DCBOOKS
Malayalam News Literature Website

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; മലയാളത്തിലെ പുസ്തക പ്രസാധകര്‍ക്ക് ഡിസംബര്‍ 31 വരെ പുസ്തക പട്ടിക നല്‍കാം

പ്രഥമ  ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായി 2022 ഡിസംബര്‍ 31 വരെ മലയാളത്തിലെ പുസ്തക പ്രസാധകര്‍ക്ക് പുസ്തക പട്ടിക നല്‍കാം. ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. 2023 ജനുവരി 12 മുതല്‍ 15 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവാര്‍ഡ് പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

മലയാളത്തിലെ പുസ്തക പ്രസാധകര്‍ക്ക് അവർ പ്രസിദ്ധീകരിച്ച പരമാവധി 10 പുസ്തകങ്ങള്‍ വരെ നിര്‍ദ്ദേശിക്കാം. അവ ക്രോഡീകരിച്ച് തെരഞ്ഞെടുത്ത 100 പ്രമുഖ വ്യക്തികള്‍ക്ക് അയച്ചുകൊടുക്കുകയും അവരോട് അതില്‍ നിന്നും 3 മികച്ച പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. 2023 ജനുവരി 5 വരെയാകും ഇതിനുള്ള സമയം. അതില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ നിര്‍ദ്ദേശിച്ച പത്തു പുസ്തകങ്ങള്‍ ചുരുക്കപ്പട്ടികയാക്കി പ്രഖ്യാപിക്കും. പിന്നീട് ഇതില്‍ നിന്ന് മൂന്ന് അംഗങ്ങളുള്ള പുരസ്‌കാര നിര്‍ണ്ണയ സമിതി ഒരു പുസ്തകം തിരഞ്ഞെടുക്കും. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ എഴുത്തുകാരുടെ സാന്നിധ്യത്തില്‍ കെഎല്‍എഫിന്റെ വേദിയില്‍ വച്ച് അന്തിമ ഫലപ്രഖ്യാപനം നടക്കും.

വിവര്‍ത്തന കൃതികള്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതല്ല. വിവിധ എഴുത്തുകാര്‍ എഴുതി സമാഹരിക്കുന്ന എഡിറ്റഡ് പുസ്തകങ്ങളും തെരഞ്ഞെടുത്ത കൃതികളും പരിഗണനക്ക് പുറത്തായിരിക്കും. 2021 നവംബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 30വരെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളേ പുരസ്‌കാരത്തിന് പരിഗണിക്കുകയുള്ളൂ. പ്രസാധകര്‍ 2022 ഡിസംബര്‍ 31 ന് ഉള്ളില്‍ പുസ്തക പട്ടിക നല്‍കേണ്ടതാണ്. പുസ്തക നാമം, ഗ്രന്ഥകര്‍ത്താവിന്റെ നാമം, വിഭാഗം, പ്രസിദ്ധീകൃത വര്‍ഷം, മാസം എന്നിവ ഈ പട്ടികയില്‍ ഉണ്ടായിരിക്കണം.

കെ എല്‍ എഫ് നടക്കുന്ന ദിവസങ്ങളിലൊന്നിലായിരിക്കും പുരസ്‌കാര സമിതി യോഗം. പുരസ്‌കാര സമിതിയുടെ വിധി അന്തിമമായിരിക്കും.

അപേക്ഷകൾ അയക്കേണ്ട വിലാസം  contact@keralalitfest.com

Comments are closed.