകാരനായിരിക്കുന്നത് ചരിത്രത്തെക്കുറിച്ച് എഴുതിയതു കൊണ്ട് മാത്രമല്ല, ചരിത്രം സൃഷ്ടിക്കുന്ന ആക്ടിവിസത്തിന്റെ സഹയാത്രികനായതുകൊണ്ടു കൂടെയാണ്: ഫെബ്രുവരി 8-ന് അന്തരിച്ച പ്രൊഫ. എം. ഗംഗാധരനെ സഹയാത്രികന്‍ ഓര്‍ക്കുന്നു.
1980-കളുടെ ആദ്യം. ഉത്തരാധുനികം എന്ന് പറയാവുന്ന പശ്ചാത്തലത്തില്‍ പഴയ ചിന്തകരെ പുനഃപരിശോധിക്കുകയും പുതിയ ചിന്തകരെ അവതരിപ്പിക്കുകയും ചെയ്യുന്നൊരു പ്രഭാഷണപരമ്പര തൃശൂരില്‍ നടന്നു. പ്രഭാഷകരുടെ കൂട്ടത്തില്‍ ഡോ. എം. ഗംഗാധരനുമുണ്ട്. അദ്ദേഹം പുനഃപരിശോധിച്ചത് ഗാന്ധിജിയെ. my experiments with truth നെ ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ എന്ന് വിവര്‍ത്തനം ചെയ്യുകയും ‘സത്യാന്വേഷണ പരൂക്ഷകള്‍’ എന്ന് പരിഹസിക്കുകയും ചെയ്ത ഭാഷയാണ് മലയാളം. ഒരു കാലത്തും ഗാന്ധിജിയെ മലയാളികളാരെങ്കിലും താത്ത്വികമായി ഗൗരവമായെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. ആ ലളിത
ജീവിതവും ത്യാഗമാതൃകയും ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും പൊതുവെ ഗാന്ധിയോട് നാം അലസരായിരുന്നു. ജനകീയ സാംസ്‌കാരിക വേദിയിലുണ്ടായിരുന്ന ഞാന്‍ എഴുപതുകളില്‍ അവതരിപ്പിച്ച ഒരു ലഘുലേഖയുടെ പേരുതന്നെ ‘ഭഗത് സിങിനെ കൊന്നത് ഗാന്ധി ഗാന്ധി ഗാന്ധി’ എന്നായിരുന്നെന്നോര്‍ക്കുന്നു.
ക്ഷുബ്ധയൗവനത്തിന്റെ ദശകമായ എഴുപതുകളും പിന്‍വാങ്ങിയതോടെ വീണ്ടും വീണ്ടുവിചാരങ്ങളുടെ ഇടവേള. ഈ ഇടവേളയിലായിരുന്നു ഗംഗാധരന്‍ മാഷുടെ ഗാന്ധിയന്‍പ്രഭാഷണം. പുതിയ ആകാശവും ചിറകുകളും മാത്രമല്ല പഴയ ഭൂമിയും വേരുകളും തേടുന്ന അക്കാലത്താണ് കെ. അരവിന്ദാക്ഷന്റെ ‘ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും’
എന്ന പുസ്തകം വരുന്നത്. സാമാന്യം ദീര്‍ഘമായ ഒരവതാരിക കൊണ്ട് ഞാനുമാ ഗാന്ധിയന്വേഷണത്തില്‍ ചേരുകയായിരുന്നു. ഗാന്ധിസത്താല്‍ മാര്‍ക്‌സിസവും മാര്‍ക്‌സിസത്താല്‍ ഗാന്ധിസവും വിമര്‍ശിക്കപ്പെടുകയും ഗാന്ധിസം കൂടുതല്‍ രാഷ്ടീയവും മാര്‍ക്‌സിസം കൂടുതല്‍ സര്‍ഗാത്മകവുമാകുന്ന ഒരു ചിന്താപരിസരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിലായിരുന്നു അന്നത്തെ ഞങ്ങളുടെ ശ്രദ്ധ. ഈ സമയത്തായിരുന്നു തൊട്ടിയോടൊപ്പം കുട്ടിയേയും വലിച്ചെറിയുന്ന തരത്തിലുള്ള ഗംഗാധരന്‍ മാഷുടെ അന്വേഷണം. സ്വാഭാവികമായും ഒരിക്കല്‍ക്കൂടിനിശിതമായ സംവാദത്തിലായി ഞങ്ങളിരുവരും. ഗാന്ധിജിയെ നിശിതമായി വിചാരണ ചെയ്യുന്ന ആ പ്രഭാഷണം പുസ്തകമായി എഴുതുന്നതിനിടയില്‍ ചില അധ്യായങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇതിന്നിടെ അച്ചടിച്ചു വരുകയും ചെയ്തു. എന്നാല്‍ മാഷുടെ ഗാന്ധി പ0നങ്ങള്‍ പിന്നീട് രണ്ടു വാള്യങ്ങളായി പുറത്തു വന്നപ്പോള്‍ അത് മറ്റൊന്നായിരുന്നു. ഒട്ടും ഏകപക്ഷീയമല്ലാത്തത്. അതാണ് ഡോ. എം ഗംഗാധരന്‍. ഇണക്കങ്ങളുടെ, പിണക്കങ്ങളുടെ, സംഭാഷണങ്ങളുടെ, സംവാദങ്ങളുടെ, സമവായങ്ങളുടെ ജനാധിപത്യ സ്വത്വരൂപം.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്
Comments are closed.